ബാഴ്‌സലോണ: ബാഴ്‌സലോണയുമായുള്ള കാലാവധി നീട്ടിക്കൊണ്ടുള്ള കരാറില്‍ ലയണല്‍ മെസ്സി ഒപ്പു വെക്കാനൊരുങ്ങുന്നു. 2021 വരെ ബാഴ്‌സലോണക്കൊപ്പം ഉണ്ടാകുമെന്ന് താരം വ്യക്തമാക്കി. ബാഴ്‌സയുമായി ദീര്‍ഘകാലമായുള്ള ബന്ധം അവസാനിപ്പിച്ച് മെസ്സി ഈ വര്‍ഷം മറ്റേതെങ്കിലും ക്ലബ്ബില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ബാഴ്‌സക്കൊപ്പം നാലു വര്‍ഷം കൂടി ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ് താരം.
നാലു വര്‍ഷം കൂടി കഴിയുമ്പോള്‍ മെസ്സിക്ക് 34 വയസ്സ് പൂര്‍ത്തിയാകും. അര്‍ജന്റീനിയന്‍ താരം 2021 ജൂണ്‍ 30 വരെ തങ്ങളോടൊപ്പമുണ്ടാകുമെന്നും കരാര്‍ പുതുക്കുമെന്നും ബാഴ്‌സലോണ പ്രസ്താവനയിറക്കി. അടുത്തയാഴ്ചയാകും പുതുക്കിയ കരാറില്‍ മെസ്സി ഒപ്പു വെയ്ക്കുകയെന്നും ബാഴ്‌സലോണ പറഞ്ഞു. പ്രീ സീസണ്‍ ട്രെയിനിങ്ങിനായി അടുത്തയാഴ്ചയാണ് മെസ്സി ക്ലബ്ബിലെത്തുക. ക്ലബ്ബുമായുള്ള കരാര്‍ മെസ്സി പുതുക്കാനൊരുങ്ങുന്നതില്‍ സന്തോഷമുണ്ടെന്ന് ബാഴ്‌സലോണ വ്യക്തമാക്കി. ഫുഡ്‌ബോള്‍ ചരിത്രത്തിലെ തന്നെ മികച്ച കളിക്കാരിലൊരാളാണ് മെസ്സിയെന്നും ക്ലബ്ബിന് അസാധാരണമായ വിജയങ്ങള്‍ സമ്മാനിച്ച താരമാണ് മെസ്സിയെന്നും ബാഴ്‌സ പറഞ്ഞു.

12-ാം വയസ്സിലാണ് മെസ്സി ബാഴ്‌സക്കൊപ്പം ചേരുന്നത്. മെസ്സിയുടെ ഉത്തരവാദിത്വം മുഴുവന്‍ ഏറ്റെടുത്ത് താരത്തിന്റെ വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കുക കൂടി ചെയ്തു ബാഴ്‌സലോണ.