ലോക ഫുട്‌ബോളിലെ ഇതിഹാസമാണ് ലയണല്‍ മെസി. കാല്‍പന്ത് കളിയില്‍ മായാജാലം തീര്‍ത്ത് ചരിത്ര റെക്കോഡുകള്‍ വെട്ടിപ്പിടിച്ച മാന്ത്രികനാണ് മെസി. ലോകകപ്പും കോപ്പാ അമേരിക്കയും എട്ട് തവണ ബാലന്‍ദ്യോറുമടക്കം ഏതൊരു താരത്തിന്റേയും സ്വപ്‌ന നേട്ടങ്ങളെല്ലാം മെസിയുടെ മികവിനൊപ്പം നിന്നു. ബാഴ്‌സലോണയില്‍ നിന്നും പിഎസ്ജിയില്‍ നിന്നും പടിയിറങ്ങിയ മെസി നിലവില്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കൊപ്പമാണ് പന്തുതട്ടുന്നത്.
കരിയറിന്റെ അവസാന ഘട്ടത്തിലൂടെ കടന്ന് പോകുന്ന മെസിയെ ബഹുമാനിക്കുന്നവരും ആദരിക്കുന്നവരുമാണ് കൂടുതല്‍. എന്നാല്‍ ചില സൂപ്പര്‍ താരങ്ങള്‍ക്ക് മെസിയെ ഇഷ്ടമല്ല. മെസിയെ പരസ്യമായി അപമാനിച്ച് രംഗത്തെത്തിയ ചില പ്രമുഖരുണ്ട്. ഇത് ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഹ്യൂഗോ ഗാട്ടി
മുന്‍ അര്‍ജന്റീന താരമായ ഹ്യൂഗോ ഗാട്ടി മെസിയെ ഇഷ്ടമല്ലാത്ത പ്രമുഖരിലൊരാളാണ്. പരസ്യമായി പല തവണ അദ്ദേഹം മെസിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. 2020ല്‍ മെസിക്ക് നല്‍കുന്ന അധിക പ്രാധാന്യത്തെ മുന്‍ അര്‍ജന്റീന ഗോളിയായ ഗാട്ടി വിമര്‍ശിച്ചിരുന്നു. ടീമിന്റെ നേട്ടങ്ങള്‍ മെസിയുടേത് മാത്രമായി ചിത്രീകരിക്കുന്ന രീതിക്കെതിരേ ഗാട്ടി രംഗത്തെത്തുകയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇത് പറഞ്ഞാല്‍ തനിക്ക് വിമര്‍ശനം നേരിടേണ്ടി വരുമെന്ന് അറിയാമെങ്കിലും സത്യം തുറന്ന് പറയുമെന്നാണ് അദ്ദേഹം അഭിമുഖത്തിലൂടെ പ്രതികരിച്ചത്.
ലൂക്കാ മോഡ്രിച്ച്
റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ സൂപ്പര്‍ താരമായ ലൂക്കാ മോഡ്രിച്ചും മെസിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 2018ലെ ബാലന്‍ദ്യോര്‍ പുരസ്‌കാരം മോഡ്രിച്ചിനായിരുന്നു. മെസിയുടേയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടേയും ആധിപത്യം തകര്‍ത്തുകൊണ്ടായിരുന്നു മോഡ്രിച്ചിന്റെ നേട്ടം. എന്നാല്‍ അന്ന് മോഡ്രിച്ചിന്റെ നേട്ടത്തെ പലരും ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നില്ല.
ഇതിന് പിന്നാലെ നടത്തിയ പ്രതികരണങ്ങളിലാണ് മെസിയേയും റൊണാള്‍ഡോയേയും മോഡ്രിച്ച് പരിഹസിച്ചത്. മോഡ്രിച്ച് പുരസ്‌കാരം നേടിയ ബാലന്‍ദ്യോര്‍ പുരസ്‌കാര ദാന ചടങ്ങില്‍ മെസിയും റൊണാള്‍ഡോയും പങ്കെടുത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മോഡ്രിച്ചിന്റെ വിമര്‍ശനം.

ഡാനി ആല്‍വസ്
ബാഴ്‌സലോണയില്‍ മെസിക്കൊപ്പം കളിച്ചിട്ടുള്ള താരമാണ് ബ്രസീല്‍ താരമായ ഡാനി ആല്‍വസ്. പ്രതിരോധത്തിലെ മിന്നും പ്രകടനംകൊണ്ട് ആരാധക ശ്രദ്ധ പിടിച്ചുപറ്റാന്‍ ആല്‍വസിനായിരുന്നു. 2019ലെ കോപ്പാ അമേരിക്കയിലെ ബ്രസീലിന്റെ തോല്‍വിക്ക് പിന്നാലെയാണ് മെസിയെ വിമര്‍ശിച്ച് ആല്‍വസ് സംസാരിച്ചത്. സഹതാരമായിരുന്ന മെസിയെ ആല്‍വസ് മര്യാദ ഇല്ലാത്ത താരമെന്നടക്കമാണ് പരാമര്‍ശിച്ചത്. ഇതിന്റെ പേരില്‍ ആല്‍വസിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഡീഗോ മറഡോണ
അര്‍ജന്റീനയുടെ മുന്‍ ഇതിഹാസ താരമാണ് ഡീഗോ മറഡോണ. അര്‍ജന്റീനയുടെ പരിശീലകനായും പ്രവര്‍ത്തിച്ച മറഡോണ മെസിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മറഡോണക്ക് കീഴില്‍ അര്‍ജന്റീനക്ക് പ്രതീക്ഷിച്ച മികവ് കാട്ടാന്‍ സാധിച്ചിരുന്നില്ല. ഇതിന്റെ പേരിലാണ് മെസിയുടെ ക്യാപ്റ്റന്‍സിയേയും പ്രകടനത്തേയും മറഡോണ വിമര്‍ശിച്ചത്. എന്നാല്‍ അപ്പോഴും ആരാധക പിന്തുണ മെസിക്ക് ലഭിച്ചു. മറഡോണയുടെ ശൈലിക്കെതിരേ ആരാധകര്‍ രംഗത്തെത്തിയതോടെ അര്‍ജന്റീനയുടെ പരിശീലകസ്ഥാനം മറഡോണക്ക് ഒഴിയേണ്ടി വന്നിരുന്നു.
പെലെ
മുന്‍ ബ്രസീല്‍ ഇതിഹാസം പെലെയും മെസിയെ വിമര്‍ശിച്ചവരിലൊരാളാണ്. മെസി വലിയ പ്രതിഭയല്ലെന്നും തന്റെ കാലത്ത് കളിച്ചിരുന്നെങ്കില്‍ ഇന്നത്തെ പ്രശസ്തിയിലേക്ക് മെസിക്ക് എത്താന്‍ സാധിക്കില്ലായിരുന്നുവെന്നുമാണ് ബ്രസീല്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പെലെ അഭിപ്രായപ്പെട്ടത്. തന്റെ കാലത്തെ പ്രധാന താരങ്ങളുമായി താരതമ്യപ്പെടുത്താനുള്ള കഴിവ് മെസിക്കില്ലെന്നും പെലെ അഭിപ്രായപ്പെട്ടിരുന്നു.