മോസ്കോ: ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീനയ്ക്കെതിരെ ത്രസിപ്പിക്കുന്ന രണ്ടു ഗോളുകള്‍ നേടിയ കൈലിയന്‍ എംബാപ്പെ അറുപത് വര്‍ഷം പഴക്കമുള്ള പെലെയുടെ റെക്കോര്‍ഡിനൊപ്പമെത്തി. ലോകകപ്പില്‍ രണ്ടു ഗോളുകള്‍ നേടിയ കൗമാരതാരമെന്ന ബഹുമതിയാണ് എംബാപ്പെ പെലെയ്ക്കൊപ്പം പങ്കുവെച്ചത്.
1958 ലോകകപ്പ് ഫൈനലില്‍ സ്വീഡനെതിരെ പെലെ രണ്ട് ഗോളുകള്‍ നേടിയുന്നു. അന്ന് 17 വയസ് മാത്രമായിരുന്നു ഇതിഹാസതാരത്തിന്റെ പ്രായം. അതേസമയം, എംബാപ്പേയ്ക്ക് ഇപ്പോള്‍ 19 വയസ് ആയിക്കഴിഞ്ഞു. ഫ്രാന്‍സിനുവേണ്ടി പ്രധാന ടൂര്‍ണമെന്റില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞതാരമെന്ന ബഹുമതി എംബാപ്പേയ്ക്ക് ലഭിച്ചിരുന്നു. ഗ്രൂപ്പ് മത്സരത്തില്‍ പെറുവിനെതിരെ ഗോള്‍ നേടിയപ്പോഴാണ് എംബാപ്പേ ഈ ബഹുമതിക്കര്‍ഹനായത്.
വേഗംകൊണ്ട് അമ്പരിപ്പിച്ച എംബാപ്പേ അര്‍ജന്റീനയ്ക്കെതിരായ ഫ്രാന്‍സിന്റെ ജയത്തിന് മുഖ്യ പങ്കാണ് വഹിച്ചത്. ഇപ്പോഴത്തെയും ഭാവിയിലെയും താരമാണ് താനെന്നാണ് കളിക്കുശേഷം എംബാപ്പെ സ്വയം വിശേഷിപ്പിച്ചത്. പിഎസ്ജിക്കുവേണ്ടി കളിക്കുന്ന താരം നിലവില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന രണ്ടാമത്തെ ഫുട്ബോള്‍ താരം കൂടിയാണ്. പിഎസ്ജിയിലെ സഹതാരം നെയ്മര്‍ക്ക് തൊട്ടുതാഴെയാണ് എംബാപ്പേയുടെ സ്ഥാനം.