ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച പരിശീലകരെയെടുത്താല്‍ അതിലെ മുന്‍നിരക്കാരിലൊരാളായി ജോസ് മൗറീഞ്ഞോയുണ്ടാവും. കര്‍ക്കശക്കാരനും വിവാദ പുരുഷനുമാണെങ്കിലും പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ബുദ്ധി ആരെയും അമ്പരിപ്പിക്കുന്നതാണ്. കരിയറില്‍ മൗറീഞ്ഞോ പരിശീലിപ്പിച്ച ടീമുകളും നേടിക്കൊടുത്ത കിരീടങ്ങളും തന്നെ മൗറീഞ്ഞോയുടെ മികവിനെ എടുത്തുകാട്ടുന്നു. ആരും ചിന്തിക്കാത്ത വഴിയിലൂടെ സഞ്ചരിക്കുന്ന പരിശീലകനാണ് മൗറീഞ്ഞോ.
2010ല്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകനായിരുന്ന മൗറീഞ്ഞോ. ചാമ്പ്യന്‍സ് ലീഗില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരായ മത്സരത്തില്‍ റയല്‍ മാഡ്രിഡ് താരം മെസ്യൂദ് ഓസിലിനെക്കൊണ്ട് മൗറീഞ്ഞോ ഗോളടിപ്പിച്ച തന്ത്രം ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്. അന്ന് ഡോര്‍ട്ട്മുണ്ടിന്റെ പ്രതിരോധ നിര താരമായിരുന്ന മാഴ്‌സല്‍ സ്‌കിമില്‍സറാണ് മൗറീഞ്ഞോ തന്നെ ഉപയോഗിച്ച് ഓസിലിനെക്കൊണ്ട് ഗോളടിപ്പിച്ച തന്ത്രം വെളിപ്പെടുത്തിയത്.
ത്രോ ബോളെറിയാന്‍ ചെന്നപ്പോള്‍ മൗറീഞ്ഞോ എന്റെ അടുത്തേക്ക് വന്നു. അപ്രതീക്ഷിതമായി അദ്ദേഹം എന്നോട് പറഞ്ഞു ഓസിലിനടുത്തേക്ക് പോയി മുന്നോട്ട് വേഗത്തില്‍ ഓടാന്‍ പറയാന്‍. ഞാന്‍ അമ്പരന്ന് പോയി. ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. ഞാന്‍ ഓസിലിന്റെ അടുത്തേക്ക് പോയി അദ്ദേഹം പറഞ്ഞ സന്ദേശം കൈമാറി. മൗറീഞ്ഞോയുടെ തന്ത്രം ഓസില്‍ മനസിലാക്കിയതുപോലെ നോക്കി. പദ്ധതി മനസിലായി എന്ന സിഗ്നല്‍ നല്‍കി.
രസകരമായ കാര്യമെന്തെന്നാല്‍ 10 മിനുട്ടിനുള്ളില്‍ ഓസില്‍ ഗോള്‍ നേടിയെന്നതാണ്'- മാഴ്‌സല്‍ പറഞ്ഞു. ആരും ചെയ്യാത്ത തന്ത്രമാണ് മൗറീഞ്ഞോ പയറ്റിയത്. എതിര്‍ താരത്തെക്കൊണ്ട് തന്റെ താരത്തിന് സന്ദേശം കൈമാറിയ മൗറിഞ്ഞോ നേരത്തെ തയ്യാറാക്കിയ പദ്ധതി പുറത്തെടുക്കാന്‍ ഓസിലിനെ ഓര്‍മിപ്പിക്കുകയാണ് ചെയ്തത്. പരിശീലകന്റെ രഹസ്യ കോഡ് മനസിലാക്കിയ വളരെ കൃത്യമായി ഈ പദ്ധതി നടപ്പിലാക്കുകയും ഗോള്‍ നേടുകയും ചെയ്തു.

അധികമാരും ധൈര്യപ്പെടാത്ത വ്യത്യസ്തമായ വഴിയിലൂടെയാണ് മൗറീഞ്ഞോ തന്റെ തന്ത്രങ്ങള്‍ കളത്തില്‍ നടപ്പിലാക്കുന്നതെന്ന് പറയാം. 2002ല്‍ പോര്‍ട്ടോയുടെ പരിശീലകനായതോടെയാണ് മൗറീഞ്ഞോ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. പിന്നീട് ചെല്‍സിയിലേക്കെത്തിയ മൗറീഞ്ഞോ ഇന്റര്‍ മിലാനെയും പരിശീലിപ്പിച്ചു. 2010ലാണ് സ്പാനിഷ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന്റെ പരിശീലകസ്ഥാനത്തേക്കെത്തുന്നത്. 2013വരെ മാഡ്രിഡ് പരിശീലകനായി അദ്ദേഹം തുടര്‍ന്നു.
വീണ്ടും ചെല്‍സിയുടെ പരിശീലക സ്ഥാനത്തേക്കെത്തിയ താരം 2016ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായി. രണ്ട് വര്‍ഷത്തിന് ശേഷം ടോട്ടനത്തിന്റെ കോച്ചായ മൗറീഞ്ഞോ നിലവില്‍ റോമയുടെ പരിശീലകനാണ്. ചെല്‍സിയെ മൂന്ന് തവണ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്കെത്തിക്കാന്‍ മൗറീഞ്ഞോയ്ക്കായി. ഇന്റര്‍ മിലാനെ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരുമാക്കി. റയല്‍ മാഡ്രിഡിനൊപ്പം ഒരു ലീഗ് കിരീടമാണ് അദ്ദേഹം നേടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം പ്രീമിയര്‍ ലീഗ് കിരീടം നേടാന്‍ അദ്ദേഹത്തിനായില്ല.
എന്നാല്‍ ലീഗ് കപ്പും കമ്മ്യൂണിറ്റി ഷീല്‍ഡും യൂറോപ്പ ലീഗും നേടി. വിട്ടുവീഴ്ചയില്ലാത്ത പരിശീലകനായതിനാല്‍ പല വിവാദങ്ങളും അദ്ദേഹത്തിന്റെ കരിയറിലുണ്ടായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി മൗറീഞ്ഞോ ഉടക്കി പിരിയുകയായിരുന്നു. പരിശീലകരിലെ വില്ലന്മാരിലൊരാളാണ് മൗറീഞ്ഞോയെന്ന് പറയാം. ഇപ്പോഴും ഫുട്‌ബോള്‍ ലോകത്ത് തന്റേതായ സ്ഥാനമുള്ള പരിശീലകനാണ് മൗറീഞ്ഞോ. വീണ്ടും വലിയൊരു ക്ലബ്ബിലേക്ക് അദ്ദേഹത്തിന് തിരിച്ചെത്താനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.