ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ചാമ്പ്യന്മാര് ആരെന്നത് നേരത്തെ തന്നെ തീരുമാനമായിരുന്നു. പ്രമീയര്‍ ലീഗില്‍ തങ്ങളെ വെല്ലാന്‍ ശക്തരായ എതിരാളികള്‍പോലും ഇല്ലെന്ന് തെളിയിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍ പട്ടത്തിനൊരുങ്ങുന്നത്.
എന്നാല്‍, പ്രീമീയര്‍ ലീഗിനേക്കാള്‍ ചാമ്പ്യന്‍സ് ലീഗ് ആണ് തങ്ങളുടെ ലക്ഷ്യമെന്ന് സിറ്റി കോച്ച് പെപ് ഗാര്‍ഡിയോള വ്യക്തമാക്കുന്നു. സീസണില്‍ പ്രീമിയര്‍ ലീഗിലെ ഏക തോല്‍വി നേരിട്ട ലിവര്‍പൂളുമായാണ് ചാമ്പ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ എന്നത് ഗാര്‍ഡിയോളയെ ആശങ്കയിലാക്കുന്നുണ്ട്.
ബുധനാഴ്ച ആന്‍ഫീല്‍ഡില്‍ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ പാദ ക്വാര്‍ട്ടറില്‍ ലിവര്‍പൂളിനെ നേരിടുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഗാര്‍ഡിയോളയുടെ മനസിലില്ല. ക്വാര്‍ട്ടറില്‍ ലിവര്‍പൂളിനെതിരെ തോറ്റ് പുറത്തായാല്‍ ഈ സീസണില്‍ സ്വപ്നസമാനമായ കുതിപ്പ് നടത്തി സിറ്റിക്ക് വലിയ തിരിച്ചടിയാകും അത്.
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിച്ച് കപ്പ് സ്വന്തമാക്കുന്ന മുഹൂര്‍ത്തത്തിനുവേണ്ടി കാത്തിരിക്കുകയാണെന്ന് ഗാര്‍ഡിയോള പറയുന്നു. താനൊരു ബാഴ്സലോണ ആരാധകനാണ്. അതുകൊണ്ടുതന്നെ റയല്‍ മാഡ്രിഡ് എതിരാളികളായി വന്നാല്‍ തോല്‍പ്പിക്കാന്‍ ആഗ്രഹമുണ്ട്. ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്ന്മാരാകുകയെന്നതിലാണ് ഇപ്പോള്‍ പ്രാധാന്യമെന്നും പെപ് പറഞ്ഞു.