ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് തുടര്‍ച്ചയായ രണ്ടാംവര്‍ഷവും നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് യുവേഫ. അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ കളിക്കാന്‍ സിറ്റിക്ക് കഴിഞ്ഞേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. വിലക്ക് ലഭിക്കാതിരിക്കാന്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടും ക്ലബ്ബ് പ്രതികരിക്കാതിരുന്നതോടെ കടുത്ത അച്ചടക്ക നടപടിക്കാണ് ശുപാര്‍ശ.
സാമ്പത്തിക അച്ചടക്കം ലംഘിച്ച സിറ്റിക്കെതിരെ നടപടിയെടുക്കണമെന്ന് യൂറോപ്യന്‍ ഫുട്ബോള്‍ ഫൈനാഷ്യല്‍ റെഗുലേറ്റര്‍ കമ്മറ്റി ശുപാര്‍ശ ചെയ്തു. ജര്‍മന്‍ മാഗസിനായ ദെര്‍ സ്പൈജെല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യുവേഫയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും സിറ്റിക്കെതിരെ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ സിറ്റി സാമ്പത്തിക നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.
ഇതേതുടര്‍ന്ന് സിറ്റിക്ക് കുറഞ്ഞപക്ഷം ഒരു സീസണില്‍ വിലക്ക് നല്‍കണമെന്നാണ് കമ്മറ്റിയുടെ ശുപാര്‍ശ. സംഭവത്തില്‍ സിറ്റി അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പലവട്ടം നോട്ടീസ് നല്‍കിയിട്ടും ക്ലബ്ബ് ഉടമ ഷേക്ക് മന്‍സൂര്‍ പ്രതികരിക്കാത്തത് ഗുരുതരമായ അച്ചടക്ക ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, സിറ്റി ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
ധോണിയുടെ തന്ത്രങ്ങള്‍ തെറ്റാറുണ്ടെന്ന് കുല്‍ദീപ് യാദവ്; പക്ഷെ മിണ്ടാന്‍ പറ്റില്ല
അടുത്തദിവസം തന്നെ സൂറിച്ചില്‍ നടക്കാനിരിക്കുന്ന യുവേഫയുടെ യോഗം സിറ്റിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഈ സീസണിലോ അടുത്ത സീസണിലോ വിലക്ക് വരാനാണ് സാധ്യത. ഈ സീസണിലാണെങ്കില്‍ തീരുമാനം ഉടന്‍ പ്രഖ്യാപിക്കും. വിലക്ക് പ്രഖ്യാപിച്ചാല്‍ ആര്ബിട്രേഷന് കോര്‍ട്ടില്‍ അപ്പീല്‍ നല്കാന് സിറ്റിക്ക് കഴിയും.