ലണ്ടന്‍: ആവേശം അലതല്ലിയ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബാഴ്‌സയോട് കണക്ക് തീര്‍ത്തു. ഹോംഗ്രൗണ്ടില്‍ 3-1ന് ജയം.
ഈ മാസം 23ന് ബൊറുസിയ മോന്‍ഷെന്‍ഗ്ലാഡ്ബാചിനെതിരായ ഗ്രൂപ്പ് മത്സരം ജയിച്ചാല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാം. ഗ്രൂപ്പ് സിയില്‍ നാല് മത്സരങ്ങളില്‍ ഒമ്പത്‌പോയിന്റുമായി ബാഴ്‌സ ഒന്നാമതും ഏഴ് പോയിന്റുമായി സിറ്റി രണ്ടാം സ്ഥാനത്തും.

ഗ്രൂപ്പ് എയില്‍ നിന്ന് ആഴ്‌സണലും പി എസ് ജിയും വിജയത്തോടെ നോക്കൗട്ട് റൗണ്ടിലെത്തിയപ്പോള്‍ ഗ്രൂപ്പ് ഡിയില്‍ നിന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് ബയേണ്‍ മ്യൂണിക് എന്നിവരും പ്രീക്വാര്‍ട്ടര്‍ ലൈനപ്പില്‍ ഇടം പിടിച്ചു.
ലയണല്‍ മെസിയിലൂടെ ഇരുപത്തൊന്നാം മിനുട്ടില്‍ മുന്നിലെത്തിയ ബാഴ്‌സയെ മുപ്പത്തൊമ്പതാം മിനുട്ടില്‍ ഗുന്‍ഡോഗന്‍ നേടിയ ഗോളിന് സിറ്റി സമനില പിടിച്ചു. ഇംഗ്ലീഷ് ക്ലബ്ബിന് മാത്രം അവകാശപ്പെട്ട രണ്ടാം പകുതിയില്‍ ഡി ബ്രൂയിന്റെ ഫ്രീകിക്ക് ഗോളില്‍ ബാഴ്‌സ അമ്പത്തൊന്നാം മിനുട്ടില്‍ ലീഡെടുത്തു (2-1). എഴുപത്തിനാലാം മിനുട്ടില്‍ ഗുന്‍ഡോഗന്റെ രണ്ടാം ഗോളില്‍ വിജയം ആധികാരികമാക്കി (3-1). ബാഴ്‌സക്കെതിരെ യൂറോപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആദ്യ ജയം എന്ന ചരിത്രപ്രാധാന്യവും ഈ മത്സരത്തിന് കൈവന്നു .
ബാഴ്‌സലോണയുടെ തട്ടകത്തില്‍ നടന്ന ആദ്യ പാദം 4-0ന് തോറ്റ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ശക്തമായ തിരിച്ചുവരവായിരുന്നു രണ്ടാം പാദത്തില്‍ കണ്ടത്.
ലയണല്‍ മെസി തൊണ്ണൂറാമത്തെ ചാമ്പ്യന്‍സ് ലീഗ് ഗോള്‍ കണ്ടെത്തി. കൗണ്ടര്‍ അറ്റാക്കിംഗിലൂടെയായിരുന്നു ഇത്. ആദ്യപകുതിയില്‍ റഹീം സ്റ്റെര്‍ലിംഗിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ബാഴ്‌സക്കെതിരായി പെനാല്‍റ്റി വിധിക്കേണ്ടതായിരുന്നു. എന്നാല്‍, സ്റ്റെര്‍ലിംഗ് ഡൈവ് ചെയ്‌തെന്ന് കാണിച്ച് കാര്‍ഡെടുക്കുന്ന റഫറിയെയാണ് കണ്ടത്. മിഡ്ഫീല്‍ഡില്‍ ഇനിയെസ്റ്റയും ഡിഫന്‍സില്‍ പീക്വെയും ഇല്ലാഞ്ഞത് ബാഴ്‌സയുടെപ്രകടനത്തില്‍ നിഴലിച്ചു. ആദ്യപകുതിയില്‍ മാത്രമായിരുന്നു ബാഴ്‌സയെ കണ്ടത്. രണ്ടാം പകുതിയില്‍ ഒരു ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചത് ഒഴിച്ചാല്‍ ബാഴ്‌സ ചിത്രത്തിലില്ലായിരുന്നു. പെപ് ഗോര്‍ഡിയോള തന്റെ പരിശീലക മികവ് പ്രദര്‍ശിപ്പിച്ച മത്സരത്തില്‍ സിറ്റി രണ്ടാം പകുതിയില്‍ ഡസനിലേറെ അറ്റാക്കിംഗ് കാഴ്ചവെച്ചു. പലതും തലനാരിഴക്ക് ഗോളാകാതെ പോവുകയായിരുന്നു. ഗുന്‍ഡോഗന്റെ രണ്ടാം ഗോള്‍ വിവാദമാണ്. അഗ്യുറോയുടെ കൈയ്യില്‍ തട്ടിയതിന് ശേഷമാണ് പന്ത് ഗുന്‍ഡോഗന് ഗോളവസരം തുറന്നത്. ബാഴ്‌സക്കാര്‍ അപ്പീല്‍ ചെയ്‌തെങ്കിലും ഫലമില്ലായിരുന്നു.
ഗ്രൂപ്പ് എയില്‍ ലുഡോഗോറെറ്റ്‌സിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിറകില്‍ നിന്ന ശേഷം ആഴ്‌സണല്‍ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് ജയിച്ചു. പത്ത് പോയിന്റുമായി ആഴ്‌സണലും പി എസ് ജിയും ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു.
അത്‌ലറ്റിക്കോ മാഡ്രിഡിനായി അന്റോയിന്‍ ഗ്രിസ്മാന്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ബയേണ്‍ മ്യൂണിക്കിന് വേണ്ടി ലെവന്‍ഡോസ്‌കിയും ഡബിള്‍ നേടി.
ഗോള്‍ നില
ബെസിക്താസ് 1-1 നാപോളി
ബാസല്‍ 1-2 പി എസ് ജി
ലുഡോഗോറെറ്റ്‌സ് 2-3 ആഴ്‌സണല്‍
ബെന്‍ഫിക്ക 1-0 ഡിനാമോ കീവ്
മോന്‍ഷെന്‍ഗ്ലാഡ്ബാച് 1-1 സെല്‍റ്റിക്
മാഞ്ചസ്റ്റര്‍ സിറ്റി 3-1 ബാഴസലോണ
അത്‌ലറ്റിക്കോ മാഡ്രിഡ് 2-1 എഫ് സി റുസ്‌തോവ്
പിഎസ്‌വി ഐന്തോവന്‍ 1-2 ബയേണ്‍ മ്യൂണിക്