ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. 22ാം റൗണ്ട് മല്‍സരത്തില്‍ സിറ്റി 3-0ന് വോള്‍വ്‌സിനെ തകര്‍ക്കുകയായിരുന്നു. ഇരട്ട ഗോള്‍ നേടിയ ഗാബ്രിയേല്‍ ജീസസാണ് സിറ്റിയുടെ ഹീറോ.
മല്‍സരത്തിലെ 10, 39 മിനിറ്റുകളിലാണ് ജീസസ് സിറ്റിക്കു വേണ്ടി വലക്കുലുക്കിയത് 78ാം മിനിറ്റില്‍ വോള്‍വ്‌സ് ഡിഫന്‍ഡര്‍ കോനോര്‍ കോഡിയുടെ സെല്‍ഫ് ഗോളാണ് സിറ്റിയുടെ ഗോള്‍ പട്ടികയിലെ മൂന്നാം ഗോള്‍. 19ാം മിനിറ്റില്‍ വില്ലി ബോലി ചുവപ്പ് കാര്‍ഡ് കണ്ട് കളംവിട്ടത് വോള്‍വ്‌സിന്റെ തിരിച്ചടിയുടെ ആഘാതം വര്‍ധിപ്പിച്ചു.

വിജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളുമായുള്ള പോയിന്റ് അകലം നാലാക്കി കുറയ്ക്കാനും സിറ്റിക്കായി. 22 മല്‍സരങ്ങളില്‍ നിന്ന് 57 പോയിന്റോടെയാണ് ലിവര്‍പൂള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 53 പോയിന്റാണ് സിറ്റിക്കുള്ളത്. അതേസമയം, സ്പാനിഷ് ലീഗില്‍ റയല്‍ സോസിഡാഡ് 3-2ന് എസ്പാന്യോളിനെ തകര്‍ത്ത് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് മുന്നേറി. ഇരട്ട ഗോള്‍ നേടിയ വില്ല്യന്‍ ജോസാണ് സോസിഡാഡിന്റെ വിജയശില്‍പ്പി.