
എത്തിഹാദ് സ്‌റ്റേഡിയത്തില്‍ എട്ട് ഗോളുകള്‍...
എട്ട് ഗോളുകള്‍ പിറന്ന മാഞ്ചസ്റ്റര്‍ സിറ്റി - മൊണാക്കോ പോരില്‍ ആദ്യം ഗോളടിച്ചത് സിറ്റിയാണ്. ഇരുപത്താറാം മിനുട്ടില്‍ റഹീം സ്റ്റെര്‍ലിംഗാണ് ലീഡ് ഗോള്‍ നേടിയത്. മുപ്പത്തിരണ്ടാം മിനുട്ടില്‍ റഡാമെല്‍ ഫാല്‍കോയിലൂടെ മൊണാക്കോ 1-1. നാല്‍പതാം മിനുട്ടില്‍ എംബാപ്പെയിലൂടെ 1-2 ന് മൊണാക്കോ മുന്നില്‍. സെര്‍ജിയോ അഗ്യുറോയിലൂടെ സിറ്റി തിരിച്ചടിച്ചു 2-2, സമാസമം. അറുപത്തൊന്നാം മിനുട്ടില്‍ ഫല്‍കോയിലൂടെ 2-3ന് മൊണാക്കോ വീണ്ടും മുന്നില്‍. എഴുപത്തൊന്നാം മിനുട്ടില്‍ അഗ്യുറോ വീണ്ടും സിറ്റിക്ക് സമനില നേടിക്കൊടുത്തു, 3-3. എഴുപത്തേഴാം മിനുട്ടില്‍ ജോണ്‍ സ്‌റ്റോണ്‍സിലൂടെ സിറ്റി 4-3ന് ലീഡെടുത്തു. എണ്‍പത്തിരണ്ടാം മിനുട്ടില്‍ ലെറോയ് സാനെയിലൂടെ 5-3ന് സിറ്റി ജയം ആധികാരികമാക്കി.

മാന്‍ ഓഫ് ദ മാച്ച് ലെറോയ് സാനെ..
യുവതാരം ലെറോയ് സാനെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ രക്ഷകന്‍. മത്സരത്തിലെ കേമന്‍ പട്ടവും ഈ താരത്തിന് സ്വന്തം. ഒരുഗോള്‍ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത സാനെ കളം നിറഞ്ഞു കളിച്ചു.

അത്‌ലറ്റിക്കോക്ക് നാല് എവേ ഗോളുകള്‍...
ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ഇനിയെന്ത് വേണം. ബയെര്‍ലെവര്‍കൂസന്റെ വലയില്‍ നാല് എവേ ഗോളുകളാണ് ഡിയഗോ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡ് നിക്ഷേപിച്ചിരിക്കുന്നത്. സോള്‍ നിഗ്വെസ് (17), അന്റോയിന്‍ ഗ്രിസ്മാന്‍ (25), ഗമെയ്‌റോ (58 പെനാല്‍റ്റി), ഫെര്‍നാണ്ടോ ടോറസ് (86) എന്നിവരാണ് മാഡ്രിഡ് ക്ലബ്ബിനായി സ്‌കോര്‍ ചെയ്തത്. ബെല്ലാറബിയാണ് ലെവര്‍കൂസന്റെ ഏക സ്‌കോറര്‍. രണ്ടാം ഗോള്‍ സാവിചിന്റെ സെല്‍ഫ് ഗോളായിരുന്നു.

മാന്‍ ഓപ് ദ മാച്ച് കെവിന്‍ ഗമെയ്‌റോ...
അഞ്ച് മിനുട്ടിനിടെ ഹാട്രിക്ക് നേടി കഴിഞ്ഞാഴ്ചയില്‍ സ്പാനിഷ് ലാ ലിഗയില്‍ റെക്കോര്‍ഡിട്ട കെവിന്‍ ഗമെയ്‌റോ ആയിരുന്നു ജര്‍മനിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ കഠിനാധ്വാനി. ഗ്രിസ്മാന് തളികയിലെന്നോണം ഗോളൊരുക്കിയ ഗമെയ്‌റോ സ്‌പോട് കിക്കിലൂടെ ഒരു ഗോള്‍ നേടുകയും ചെയ്തു.

ഗോള്‍ നില
മാഞ്ചസ്റ്റര്‍ സിറ്റി 5-3 മൊണാക്കോ
ബയെര്‍ ലെവര്‍കുസന്‍ 2-4 അത്‌ലറ്റിക്കോ മാഡ്രിഡ്


Click it and Unblock the Notifications














