
ധാക്ക: സാഫ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഇന്ത്യക്കു ഞെട്ടിക്കുന്ന തോല്‍വി. കിരീട ഫേവറിറ്റുകളായിരുന്ന ഇന്ത്യയെ മാലദ്വീപ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു അട്ടിമറിക്കുകയായിരുന്നു. ഇരുപകുതികളിലുമായി ഇബ്രാഹിം മഹുദി ഹുസൈന്‍ (19ാം മിനിറ്റ്), അലി ഫസീര്‍ (66) എന്നിവരുടെ ഗോളുകളാണ് മാലദ്വീപിന് അപ്രതീക്ഷിത ജയം സമ്മാനിച്ചത്. ഇഞ്ചുറിടൈമില്‍ സുമീത് പാസ്സി ഇന്ത്യയുടെ ഗോള്‍ മടക്കിയെങ്കിലും അപ്പോഴേക്കും മല്‍സരം കൈവിട്ടു പോയിരുന്നു. 2008നു ശേഷമുള്ള ആദ്യത്തെ സാഫ് കിരീടമാണ് മാലദ്വീപ് സ്വന്തമാക്കിയത്.2008ലും ഇന്ത്യയെയാണ് ഫൈനലില്‍ മാലദ്വീപ് വീഴ്ത്തിയത്. ഇത് നാലാം തവണയാണ് ഫൈനലില്‍ ഇരു ടീമും മുഖാമുഖം ഏറ്റുമുട്ടിയത്. രണ്ട് വീതം വിജയങ്ങളാണ് ഫൈനലില്‍ ഇന്ത്യയും മാലദ്വീപും സ്വന്തമാക്കിയത്.
ഗ്രൂപ്പ്ഘട്ടത്തിലേറ്റ തോല്‍വിക്ക് മാലദ്വീപിന്റെ പ്രതികാര വീട്ടല്‍ കൂടിയായിരുന്നു ഇത്. ഗ്രൂപ്പ്ഘട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യ മാലദ്വീപിനെ പരാജയപ്പെടുത്തിയത്. ഇന്ത്യന്‍ പ്രതിരോധനിരയുടെയും ഗോള്‍കീപ്പറുടെയും വീഴ്ചയാണ് മല്‍സരഫലം മാലദ്വീപിന് അനുകൂലമാക്കി മാറ്റിയത്. കളിയുടെ 19ാം മിനിറ്റില്‍ ലഭിച്ച ത്രൂ ബോള്‍ പാസ് ഹുസൈന്‍ ഇന്ത്യന്‍ പ്രതിരോധനിരയെയും ഗോള്‍കീപ്പറെയും കബളിപ്പിച്ച് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
പിന്നീട് രണ്ട് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഇന്ത്യക്ക് ലക്ഷ്യം കാണാനായില്ല. 31ാം മിനിറ്റില്‍ സുഭാശിഷ് ബോസിന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍ മാലദ്വീപ് ഗോളി സേവ് ചെയ്തു. തൊട്ടുപിന്നാലെ മാനവീര്‍ സിങ് ഷോട്ടുതീര്‍ത്തെങ്കിലും പന്ത് ബോക്‌സിന് പുറത്തേക്ക് പോയി. ഇന്ത്യയുടെ തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കി 66ാം മിനിറ്റില്‍ ഫസീര്‍ മാലദ്വീപിന്റെ രണ്ടാം ഗോളും നിറയൊഴിച്ചു. ഇന്ത്യന്‍ പ്രതിരോധനിരയുടെയും ഗോള്‍കീപ്പറിന്റെയും നിരാശജനകമായ പ്രകടനമാണ് മാലദ്വീപിന്റെ രണ്ടാം ഗോളിലും കലാശിച്ചത്. കളിതീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ പാസ്സി ഇന്ത്യയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയെങ്കിലും മല്‍സരം മാലദ്വീപ് പിടിച്ചടക്കിയിരുന്നു. തനിക്ക് ലഭിച്ച മികച്ചൊരു പാസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ പാസ്സി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.