ചെകുത്താന്‍മാര്‍ രക്ഷപ്പെട്ടു... ലിവര്‍പൂളും ടോട്ടനവും ഫൈവ് സ്റ്റാര്‍, ചെല്‍സിയും മിന്നി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ നിലവിലെ ജേതാക്കളായ ചെല്‍സിക്കും ലിവര്‍പൂളിനും ടോട്ടനം ഹോട്‌സ്പറിനും ഉജ്ജ്വല ജയം. എന്നാല്‍ മുന്‍ ചാംപ്യന്‍മാരും പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരുമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനിലയുമായി രക്ഷപ്പെട്ടു. ബേണ്‍ലിക്കെതിരായ കളിയില്‍ തോല്‍വിക്കരികില്‍ നിന്നാണ് ഇഞ്ചുറിടൈമില്‍ നേടിയ ഗോളില്‍ ഡെവിള്‍സ് തടിതപ്പിയത്.
ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ സ്വാന്‍സി സിറ്റിക്കെതിരേ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ മുക്കിയത്. ടോട്ടനവും മോശമാക്കിയില്ല. സതാംപ്റ്റനെയാണ് രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കു സ്പര്‍സ് നാണംകെടുത്തിയത്.

രക്ഷകനായി ലിന്‍ഗാര്‍ഡ്
ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ബേണ്‍ലിയുമായാണ് യുനൈറ്റഡ് 2-2ന്റെ സമനില വഴങ്ങിയത്. ഒരു ഘട്ടത്തില്‍ 0-2ന്റെ നാണംകെട്ട തോല്‍വി മുന്നില്‍ കണ്ട ആതിഥേയര്‍ രണ്ടാംപകുതിയില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് മാനംകാക്കുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയ ജെസ്സി ലിന്‍ഗാര്‍ഡാണ് യുനൈറ്റഡിനെ അപ്രതീക്ഷിത തോല്‍വിയില്‍ നിന്നും രക്ഷിച്ചത്.
മൂന്നാം മിനിറ്റില്‍ ആഷ്‌ലി ബേണ്‍സും 36ാം മിനിറ്റില്‍ സ്റ്റീവന്‍ ഡെഫോറും നേടിയ ഗോളുകള്‍ യുനൈറ്റഡിനെ ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്തു. രണ്ടാംപകുതിയില്‍ പകരക്കാരനായി എത്തിയ ലിന്‍ഗാര്‍ഡ് 53ാം മിനിറ്റില്‍ മനോഹരമായ ബാക്ക് ഹീല്‍ ഗോളിലൂടെ യുനൈറ്റഡിന്റെ ആദ്യഗോള്‍ മടക്കി.
ഇഞ്ചുറിടൈമില്‍ ഫ്രീകിക്കിനൊടുവില്‍ ബോക്‌സിനുള്ളില്‍ നിന്നും ലിന്‍ഗാര്‍ഡ് തൊടുത്ത കരുത്തുറ്റ ഷോട്ട് ഗോളിയെ കാഴ്ചക്കാരനാക്കി വലയില്‍ തറച്ചതോടെ യുനൈറ്റഡ് അവിസ്മരണീയ സമനില കൈക്കലാക്കി.

രണ്ടാംപകുതിയില്‍ ജയം പിടിച്ച് ബ്ലൂസ്
ലീഗിലെ അരങ്ങേറ്റക്കാരായ ബ്രൈറ്റണിനെ ചെല്‍സി 2-0ന് തുരത്തുകയായിരുന്നു. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മല്‍സരത്തില്‍ ബ്ലൂസിന്റെ രണ്ടു ഗോളും രണ്ടാം പകുതിയിലായിരുന്നു.
46ാം മിനിറ്റില്‍ സ്പാനിഷ് സ്‌ട്രൈക്കര്‍ അല്‍വാറോ മൊറാറ്റയാണ് ചെല്‍സിയുടെ അക്കൗണ്ട് തുറന്നത്. 60ാം മിനിറ്റില്‍ മറ്റൊരു സ്പാനിഷ് താരം മാര്‍കോസ് അലോന്‍സോയുടെ ഗോളില്‍ ചെല്‍സി വിജയമുറപ്പിക്കുകയും ചെയ്തു.
ഈ വിജയത്തോടെ പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായ യുനൈറ്റഡുമായുള്ള അകലം ചെല്‍സി ഒരു പോയിന്റാക്കി കുറച്ചു.

ബ്രസീലിയന്‍ കരുത്തില്‍ റെഡ്‌സ്
ബ്രസീലിയന്‍ കരുത്തിലാണ് സ്വാന്‍സിക്കെതിരേ ലിവര്‍പൂള്‍ ആധികാരിക വിജയം കൊയ്തത്. റെഡ്‌സ് നേടിയ അഞ്ചു ഗോളുകളില്‍ മൂന്നും ബ്രസീലിയന്‍ താരങ്ങളുടെ വകയായിരുന്നു. ഇരട്ടഗോളോടെ റോബര്‍ട്ടോ ഫിര്‍മിനോ ലിവര്‍പൂളിന്റെ ഹീറോയായപ്പോള്‍ സൂപ്പര്‍ താരം ഫിലിപ്പെ കോട്ടീഞ്ഞോയും ഒരു തവണ ലക്ഷ്യം കണ്ടു. ലിവര്‍പൂള്‍ ജഴ്‌സിയില്‍ കോട്ടീഞ്ഞോയുടെ 200ാം മല്‍സരമായിരുന്നു ഇത്. ടീമിന്റെ ആദ്യ ഗോള്‍ നേടുന്നതിനൊപ്പം രണ്ടാം ഗോളിനു വഴിയൊരുക്കുകയും ചെയ്ത പ്ലേമേക്കര്‍ തന്റെ 200ാം മല്‍സരം അവിസ്മരണീയമാക്കുകയും ചെയ്തു.
യുവതാരം ട്രെന്റ് ആര്‍നോള്‍ഡും അലെക്‌സ് ഒക്‌സാല്‍ഡെ ചാംപര്‍ലെയ്‌നുമാണ് മറ്റു സ്‌കോറര്‍മാര്‍.

കെയ്ന്‍ കെയ്ന്‍ കം എഗെയ്ന്‍...
സൂപ്പര്‍ താരം ഗരെത് ബേലിനു ശേഷം ടോട്ടനത്തിന്റെ മറ്റൊരു തകര്‍പ്പന്‍ കണ്ടെത്തലായി മാറിയ ഹാരി കെയ്‌നിന്റെ തകര്‍പ്പന്‍ ഹാട്രിക്കാണ് സതാംപ്റ്റനെതിരേ ടോട്ടനത്തിനു 5-2ന്റെ മിന്നുന്ന വിജയം സമ്മാനിച്ചത്.
22, 39, 67 മിനിറ്റുകളിലായിരുന്നു കെയ്‌നിന്റെ ഹാട്രിക് പ്രകടനം. ഡെലെ അലിയും സണ്‍ ഹ്യുങ് മിന്നും ഓരോ തവണ ആഘോഷത്തില്‍ പങ്കാളികളായി. സതാംപ്റ്റന്റെ തോല്‍വിയുടെ ആഘാതം കുറച്ച് സോഫിയന്‍ ബോഫലും ഡ്യുസാന്‍ ടാഡിച്ചുമാണ് ഗോളുകള്‍ മടക്കിയത്.

സമനിലക്കളി
ലീഗിലെ നാലു മല്‍സരങ്ങളാണ് സമനിലയില്‍ കലാശിച്ചത്. ഇതില്‍ വെസ്റ്റ്ഹാം- ബോണ്‍മൗത്ത മല്‍സരമായിരുന്നു കൂടുതല്‍ ആവേശകരം. ആറു ഗോളുകള്‍ പിറന്ന കളിയില്‍ ഇരുടീമും മൂന്നു ഗോള്‍ വീതം നേടി പോയിന്റ് പങ്കിടുകയായിരുന്നു.
സ്‌റ്റോക്ക് സിറ്റി ഹഡേഴ്‌സ്ഫീല്‍ഡുമായി 1-1ന്റെ സമനില വഴങ്ങിയപ്പോള്‍ എവര്‍ട്ടന്‍ വെസ്റ്റ്‌ബ്രോമുമായി ഗോള്‍രഹിതമായി പിരിഞ്ഞു. മറ്റൊരു കളിയില്‍ വാട്‌ഫോര്‍ഡ് 2-1ന് ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications