ബാഴ്‌സലോണ: ബാഴ്‌സലോണയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സിയെ എക്കാലത്തെയും മികച്ച ചാമ്പ്യന്‍സ് ലീഗ് താരമായി തെരഞ്ഞെടുത്തു. യുവേഫാ ചാമ്പ്യന്‍സ് ലീഗിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരില്‍ ഒരാളായ മാസ്റ്റര്‍ കാര്‍ഡാണ് യൂറോപ്പില്‍ നടത്തിയ പോളിങില്‍ മെസ്സിയെ അപൂര്‍വ ബഹുമതിക്കായി തെരഞ്ഞെടുത്തത്.
മെസ്സി ഒന്നാമതെത്തിയപ്പോള്‍ സിനദിന്‍ സിദാന്‍ രണ്ടാം സ്ഥാനത്തും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മൂന്നാംസ്ഥാനത്തുമെത്തി. മെസ്സിക്ക് 27 ശതമാനം വോട്ടു ലഭിച്ചു. സിദാന് 12 ശതമാനവും റൊണാള്‍ഡോയ്ക്ക് 11 ശതമാനവുമാണ് വോട്ട്. നാലാം സ്ഥാനത്തെത്തിയ റൊണാള്‍ഡൊ നസാരിയോ ഡെ ലിമയ്ക്ക് ഏഴ് ശതമാനം വോട്ടും പിന്നിലുള്ള ഡേവിഡ് ബെക്കാമിന് നാല് ശതമാനം വോട്ടുകളും ലഭിച്ചു.

യുകെ, ജര്‍മ്മനി, സ്‌പെയിന്‍, ഹോളണ്ട്, ഇറ്റലി, ടര്‍ക്കി, റഷ്യ, ഹങ്കറി എന്നീ രാജ്യങ്ങളില്‍ നിന്നാണ് മെസ്സിക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. സിദാനും റൊണാള്‍ഡോയ്ക്കും മാതൃരാജ്യങ്ങളായ യഥാക്രമം ഫ്രാന്‍സില്‍ നിന്നും പോര്‍ച്ചുഗലില്‍ നിന്നുമാണ് വോട്ടുകള്‍ ലഭിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ മെസ്സി 2015 ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ഇറങ്ങാനൊരുങ്ങുന്നതിന് തൊട്ടു മുന്‍പാണ് അവാര്‍ഡ് പ്രഖ്യാപനമുണ്ടായിരിക്കുന്നത്.
നാലുതവണ ലോക ഫുട്‌ബോളറായ മെസ്സി ബൂട്ടഴിക്കുമ്പോഴേക്കും ലോകത്തെ ഏറ്റവും മികച്ച കളിക്കാരാനെന്ന ബഹുമതി കരസ്ഥമാക്കുമെന്നാണ് ഫുട്‌ബോള്‍ വിദഗ്ധരുടെ പക്ഷം. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ഡിയേഗോ മറഡോണയും പെലെയും ഇതിനകം തന്നെ മെസ്സിയെ മികച്ചവനായി വാഴിച്ചിട്ടുണ്ട്.