Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാല്‍പ്പന്തുകളിയിലെ അടുത്ത ഹീറോസ് ആരൊക്കെ? ഇതാ മെസ്സിയുടെ 10 പേര്‍!

ലോക ഫുട്‌ബോളിനെ അടക്കി ഭരിക്കാന്‍ പോവുന്ന ഭാവി സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാവും? പ്രതിഭാശാലികളായ ഒരുപിടി യുവതാരങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്. കാല്‍പന്തുകളിയില്‍ അടുത്ത താരങ്ങളായി വിലസാന്‍ സാധിക്കുന്ന 10 താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി. അഡിഡാസ് ബൂട്ട്‌സിന്റെ പുതിയ പരസ്യത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

മെസ്സി തിരഞ്ഞെടുത്തിട്ടുള്ള കളിക്കാരെല്ലാം അഡിഡാസിന്റെ ഏറ്റവും പുതിയ ട്ര്യുന്‍ഫോ എസ്‌റ്റെലര്‍ എഫ്50 ബൂട്ടുകളാണ് ധരിക്കാന്‍ പോവുന്നത്. അതു മാത്രമല്ല ഈ താരങ്ങളെല്ലൊം 20 വയസ്സില്‍ താഴെയുള്ളവരാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആരൊക്കെയാണ് മെസ്സി ചൂണ്ടിക്കാണിച്ചിരിക്കുന്ന താരങ്ങളുടെ ലിസ്റ്റിലുള്ളതെന്നു നോക്കാം.

lionel messi

ഇവരാവും ഹീറോസ്

ബാഴ്‌സലോണയിലെ പുതിയ കൗമാര സെന്‍സേഷനായി മാറിയിരിക്കുന്ന സ്പാനിഷ് താരം ലാമിന്‍ യമാലാണ് ഈ ലിസ്റ്റിലെ ഒരാള്‍. ബാഴ്‌സയിലൂടെ വന്നതിനാലും കളിയിലെ ശൈലി കൊണ്ടും ഫുട്‌ബോള്‍ പ്രേമികളില്‍ പലരും മെസ്സിയുമായി താരതമ്യം ചെയ്യുന്ന താരം കൂടിയാണ് യമാല്‍. ഈ വര്‍ഷത്തെ ബാലണ്‍ ഡിയോര്‍ പുരസ്‌കാരത്തിനുള്ള ലിസ്റ്റിലേക്കും 17കാരന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.

ഈ നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് അദ്ദേഹം. യമാല്‍ കഴിഞ്ഞാല്‍ ഭാവി സൂപ്പര്‍ താരമായി മെസ്സി ചൂണ്ടിക്കാണിച്ച രണ്ടാമത്തെയാള്‍ നാട്ടുകാരന്‍ കൂടിയായ ക്ലോഡിയോ എഷെവെരിയാണ്. അര്‍ജന്റൈന്‍ ക്ലബ്ബായ റിവര്‍പ്ലേറ്റില്‍ നിന്നും അടുത്ത വര്‍ഷം മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചേരാനൊരുങ്ങുകയാണ് 18 കാരനായ താരം.

മെസ്സിയുടെ ലിസ്റ്റിലെ മൂന്നാമത്തെയാള്‍ ഫിലെഡില്‍ഫിയ യൂനിയന്‍ ടീമിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന 15 കാരനായ ഫെനോം കവെന്‍ സുള്ളിവനാണ്. അമേരിക്കയിലെ മേജല്‍ സോക്കര്‍ ലീഗില്‍ 14ാം വയസ്സില്‍ തന്നെ അരങ്ങേറിയ താരമാണ് ഈ കൗമാരക്കാരന്‍. മെസ്സി തിരഞ്ഞെടുത്ത നാലാമന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജോയല്‍ എന്‍ഡാലയാണ്. നിലവില്‍ ഡച്ച് ടീമായ പിഎസ്‌വി ഐന്തോവനു വേണ്ടി വായ്പയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് താരം.

LAMINE YAMAL

ഭാവി സൂപ്പര്‍ താരങ്ങളുടെ ലിസ്റ്റിലെ അഞ്ചാമന്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിനായി കളിച്ചുകൊണ്ടിരിക്കുന്ന കെനാന്‍ യില്‍ഡിസാണ്. മെസ്സിയുടെ ടോപ്പ് 10ലെ ആറ്, ഏഴ് സ്ഥാനങ്ങളിലുള്ള കളിക്കാര്‍ ജര്‍മന്‍ ലീഗ് ക്ലബ്ബായ ആര്‍ബി ലെയ്പ്ഷിഗിനായി കളിച്ചുകൊണ്ടിരിക്കുന്ന അന്റോണിയോ ന്യുസ, അസ്സാന്‍ ഒഡ്രാഗോ എന്നിവരുമാണ്. ലിസ്റ്റിലെ എട്ടാമന്‍ ഫ്രഞ്ച് ക്ലബ്ബായ എഎസ് മൊണാക്കോയുടെ താരമായ എലീസെ ബെന്‍ സെഗിറാണ്.

എട്ടു പുരുഷ താരങ്ങളെക്കൂടാതെ രണ്ടു വനിതാ താരങ്ങളെയാണ് ടോപ്പ് 10ല്‍ ലിസ്റ്റില്‍ മെസ്സി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാഴ്‌സലോണയുടെ വിക്കി ലോപ്പസ്, സാന്‍ ഡിയേഗോ വേവ്‌സിന്റെ കൗമാര താരം ജെയ്ഡിന്‍ ഷോ എന്നിവരാണ് വനിതകളിലെ ഭാവി സൂപ്പര്‍ താരമായി മെസ്സി ചൂണ്ടിക്കാണിച്ചരിക്കുന്നത്.

പത്താം നമ്പറില്‍ കളിക്കാന്‍ യമാല്‍

അന്താരാഷ്ട്ര ഫുട്‌ബോളില്‍ സീനിയര്‍ ടീമിനു വേണ്ടി ആദ്യമായി പ്രശസ്തമായ പത്താം നമ്പറില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് ലാമിന്‍ യമാല്‍. ഈ മാസം സ്പാനിഷ് ടീമിനു വേണ്ടി താരം കളിക്കുക ഈ ജഴ്‌സി നമ്പറിലാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

15ാം വയസ്സില്‍ പ്രൊഫഷണല്‍ ഫുട്‌ബോളറായി മാറിയ ശേഷം ഇതാദ്യമായാണ് തന്റെ ആരാധനാപാത്രമായ ലയണല്‍ മെസ്സിയടക്കമുള്ള ഇതിഹാസങ്ങള്‍ വിലസിയ പത്താം നമ്പര്‍ യമാലിനെയും തേടിയെത്തുന്നത്.

Story first published: Saturday, October 12, 2024, 15:35 [IST]
Other articles published on Oct 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+