ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. സ്പാനിഷ് കരുത്തരായ റയല്‍മാഡ്രിഡ്, ജര്‍മന്‍ ടീം ബൊറൂസിയ ഡോട്മുണ്ട്, ഇറ്റാലിയന്‍ ചാമ്പ്യന്‍മാര്‍ യുവെന്റസ്, പോര്‍ച്ചുഗല്‍ ടീം എഫ് സി പോര്‍ട്ടോ ക്ലബ്ബുകളും ജയിച്ചു. ടോട്ടനം, മൊണാക്കോ ക്ലബ്ബുകള്‍ക്ക് എവേ മാച്ചില്‍ സമനില. അതേ സമയം, എവേ മാച്ചില്‍ സ്പാനിഷ് ടീം സെവിയ്യ ജയം കണ്ടു.
ഡെന്‍മാര്‍ക്ക് ക്ലബ്ബ് എഫ് സി കോപ്പന്‍ഹേഗനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ഇതോടെ, മൂന്ന് കളിയും ജയിച്ച് ഒമ്പത് പോയിന്റെടുത്ത ലെസ്റ്റര്‍സിറ്റി നോക്കൗട്ട് റൗണ്ടിനരികെ. ഒരു ജയം കൂടി മതി ചരിത്രം സൃഷ്ടിച്ച ലെസ്റ്ററിന് കന്നി ചാമ്പ്യന്‍സ് ലീഗില്‍ തന്നെ പ്രീക്വാര്‍ട്ടര്‍ ലൈനപ്പില്‍ ഇടം പിടിക്കാന്‍. ലെസ്റ്ററിന്റെ കിംഗ്പവര്‍ സ്റ്റേഡിയത്തില്‍ നാല്‍പതാം മിനുട്ടില്‍ റിയാദ് മെഹ്‌റെസാണ് വിജയഗോള്‍ കുറിച്ചത്.

ഗ്രൂപ്പ് എഫില്‍ റയല്‍മാഡ്രിഡ് 5-1നാണ് ലെഗിയ വാറിനെ തകര്‍ത്തത്. ഗാരെത് ബെയില്‍(16), അസെന്‍സിയോ (37), വാസ്‌ക്വുസ് (68), മൊറാട്ട (84) എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍. പത്തൊമ്പതാം മിനുട്ടില്‍ റയലിന്റെ രണ്ടാം ഗോള്‍ സെല്‍ഫായിരുന്നു. പെനാല്‍റ്റിയിലൂടെ ഇരുപത്തിരണ്ടാം മിനുട്ടില്‍ റഡോവിച് ലെഗിയയുടെ ആശ്വാസഗോളടിച്ചു.
ലിയോണിന്റെ തട്ടകത്തില്‍ യുവെന്റസിന്റെ ജയം ഗോളി ബുഫണിന്റെ മികവില്‍. ആദ്യപകുതിയില്‍ പെനാല്‍റ്റി രക്ഷപ്പെടുത്തിയ ബുഫണ്‍ ടീമിന് നല്‍കിയ ആത്മവിശ്വാസം വലുതായിരുന്നു. അമ്പത്തിനാലാം മിനുട്ടില്‍ ലെമിനക്ക് ചുവപ്പ് കാര്‍ഡ് കണ്ടതോടെ യുവെന്റസ് പത്ത് പേരായി. എന്നാല്‍, എഴുപത്താറാം മിനുട്ടില്‍ കോര്‍ഡ്രാഡോയുടെ ഗോളില്‍ യുവെന്റസ് എതിരാളിയുടെ തട്ടകത്തില്‍ അവിസ്മരണീയ വിജയം കുറിച്ചു.
ഗ്രൂപ്പ് എച്ചില്‍ യുവെന്റസ് ഏഴ് പോയിന്റോടെ ഒന്നാമത്. അത്രയും പോയിന്റുള്ള സെവിയ്യ രണ്ടാം സ്ഥാനത്ത്. ലിയോണിന് മൂന്ന് പോയിന്റ്. ഗ്രൂപ്പ് ജിയില്‍ ലെസ്റ്ററിന് ഒമ്പത് പോയിന്റ്. കോപന്‍ഹേഗനും എഫ് സി പോര്‍ട്ടോക്കും നാല് പോയിന്റ് വീതം. ഗ്രൂപ്പ് എഫില്‍ ബൊറൂസിയ ഡോട്മുണ്ടിനും റയല്‍മാഡ്രിഡിനും ഏഴ് പോയിന്റ് വീതം. ഗോള്‍ ശരാശരിയില്‍ ബൊറൂസിയ ഒന്നാം സ്ഥാനത്ത്. സ്‌പോര്‍ട്ടിംഗിന് മൂന്ന് പോയിന്റ്.
ഗ്രൂപ്പ് ഇയില്‍ മൊണാക്കോ അഞ്ച് പോയിന്റുമായി ഒന്നാം സ്ഥാനത്ത്. നാല് പോയിന്റുള്ള ടോട്ടനം ഹോസ്പര്‍ രണ്ടാമതും മൂന്ന് പോയിന്റുള്ള ബയെര്‍ ലെവര്‍കൂസന്‍ മൂന്നാമതുമാണ്. സി എസ് കെ എ മോസ്‌കോക്ക് രണ്ട് പോയിന്റ്.
ചാമ്പ്യന്‍സ് ലീഗ് ഫലങ്ങള്‍
ബയെര്‍ ലെവര്‍കുസന്‍ 0-0 ടോട്ടനം
സി എസ് കെ എ 1-1 മൊണാക്കൊ
റയല്‍മാഡ്രിഡ് 5-1 ലെഗിയ വാര്‍
സ്‌പോര്‍ട്ടിംഗ് 1-2 ബൊറൂസിയ ഡോട്മുണ്ട്
ക്ലബ്ബ് ബ്രുഗി 1-2 എഫ് സി പോര്‍ട്ടോ
ലെസ്റ്റര്‍ സിറ്റി 1-0 എഫ് സി കോപന്‍ഹേഗന്‍
ഡിനാമോ സാഗ്രെബ് 0-1 സെവിയ്യ
ലിയോണ്‍ 0-1 യുവെന്റസ്