കൊച്ചി: ലോകകപ്പ് നടക്കുന്നത് അങ്ങ് റഷ്യയിലാണെങ്കിലും ആവേശം ഇങ്ങ് കേരളക്കരയില്‍ ഒട്ടും കുറവല്ല. ഗ്രാമങ്ങളും, നഗരങ്ങളും, ചെറുപ്പക്കാരും, സ്‌പോര്‍ട്‌സ് ക്ലബുകളും, ഫുട്‌ബോള്‍ എന്തെന്ന് പോലും അറിയാത്തവരും ഇപ്പോള്‍ തങ്ങളുടെ ടീമുകള്‍ കപ്പുയര്‍ത്തുന്നതും കാത്ത് ഇരുപ്പാണ്. എന്നുകരുതി അങ്ങിനെ വെറുതെ ഇരിക്കുകയല്ല ആവേശം പ്രകടമാക്കാന്‍ മുക്കിലും മൂലയിലും വരെ ഫ്‌ളെക്‌സുകളും, ബാനറുകളും വരെ ഒരു ശരാശരി മലയാളിയുടെ മിനിമം ഡിമാന്‍ഡില്‍ വരുന്ന കാര്യവുമാണ്. ബ്രസീലും, അര്‍ജന്റീനയും തന്നെയാണ് കേരളത്തിലെ ആരാധകരുടെ പ്രിയടീം.
എന്നാല്‍ സൗത്ത് അമേരിക്കന്‍ വമ്പന്‍മാരെയും സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ജര്‍മ്മനി എന്നിവരെയൊക്കെ പിന്‍തള്ളി പാലക്കാട്-മലപ്പുറം അതിര്‍ത്തിയില്‍ വരുന്ന ഈ ഗ്രാമത്തില്‍ ആരാധകര്‍ പിന്തുണയ്ക്കുന്നത് മറ്റൊരു രാജ്യത്തെയാണ്, അധികമൊന്നും ആരും പ്രതീക്ഷിക്കാത്ത സൗദി അറേബ്യയെ. 'അന്നവും അഭയവും തന്ന നാടിന്റെ കൂടെയുണ്ടാകും ഞങ്ങള്‍ എന്നും, ഇഷ്ടം സൗദി അറേബ്യയോട്', ഇതാണ് എടത്തനാട്ടുകര ഗ്രാമത്തിലെ മുനീര്‍ വെള്ളങ്ങര ഉയര്‍ത്തിയ ഫ്‌ളെക്‌സിലെ വരികള്‍.

തങ്ങളുടെ ജീവിതം പടുത്തുയര്‍ത്താന്‍ സഹായിച്ച രാജ്യത്തോടുള്ള സ്‌നേഹമാണ് സൗദി ഫുട്‌ബോള്‍ ടീമിനോടും ഉള്ളതെന്നാണ് മുനീര്‍ പറയുന്നത്. ഗ്രാമത്തിലെ 80 ശതമാനം ആളുകളും സൗദിയിലാണ്. അവിടെ നിന്നുമുണ്ടാക്കിയ പണം കൊണ്ടാണ് ഗ്രാമത്തിലെ ഓരോ മാറ്റവും. അതുകൊണ്ട് തന്നെ അന്നം തന്ന രാജ്യത്തോടുള്ള പിന്തുണ സ്വാഭാവികമായി സംഭവിച്ചതാണ്, സൗദിയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളും, പെട്രോള്‍ പമ്പുകളും ഉള്‍പ്പെടെയുള്ള ബിസിനസ്സുകള്‍ നടത്തുന്ന മുനീര്‍ വ്യക്തമാക്കി.
ഇക്കുറി നാട്ടിലെ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബിലെ അംഗങ്ങള്‍ക്കൊപ്പം ലോകകപ്പ് കാണാന്‍ നാട്ടിലെത്തിയിരിക്കുകയാണ് മുനീര്‍. എന്നാല്‍ ക്ലബില്‍ അധികവും അര്‍ജന്റീനയുടെ ആരാധകരാണെന്ന് ഇദ്ദേഹം പറഞ്ഞു. മറഡോണയുടെ കഥകള്‍ കേട്ടുവളര്‍ന്ന ഗ്രാമത്തിന് അര്‍ജന്റീന പ്രിയപ്പെട്ടതാകാന്‍ കൂടുതല്‍ കാരണങ്ങള്‍ വേണ്ടല്ലോ. നേരത്തെ സൗദി അറേബ്യ ലോകകപ്പിനുള്ള ടീമിനെ മലയാളത്തിലും പ്രഖ്യാപിച്ചത് കേരളത്തെ ഞെട്ടിച്ചിരുന്നു.