
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ചായി ചുമതലയേറ്റ ഡച്ചുകാരനായ ഈല്‍ക്കോ ഷറ്റോരി തന്റെ ആദ്യ താരത്തെ ടീമിലേക്കു കൊണ്ടു വന്നു. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ മരിയോ ആര്‍ക്വസാണ് മഞ്ഞപ്പടയുമായി കരാറില്‍ ഒപ്പിട്ടത്. കഴിഞ്ഞ സീസണില്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ താരമായിരുന്നു അദ്ദേഹം. ജംഷഡ്പൂരിനെ പ്ലേഓഫ് യോഗ്യതയ്ക്കു തൊട്ടരികിലെത്തിക്കുന്നതില്‍ 27 കാരനായ താരം നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു. മൂന്നു ഗോളുകള്‍ നേടിയ ആര്‍ക്വസ് രണ്ടു ഗോളുകള്‍ക്കു വഴിയൊരുക്കുകയും ചെയ്തു.
സ്‌പെയിനിലെ വലന്‍സിയയില്‍ ജനിച്ച ആര്‍ക്വസ് രാജ്യത്തെ മുന്‍നിര ക്ലബ്ബുകളിലൊന്നായ വിയ്യാറയലിന്റെ അക്കാദമിയില്‍ നിന്നാണ് കളി പഠിച്ചിറങ്ങിയത്. ബ്ലാസ്‌റ്റേഴ്‌സിലെത്തുന്ന മൂന്നാമത്തെ സ്പാനിഷ് താരം കൂടിയാണ് അദ്ദേഹം. നേരത്തേ വിക്ടര്‍ പുള്‍ഗ, ജോസു കറിയാസ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി പന്തു തട്ടിയിട്ടുള്ള സ്പാനിഷ് താരങ്ങള്‍. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സി അണിയാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അടുത്ത സീസണില്‍ ആരാധകര്‍ ആഗ്രഹിക്കുന്നക് നല്‍കാന്‍ പോരാടുമെന്നും ആര്‍ക്വസ് വ്യക്തമാക്കി.
ആര്‍ക്വസിനെ അടുത്ത സീസണില്‍ ടീമിലേക്കു കൊണ്ടു വരാന്‍ കഴിഞ്ഞതില്‍ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഷറ്റോരി ആഹ്ലാദം പ്രകടിപ്പിച്ചു. ടീമിന് വളരെ മൂല്യമേറിയ താരമാണ് താനെന്നു കഴിഞ്ഞ സീസണില്‍ തെളിയിച്ച ഫുട്‌ബോളറാണ് ആര്‍ക്വസ്. പല പൊസിഷനുകളിലും അദ്ദേഹത്തിനു കളിക്കാന്‍ കഴിയും. ടീമിലെ മറ്റു താരങ്ങള്‍ ആര്‍ക്വസിനൊപ്പം കളിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് താനെന്നും ഷറ്റോരി വിശദമാക്കി.