ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിടാന്‍ ഇതുവരെ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും അതിനേക്കാള്‍ വലിയൊരു പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം. ആഗോളതലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള 100 ക്ലബ്ബുകളുടെ ലിസ്റ്റ് പുറത്തുവന്നപ്പോള്‍ അതില്‍ മലയാളികളുടെ സ്വന്തം മഞ്ഞപ്പടയും ഇടം പിടിച്ചിരിക്കുകയാണ്. ലിസ്റ്റില്‍ 70ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സുള്ളത്. ആദ്യ 100നുള്ളില്‍ ഉള്‍പ്പെട്ട ഇന്ത്യയിലെ തന്നെ ഏക ഫുട്ബോള്‍ ക്ലബ്ബാണ് ബ്ലാസ്റ്റേഴ്‌സ് എന്നതാണ് ഈ നേട്ടത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നത്.
വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി 6.7 മില്ല്യണ്‍ ഫോളോവേഴ്‌സാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിനുള്ളത്. ട്വിറ്ററില്‍ രണ്ടു മില്ല്യണും ഇന്‍സ്റ്റഗ്രാമില്‍ 3.4 മില്ല്യണും ഫേസ്ബുക്കില്‍ 1.3 മില്ല്യണുമാണ് മഞ്ഞപ്പടയുടെ ഫോളോവേഴ്‌സ്. ഇത്രയും ശക്തവും സമാനതകളില്ലാത്തതുമായ സോഷ്യല്‍ മീഡിയ സാന്നിധ്യം ബ്ലാസ്‌റ്റേഴ്‌സ് ക്ലബ്ബും ആരാധകസമൂഹവും തമ്മിലുള്ള ദൃഢമായ ബന്ധത്തെക്കൂടിയാണ് കാണിക്കുന്നത്.

ഫാന്‍സും ക്ലബ്ബും തമ്മിലുള്ള വിടവ് നികത്തുന്ന കൂടുതല്‍ ആകര്‍ഷകവും ക്രിയാത്മകവുമായ ഉള്ളടക്കം നിര്‍മിക്കാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിബന്ധതയുടെ പ്രതിഫലനം കൂടിയാണിത്. സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ആദ്യത്തെ 100 ക്ലബ്ബുകളിലൊന്നായി മാറാന്‍ സാധിച്ചത് മഹത്തായ നേട്ടം തന്നെയാണെന്നു കേരള ബ്ലാസ്‌റ്റേഴ്‌സ് ഡയരക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.
ഡിജിറ്റലായി കൂടുതല്‍ നവീകരിക്കാനും ഞങ്ങളുടെ ആരാധകസമൂഹവുമായി ബന്ധിപ്പിക്കുന്നതിനും ഇടപഴകുന്നതിനുമുള്ള വഴികള്‍ കണ്ടെത്തുന്നതിനുമുള്ള ക്ലബ്ബിന്റെ ശ്രമങ്ങളുടെ പ്രതിഫലനം കൂടിയാണ് ഈ നേട്ടം. ഇന്ത്യക്കു പുറത്തേക്കും ക്ലബ്ബിന്റെ ബ്രാന്‍ഡിനെ വളര്‍ത്താനും കൂടുതല്‍ ആരാധക സമൂഹത്തെ നേടിയെടുക്കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മിഡില്‍ ഈസ്റ്റിലും സൗത്ത് ഏഷ്യയിലും പ്രീസീസണ്‍ ടൂറുകളും മല്‍സരങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. കൂടാതെ ആഗോള തലത്തിലുള്ള ബ്രാന്‍ഡുകളുമായുള്ള പങ്കാളിത്തത്തിനു വേണ്ടിയും ശ്രമം തുടങ്ങിയിരിക്കുകയാണ്. വൈകാതെ തന്നെ ആദ്യത്തെ 50നുള്ളില്‍ ഇടം പിടിക്കാന്‍ ഞങ്ങള്‍ക്കു സാധിക്കുമെന്നും ബ്ലാസ്‌റ്റേഴ്‌സ് ഡയരക്ടര്‍ നിഖില്‍ ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന ഐഎസ്എല്‍ സീസണില്‍ എങ്കിലും കിരീടത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റഴ്‌സ് ടീം. മൂന്നു തവണയാണ് കൈയെത്തുംദൂരത്ത് കിരീടം ടീമില്‍ നിന്നും വഴുതിപ്പോയത്. ഏറ്റവും അവസാനമായി 2021-22 സീസണിലെ ഫൈനലില്‍ ഹൈദരാബാദ് എഫ്‌സിയോടു ബ്ലാസ്‌റ്റേഴ്‌സ് പൊരുതി തോല്‍ക്കുകയായിരുന്നു. അതിനു മുമ്പ് 2014ലെ കന്നി സീസണിലും 2016ലുമായിരുന്നു മഞ്ഞപ്പടയ്ക്കു കലാശപ്പോരില്‍ അടിതെറ്റിയത്.