ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സെവിയ്യയെ മറികടന്ന് ലെസ്റ്റര്‍ സിറ്റി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മറ്റൊരു മത്സരത്തില്‍ എഫ് സി പോര്‍ട്ടോയെ രണ്ടാം ലെഗിലും തോല്‍പ്പിച്ച് യുവെന്റസും ക്വാര്‍ട്ടറിലേക്ക് മുന്നേറി.
ആദ്യപാദത്തില്‍ സെവിയ്യയുടെ തട്ടകത്തില്‍ 2-1ന് പരാജയപ്പെട്ട ലെസ്റ്റര്‍സിറ്റി ഹോംഗ്രൗണ്ടില്‍ 2-0ന് ജയിച്ചാണ് മറുപടി കൊടുത്തത്. മോര്‍ഗന്‍ (27), അല്‍ബ്രൈറ്റന്‍ (54) എന്നിവരാണ് ഇംഗ്ലീഷ് ക്ലബ്ബിന് മുന്നേറാനുള്ള പാതവെട്ടിയത്. സെവിയ്യയുടെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ നസ്‌റിക്ക് ചുവപ്പ് കാര്‍ഡ് കണ്ടു.

സെവിയ്യയോട് ആദ്യ പാദത്തില്‍ തോറ്റതിന് പിന്നാലെ ക്ലോഡിയോ റാനിയേരിയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയ ലെസ്റ്റര്‍ താത്കാലിക കോച്ച് ക്രെയ്ഗ് ഷേക്‌സ്പിയറിന് കീഴില്‍ മികച്ച പ്രകടനം നടത്തുകയാണ്. പ്രീമിയര്‍ ലീഗില്‍ തരംതാഴ്ത്തല്‍ മേഖലയില്‍ നിന്ന് മെച്ചപ്പെട്ട നിലയിലേക്ക് ലെസ്റ്റര്‍ തിരിച്ചുവരവ് നടത്തുകയാണ്.
ഇറ്റലിയില്‍ നടന്ന മത്സരത്തില്‍ പോര്‍ട്ടോക്കെതിരെ യുവെന്റസിന്റെ വിജയഗോള്‍ നേടിയത് അര്‍ജന്റൈന്‍ ഡിബാലയാണ്. നാല്‍പ്പത്തിരണ്ടാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ. പോര്‍ട്ടോയുടെ മാക്‌സി പെരേര ചുവപ്പ് കാര്‍ഡ് കണ്ടു.
ഗോള്‍ നില
യുവെന്റസ് 1-0 എഫ് സി പോര്‍ട്ടോ
ഇരുപാദ സ്‌കോര്‍ 3-0
ലെസ്റ്റര്‍ സിറ്റി 2-0 സെവിയ്യ
ഇരുപാദ സ്‌കോര്‍ 3-2