മുംബൈ: ഐഎസ്എല്ലില്‍ എല്ലാവരും എഴുതിത്തള്ളിയ ജംഷഡ്പൂര്‍ എഫ്‌സിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ് തുടരുന്നു. മുംബൈ സിറ്റിയെ അവരുടെ മൈതാനത്ത് ജംഷഡ്പൂര്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തി. ഈ ജയത്തോടെ സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ജംഷഡ്പൂര്‍ പോയിന്റ് പട്ടികയില്‍ ആദ്യമായി ടോപ്പ് ഫോറിലേക്ക് കയറി. 14 മല്‍സരങ്ങളില്‍ നിന്നും 22 പോയിന്റാണ് നാലാം സ്ഥാനത്തുള്ള ജംഷഡ്പൂരിനുള്ളത്. അവസാനമായി കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലിലും ജംഷഡ്പൂര്‍ ജയിച്ചിരുന്നു.

മുംബൈക്കെതിരേ സഞ്ജു പ്രധാന്റെ സെല്‍ഫ് ഗോളും (37) ബികാഷ് ജെയ്‌റു ഫൈനല്‍ വിസിലിന് ആറു മിനിറ്റുള്ളപ്പോള്‍ നേടിയ ഗോളുമാണ് ജംഷഡ്പൂരിന് വീണ്ടുമൊരു ജയം സമ്മാനിച്ചത്. മുംബൈയുടെ ഗോള്‍ 79ാം മിനിറ്റില്‍ എവേര്‍ട്ടന്‍ സാന്റോസിന്റെ വകയായിരുന്നു. ഹോംഗ്രൗണ്ടില്‍ ഈ സീസണില്‍ മുംബൈക്കു നേരിട്ട തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണിത്.

എഫ്‌സി ഗോവയ്‌ക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ജയിച്ച അതേ ടീമിനെതന്നെ മുംബൈ നിലനിര്‍ത്തിയപ്പോള്‍ രണ്ടു മാറ്റങ്ങളോടെയാണ് ജംഷഡ്പൂര്‍ ഇറങ്ങിയത്. ബികാഷ് ജയ്‌റു, ട്രിന്‍ഡാഡ് ഗോണ്‍കാല്‍വസ് എന്നിവര്‍ക്കു പകരം ഫറൂഖ് ചൗധരിയും ആന്ദ്രെ ബിക്കെയും ടീമിലെത്തി. വളരെ കുറച്ച് മാത്രം ഗോളവസരങ്ങള്‍ പിറന്ന മല്‍സരത്തില്‍ ഫിനിഷിങിലെ പിഴവും നിര്‍ഭാഗ്യവുമാണ് മുംബൈക്ക് തിരിച്ചടിയായത്. മറുഭാഗത്ത് ജംഷഡ്പൂരാവട്ടെ ലഭിച്ച അവസരങ്ങള്‍ ഗോളാക്കുകയും ചെയ്തു.