കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണില്‍ റണ്ണര്‍ അപ്പ് മാരായാരുന്നു സച്ചിന്റെ കേരള ബ്ലാസ്റ്റേഴ്‌സ്. ഇത്തവണ കിരീടം മാത്രം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്‌സ് കളിയ്ക്കാനിറങ്ങുന്നത്.
അപ്പോഴാണ് ഏറെ പ്രതീക്ഷ നല്‍കുന്ന മറ്റൊരു വാര്‍ത്ത പുറത്ത് വരുന്നത്. ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ബൂട്ടണിയും എന്നാണ് ആ വാര്‍ത്ത. ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ഇപ്പോഴും അത് വിശ്വസിയ്ക്കാനാവുന്നില്ല.

എന്നാല്‍ റൊണാള്‍ഡീഞ്ഞോ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി കളിയ്ക്കുന്ന കാര്യം ടീം അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സ്‌കൈ സ്‌പോര്‍ട്‌സിനെ ഉദ്ധരിച്ചാണ് വിവിധ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബ്രസീലിയന്‍ താരമാണ് റൊണാള്‍ഡീഞ്ഞോ. പന്ത് കാലില്‍ ഒട്ടിച്ച് വച്ചതുപോയെ ഡ്രിബിള്‍ ചെയ്ത് എതിരാളികളെ കടന്നുപോകുന്ന റൊണാള്‍ഡീഞ്ഞോയെ ഫുട്‌ബോള്‍ പ്രേമികള്‍ക്കാര്‍ക്കും തന്നെ ഒരുകാലത്തും മറക്കാനാവില്ല.
2002 ല്‍ ബ്രസീല്‍ ഫുട്‌ബോള്‍ ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ ടീം അംഗമായിരുന്നു റൊണാള്‍ഡീഞ്ഞോ. പ്രമുഖ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. രണ്ട് തവണഫിഫ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
നിലവില്‍ അത്‌ലറ്റിക്കോ മിനൈറോയ്ക്ക് വേണ്ടിയാണ് കളിയ്ക്കുന്നത്. ഇവരുമായുളള കരാര്‍ അവസാനിയ്ക്കുന്ന മുറയ്ക്ക് താരം ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.