
കണക്കുതീര്‍ക്കാന്‍ മഞ്ഞപ്പട
രണ്ടു തവണ കലാശക്കളിയില്‍ കൊല്‍ക്കത്തയ്ക്കു മുന്നില്‍ കാലിടറിയ മഞ്ഞപ്പട അതിനു കണക്കുതീര്‍ക്കാനുറച്ചാണ് ഉദ്ഘാടന മല്‍സരത്തില്‍ ബൂട്ടണിയുക. രാത്രി എട്ടു മണിക്കാണ് കിക്കോഫ്. 2014ലെ പ്രഥമ ഐഎസ്എല്‍ ഫൈനലിലും കഴിഞ്ഞ സീസണിലെ ഫൈനലിലുമാണ് കൊല്‍ക്കത്തയ്ക്ക് മുന്നില്‍ മഞ്ഞപ്പടയ്ക്ക് കാലിടറിയത്.
ഫൈനലിലെ ജയത്തോളം വരില്ലെങ്കിലും പ്രാഥമികറൗണ്ടില്‍ കൊല്‍ക്കത്തയെ മലര്‍ത്തിയടിക്കാനായാല്‍ അത് തങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ്. സ്റ്റേഡിയത്തില്‍ ഇളകിമറിയുന്ന മഞ്ഞക്കടലിനു മുന്നില്‍ ബ്ലാസ്റ്റേഴ്‌സ് ജയം തന്നെയാണ് ലക്ഷ്യമിട്ടാണ് ഉദ്ഘാടനമല്‍സരത്തിനിറങ്ങുക.

കൂടുതല്‍ കരുത്തോടെ ബ്ലാസ്റ്റേഴ്‌സ്
കഴിഞ്ഞ മൂന്നു സീസണിനേക്കാളും ശക്തമായ ടീമുമായാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് പോരാട്ടത്തിനിറങ്ങുന്നതെന്ന് ടീം പരിശോധിച്ചാല്‍ തന്നെ വ്യക്തമാവും. പ്രഥമ സീസണില്‍ ടീമിന്റെ ഹീറോയായിരുന്ന സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന്റെ മടങ്ങിവരവാണ് ഇവയില്‍ ആദ്യത്തേത്. ഹ്യൂമിനെ തിരിച്ചുകൊണ്ടുവന്നതു കൊണ്ടും തീര്‍ന്നില്ല.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ ഗോളടിവീരനും ബള്‍ഗേറിയന്‍ സൂപ്പര്‍ താരവുമായ ദിമിതര്‍ ബെര്‍ബറ്റോവിനെയും മാഞ്ചസ്റ്ററിന്റെ തന്നെ മുന്‍ ഡിഫന്റര്‍ വെസ് ബ്രൗണിനെയും ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ നിരയിലെത്തിച്ചു. ഹ്യൂമേട്ടന്റെ അഭാവത്തില്‍ കഴിഞ്ഞ രണ്ടു സീസണുകളിലും ടീമിന്റെ ആക്രമണത്തിനു ചുക്കാന്‍ പിടിച്ച മലയാളി സ്‌ട്രൈക്കര്‍ സികെ വിനീതിനെയും ടീമിന്റെ ഏറ്റവും വിശ്വസ്തനായ ഡിഫന്റര്‍ സന്ദേഷ് ജിങ്കാനെ നിലനിര്‍ത്തിയതും ബ്ലാസ്റ്റേഴ്‌സിന് പ്ലസ് പോയിന്റാണ്. ഗോള്‍കീപ്പിങില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് അല്‍പ്പമെങ്കിലും ആശങ്കയ്ക്കു വകയുള്ളത്.

കൊല്‍ക്കത്തയെ സൂക്ഷിക്കണം
ഐഎസ്എല്ലിന്റെ കഴിഞ്ഞ മൂന്നു സീസണുകളിലും ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ടീമുകളിലൊന്നാണ് കൊല്‍ക്കത്ത. മൂന്നാം സീസണിനു ശേഷം സ്പാനിഷ് ടീമായ അത്‌ലറ്റികോ മാഡ്രിഡ് കൊല്‍ക്കത്തയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ടീമിന്റെ പേര് അമര്‍ തൊമര്‍ കൊല്‍ക്കത്ത എന്നാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പേര് ഇതു വരെ പ്രാബല്യത്തില്‍ വന്നില്ലെന്നതാണ് ശ്രദ്ധേയം. ക്ലബ്ബിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ പോലും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെന്നാണ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ സീസണിലെ ടീമില്‍ ചില പ്രധാന മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത ഈ സീസണില്‍ ഇറങ്ങുക. മുന്‍ ഐറിഷ് സൂപ്പര്‍ താരം റോബി കീന്‍ മുന്നേറ്റത്തില്‍ അണിനിരക്കുമ്പോള്‍ പരിശീലകസ്ഥാനത്ത് മുന്‍ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ടെഡ്ഡി ഷെറിങ്ഹാമെത്തി. ടീമിന്റെ മാര്‍ക്വി താരമായാണ് കീന്‍ ഇന്ത്യയിലെത്തിയത്.

കണ്ണഞ്ചിക്കുന്ന ഉദ്ഘാടനച്ചടങ്ങുകള്‍
വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കാനിരിക്കുന്ന ഉദ്ഘാടനച്ചടങ്ങുകള്‍ കാണികളെ വിസ്മയിപ്പിക്കുമെന്ന സൂചതനകളാണ് ലഭിക്കുന്നത്. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍, താരസുന്ദരി കത്രീന കൈഫ് എന്നിവരടക്കം പ്രമുഖര്‍ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി കാണികളെ ആവേശം കൊള്ളിക്കും.
സല്‍മാന്‍, കത്രീന എന്നിവര്‍ മാത്രമല്ല മറ്റു ചില പ്രമുഖ സെലിബ്രിറ്റികള്‍ കൂടി ഉദ്ഘാടനച്ചടങ്ങിനായി കൊച്ചിയിലെത്തുമെന്നാണ് വിവരം. മാത്രമല്ല ബ്ലാസ്റ്റേഴ്‌സ് ഉടമ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ചെന്നൈ ടീമുടമ അഭിഷേക് ബച്ചന്‍ എന്നിവരും ഉദ്ഘാടനച്ചടങ്ങിന് എത്തിയേക്കും.

ഇന്ത്യന്‍ താരങ്ങള്‍ക്കു നേട്ടം
ഐഎസ്എല്ലില്‍ ഈ സീസണ്‍ മുതല്‍ ടീമുകള്‍ പ്ലെയിങ് ഇലവനില്‍ ആറ് ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തണമെന്ന നിയമം കൊണ്ടുവന്നിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ അഞ്ചായിരുന്നതാണ് ഇത്തവണ ആറാക്കിയത്. കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു ഇതു ടൂര്‍ണമെന്റില്‍ കളിക്കാന്‍ അവസരമൊരുക്കും.
ഐഎസ്എല്ലിലെ പുതിയ മാറ്റത്തെ വിദേശ കോച്ചുമാര്‍ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കാണ് ഈ തീരുമാനം ഗുണം ചെയ്യുകയെന്നും പരിശീലകര്‍ ചൂണ്ടിക്കാട്ടി.

കറുത്ത കുതിരകളാവാന്‍ 2 പേര്‍
ഐഎസ്എല്ലില്‍ അരങ്ങേറ്റ സീസണില്‍ തന്നെ കറുത്ത കുതിരകളാവാന്‍ രണ്ടു ടീമുകളാണ് രംഗത്തുള്ളത്. ബെംഗളൂരു എഫ്‌സിയും ജംഷഡ്പൂര്‍ എഫ്‌സിയും. ഇവരില്‍ ബംഗളൂരു എഫ്‌സി ഇതിനകം തന്നെ ഇന്ത്യന്‍ ഫുട്‌ബോളില്‍ തങ്ങളുടെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ ടീമാണ്. ഐ ലീഗില്‍ കിരീടമുയര്‍ത്തിയ ബംഗളൂരു അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലും ഇന്ത്യയുടെ അഭിമാനമായിട്ടുണ്ട്. സൂപ്പര്‍ താരം സുനില്‍ ഛേത്രിയാണ് ബംഗളൂരു ടീമിന്റെ തുറുപ്പുചീട്ട്.
മറ്റൊരു ടീമായ ജംഷഡ്പൂര്‍ എഫ്‌സിയെക്കുറിച്ച് ആര്‍ക്കും കാര്യമായ ധാരണയില്ല. ഐഎസ്എല്ലിലേക്ക് നേരിട്ടു ടിക്കറ്റെടുത്ത ജംഷഡ്പൂര്‍ ടീമിന്റെ കരുത്തും പോരായ്മയും ഇനിയുള്ള ദിവസങ്ങളില്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനല്‍ വരെയെത്തിച്ച സ്റ്റീവ് കോപ്പലാണ് ജംഷഡ്പൂര്‍ എഫ്‌സിക്കു തന്ത്രങ്ങളോതുന്നത്.


Click it and Unblock the Notifications














