Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: മഴക്കളിയില്‍ ആവേശ സമനില, മോഹന്‍ ബഗാനെ തളച്ച് മുംബൈ; കിടിലന്‍ തിരിച്ചുവരവ്

കൊല്‍ക്കത്ത: ഐഎസ്എല്ലിലെ ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനെ 2-2 സമനിലയില്‍ തളച്ച് മുംബൈ സിറ്റി എഫ്‌സി. ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡോടെയാണ് മോഹന്‍ ബഗാന്‍ കളം പിരിഞ്ഞത്. എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ മുംബൈ രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ മടക്കി സമനില പിടിക്കുകയായിരുന്നു.

സെല്‍ഫ് ഗോളില്‍ മുന്നിലെത്തി ബഗാന്‍

4-2-3-1 ഫോര്‍മേഷനിലിറങ്ങിയ മുംബൈ സിറ്റിയെ 3-5-2 ഫോര്‍മേഷനിലാണ് മോഹന്‍ ബഗാന്‍ നേരിട്ടത്. തുടക്കത്തിലേ മോഹന്‍ ബഗാനെ ഞെട്ടിക്കാന്‍ മുംബൈക്കായി. അഞ്ചാം മിനുട്ടില്‍ മുംബൈ സിറ്റി പന്ത് വലയിലെത്തിച്ചു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇത് ഓഫ് സൈഡായി. തുടക്കത്തിലേ ലഭിച്ച ഭാഗ്യം മുതലാക്കി പിന്നീട് മോഹന്‍ ബഗാന്‍ കത്തിക്കയറി. 9ാം മിനുട്ടില്‍ മോഹന്‍ ബഗാന്‍ വലകുലുക്കി. സെല്‍ഫ് ഗോളിലാണ് മോഹന്‍ ബഗാന്‍ മുന്നിലെത്തിയത്. മോഹന്‍ ബഗാന്റെ മികച്ചൊരു മുന്നേറ്റമാണ് കാണാനായത്.

സുബാശിഷ് ബോക്‌സിന് പുറത്തുനിന്ന് പിടിച്ചെടുത്ത പന്ത് ഇടത് വിങ്ങില്‍ ലിസ്റ്റന്‍ കോലാക്കോയ്ക്ക് പാസ് നല്‍കി. ബോക്‌സിനുള്ളിലേക്ക് ക്രോസ് നല്‍കി കൊലാക്കോയുടെ ഷോട്ട് തടുക്കാന്‍ മുംബൈ ഗോളി ലാച്ചിനപ്പയ്ക്കായില്ല. കൈയില്‍ തട്ടി പോയ പന്ത് ടിറിയുടെ ദേഹത്ത് തട്ടി പോസ്റ്റിലേക്കെത്തുകയായിരുന്നു. ഇതോടെ തുടക്കത്തിലേ മുന്നിലെത്താന്‍ മോഹന്‍ ബഗാന് സാധിച്ചു. മുംബൈ സിറ്റിക്ക് ഗോള്‍ മടക്കാന്‍ സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും കരേലിസ് അവസരം പാഴാക്കി.

ലീഡുയര്‍ത്തി റോഡ്രിഗസ്

ബിപിന്‍ സിങ് പെനല്‍റ്റി ബോക്‌സിനുള്ളില്‍ ചാങ്‌തേയ്ക്ക് പന്ത് നല്‍കി. ചാങ്‌തേ കരേലിസിന് നല്‍കിയ പാസില്‍ താരം ഹെഡ് ചെയ്‌തെങ്കിലും ലക്ഷ്യത്തില്‍ നിന്ന് അകന്ന് പോയി. താളം കണ്ടെത്തിയ മോഹന്‍ ബഗാന്‍ മികച്ച പാസുകളുമായി മുന്നേറി. കസറിക്കളിച്ച മോഹന്‍ ബഗാന്‍ 28ാം മിനുട്ടില്‍ ലീഡുയര്‍ത്തി. ആല്‍ബര്‍ട്ടോ റോഡ്രിഗസാണ് മോഹന്‍ ബഗാനായി രണ്ടാം ഗോള്‍ നേടിയത്. ആശിഷ് റായി വലതുവശത്തേക്ക് നല്‍കിയ പാസില്‍ ഗ്രേഗ് സ്റ്റീവര്‍ട്ട് ഹെഡ് ചെയ്ത് ബോക്‌സിലേക്ക് മറിച്ച് നല്‍കി.

ഫസ്റ്റ് ടൈം ഷോട്ടിലൂടെ റോഡ്രിഗസ് പന്ത് പോസ്റ്റിലാക്കുകയും ചെയ്തു. ആദ്യ പകുതിയുടെ മുംബൈയുടെ ശ്രമങ്ങളെയെല്ലാം മോഹന്‍ ബഗാന്‍ തടുത്തു. ഇതോടെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡ് മോഹന്‍ ബഗാന്‍ നേടി. എന്നാല്‍ 57% പന്തടക്കത്തോടെ മൂന്നിനെതിരേ ആറ് ഗോള്‍ശ്രമവുമായി കണക്കുകളില്‍ കൈയടി നേടിയത് മുംബൈയാണ്.

isl mumbai city fc

ആക്രമിച്ച് കളിച്ച് മുംബൈ

രണ്ടാം പകുതിയില്‍ മുംബൈ അല്‍പ്പം കൂടി ആക്രമിച്ചാണ് കളിച്ചത്. 55ാം മിനുട്ടില്‍ ഇടത് വശത്ത് നിന്ന് ബിബിന്‍ തൊടുത്ത ഷോട്ട് മോഹന്‍ ബഗാന്‍ ഗോളി രക്ഷപെടുത്തി. അവസരങ്ങള്‍ സൃഷ്ടിച്ച് മുംബൈ മോഹന്‍ ബഗാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചു. ഗോള്‍ മടക്കാനുള്ള ശ്രമത്തിനിടെ മുംബൈ പരുക്കന്‍ ശൈലിയിലേ്ക്ക് മാറി. മഴയും മത്സരത്തിന് കൂട്ടായെത്തി. നീളന്‍ പാസുകളിലൂടെ മുംബൈ ഗോളിനായി ശ്രമിച്ചു. ചാങ്‌തേയിലൂടെയാണ് മധ്യനിരയില്‍ മുംബൈ തന്ത്രം മെനഞ്ഞത്.

ഗോള്‍മടക്കി ടിറി

ഇതിനിടെ മുംബൈയുടെ വാന്‍ നീഫ് രണ്ടാം കാര്‍ഡില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. ത്രോ ചെയ്യാനൊരുങ്ങിയ മോഹന്‍ ബഗാന്‍ താരത്തില്‍ നിന്ന് പന്ത് തട്ടിയെടുക്കാന്‍ വാന്‍ നീഫ് ശ്രമിച്ചെങ്കിലും റഫറി കാര്‍ഡ് നല്‍കാതെ താക്കീതിലൊതുക്കി. മുംബൈയുടെ പോരാട്ടം 69ാം മിനുട്ടില്‍ ലക്ഷ്യം കണ്ടു. കോര്‍ണറില്‍ നിന്ന് ബോക്‌സിലേക്കെത്തിയ പന്തിനെ ഞൊടിയിടയില്‍ നിയന്ത്രിച്ച് ടിറി ബോക്‌സിലേക്ക് തട്ടിയിട്ടു. ബഗാന്റെ പ്രതിരോധ നിരയുടെ പിഴവാണ് മുംബൈയുടെ ഗോളിന് കാരണമായത്.

സമനില ഗോള്‍ നേടി മുംബൈ

ഒരു ഗോള്‍ മടക്കിയതോടെ മുംബൈ ആക്രമണം കടുപ്പിച്ചു. 74ാം മിനുട്ടില്‍ മോഹന്‍ ബഗാന്റെ മിന്നല്‍ മുന്നേറ്റം മുംബൈ ഗോള്‍മുഖത്തെ ഞെട്ടിച്ചെങ്കിലും കൃത്യമായി പ്രതിരോധിക്കാന്‍ താരങ്ങള്‍ക്കായി. അവസാന സമയങ്ങളില്‍ മോഹന്‍ ബഗാന്‍ കൂടുതല്‍ പന്തടക്കിവെച്ച് കളിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ 89ാം മിനുട്ടില്‍ മുംബൈ സമനില ഗോള്‍ നേടി.

ബോക്‌സിലേക്ക് ലഭിച്ച ക്രോസിനെ തായിര്‍ ക്രൗമ ബോക്‌സിന്റെ വലത് മൂലയിലേക്കെത്തിച്ചു. അവസാന നിമിഷം ഇരു ടീമും പൊരുതി നോക്കിയെങ്കിലും ലീഡെടുക്കാന്‍ സാധിക്കാതെ വന്നതോടെ മത്സരം 2-2 സമനിലയില്‍ കലാശിച്ചു.

Story first published: Friday, September 13, 2024, 21:38 [IST]
Other articles published on Sep 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+