കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ തട്ടകത്തില്‍ നാണംകെട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്. മോഹന്‍ ബഗാനോട് 4-3നാണ് കേരളത്തിന്റെ കൊമ്പന്മാര്‍ തോറ്റത്. ആദ്യവസാനം ആക്രമിച്ച് കളിച്ച മോഹന്‍ ബഗാനോട് ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായി. രണ്ട് തവണ ഒപ്പമെത്തിയെങ്കിലും തോല്‍വി ഒഴിവാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. 18 മത്സരത്തില്‍ നിന്ന് 29 പോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. 18 മത്സരത്തില്‍ നിന്ന് 39 പോയിന്റുമായി മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്തും.
സ്വന്തം തട്ടകത്തില്‍ 4-4-2 ഫോര്‍മേഷനില്‍ ബ്ലാസ്‌റ്റേഴ്‌സ് ബൂട്ടണിഞ്ഞപ്പോള്‍ 3-2-4-1 ഫോര്‍മേഷനിലാണ് മോഹന്‍ ബഗാനിറങ്ങിയത്. ആദ്യ ടെച്ച് തന്നെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് പന്തെത്തിക്കാന്‍ മോഹന്‍ ബഗാന് സാധിച്ചു. തുടക്കം മുതലേ ആക്രമിച്ച മോഹന്‍ ബഗാന്‍ 4ാം മിനുട്ടില്‍ ലക്ഷ്യം കണ്ടു. മധ്യനിരയില്‍ നിന്ന് നീട്ടിക്കിട്ടിയ പന്തിനെ പിടിച്ചെടുത്ത് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തേയും കബളിപ്പിച്ച് അര്‍മാന്‍ഡോ സാദിക്കുവാണ് പന്ത് വലയിലാക്കിയത്.
പ്രീത് കോട്ടാലിന്റെ പിഴവും ഈ ഗോളിന് കാരണമായി. എട്ടാം മിനുട്ടില്‍ മോഹന്‍ ബഗാന്റെ വലിയ കുതിപ്പ് കണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ മികച്ച ഇടപെടല്‍ രക്ഷിച്ചു. പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്ന ബ്ലാസ്റ്റേഴ്‌സ് പ്രത്യാക്രമണം ശക്തമാക്കി. 13ാം മിനുട്ടില്‍ സന്ദീപ് ഇടതുവശത്തുകൂടി പന്തുമായി കുതിപ്പ് ബോക്‌സിലേക്ക് ക്രോസ് ചെയ്‌തെങ്കിലും താരങ്ങള്‍ക്ക് പിടിച്ചെടുക്കാവുന്നതിലും ഉയരത്തില്‍ കടന്ന് പോയി. 16ാം മിനുട്ടില്‍ സക്കായിയുടെ മികച്ച മുന്നേറ്റം.
താരത്തിന്റെ വലം കാല്‍ ഷോട്ട് മോഹന്‍ ബഗാന്‍ ഗോളി തടുത്തു. 20ാം മിനുട്ടിലും സന്ദീപിന്റെ മികച്ച മുന്നേറ്റം കണ്ടെങ്കിലും ഗോളാക്കാന്‍ സാധിക്കാതെ പോയി. മോഹന്‍ ബഗാന്‍ പ്രതിരോധം മികച്ചുനിന്നത് ബ്ലാസ്‌റ്റേഴ്‌സിന് കടുത്ത തിരിച്ചടിയായി. മോഹന്‍ ബഗാന്‍ പ്രതിരോധത്തിന്റെ വീഴ്ച്ചക്കായി ബ്ലാസ്‌റ്റേഴ്‌സ് പന്ത് പ്രസ് ചെയ്ത് കളിക്കാന്‍ തുടങ്ങി. കൂടുതല്‍ സമയം പന്തടക്കിവെച്ച് തന്ത്രം മെനയാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചത്. 35ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് സുവര്‍ണ്ണാവസരം.
മധ്യനിരയില്‍ നിന്ന് ലഭിച്ച ക്രോസിനെ ഓടിയെടുക്കാന്‍ ദിമിത്രോസ് ഡയമന്റാക്കോസിനായില്ല. അതിന് മുമ്പ് തന്നെ മോഹന്‍ ബഗാന്‍ ഗോളി മുന്നോട്ട് കയറി പന്ത് കൈയിലാക്കി. അല്‍പ്പം കൂടി വേഗത്തിലോടിയിരുന്നെങ്കില്‍ അനായാസം പന്ത് വലയിലാക്കാന്‍ ദിമിത്രോസിന് അവസരം ലഭിക്കുമായിരുന്നു. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ 1-0ന്റെ ലീഡ് നിലനിര്‍ത്താന്‍ മോഹന്‍ ബഗാന് സാധിച്ചു. പന്തടക്കത്തില്‍ ഇരു ടീമും തുല്യത പുലര്‍ത്തിയപ്പോള്‍ 3 വീതം ഗോള്‍ശ്രമവുമായി ആക്രമണത്തിലും ഒപ്പത്തിനൊപ്പം നിന്നു.
രണ്ടാം പകുതിയിലും മോഹന്‍ ബഗാന്റെ മികച്ച ആക്രമണമാണ് കണ്ടത്. ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്ത് അപകടം വിതക്കാന്‍ മോഹന്‍ ബഗാന് അവസരം ലഭിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധവും ഗോളിയും ലീഡുയര്‍ത്തുന്നതില്‍ നിന്ന് തടുത്തു. അവസരത്തിനായി കാത്തിരുന്ന ബ്ലാസ്റ്റേഴ്‌സ് മികച്ച ടീം വര്‍ക്കോടെ 54ാം മിനുട്ടില്‍ ഗോള്‍ മടക്കി. ബോഹന്‍ ബഗാന്‍ ഗോള്‍മുഖത്ത് ബ്ലാസ്‌റ്റേഴ്‌സ് നടത്തിയ അച്ചടക്കത്തോടെയുള്ള തന്ത്രമാണ് ഗോളിലേക്കെത്തിച്ചത്.

കെ പി രാഹുല്‍ മോഹന്‍ ബഗാന്‍ പ്രതിരോധത്തെ കബളിപ്പിച്ച് നല്‍കിയ മികച്ച പാസിനെ വിബിന്‍ മോഹനനാണ് വലയിലെത്തിച്ചത്. മത്സരം സമനിലയിലേക്കെത്തിയതോടെ ഇരു ടീമും പോരാട്ടം കടുപ്പിച്ചു. മികച്ച പാസുകളുമായാണ് ഇരു ടീമും കളിച്ചത്. ബ്ലാസ്റ്റേഴ്‌സ് ഗോളാഘോഷത്തിന്റെ ആവേശം കെട്ടടങ്ങും മുമ്പ് മോഹന്‍ ബഗാന്‍ ലീഡ് നേടി. 60ാം മിനുട്ടില്‍ സാദിക്കുവാണ് രണ്ടാം ഗോളും നേടിയത്.
ഫ്രീ കിക്കില്‍ നിന്ന് ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന പന്തിനെ മന്‍വീര്‍ സിങ് ഹെഡ് ചെയ്ത് നല്‍കിയപ്പോള്‍ ഹാഫ് വോളിയിലൂടെ സാദിക്കു പന്ത് വലയിലാക്കി. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ ഇരുന്ന ബ്ലാസ്‌റ്റേഴ്‌സ് 63ാം മിനുട്ടില്‍ ലീഡ് പിടിച്ചു. നീട്ടിക്കിട്ടിയ പാസിനെ ഫെഡോര്‍ സെര്‍നിച്ച് ഡയമന്റാക്കോസിന് മറിച്ച് നല്‍കിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് നായകന് ലക്ഷ്യം പിഴച്ചില്ല. ഇതോടെ മത്സരം 2-2 എന്ന നിലയിലേക്ക്. 65ാം മിനുട്ടില്‍ മോഹന്‍ ബഗാന്റെ മുന്നേറ്റം ഭാഗ്യത്തിനാണ് ഗോളാകാതെ പോയത്.
68ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് വീണ്ടും മോഹന്‍ ബഗാന്‍ ലീഡ് നേടി. കോര്‍ണര്‍ കിക്കിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് ഉയര്‍ന്നുവന്ന പന്തിനെ ദീപക് ടാന്‍ഗ്രി ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. മാര്‍ക്ക് ചെയ്യാതെ ദീപക്കിനെ വിട്ടുകളഞ്ഞ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ വീഴ്ച്ചയിലാണ് ഈ ഗോള്‍ പിറന്നത്. 76ാം മിനുട്ടില്‍ മോഹന്‍ ബഗാന്റെ മനോഹരമായ മുന്നേറ്റം. ദിമിത്രിയോസ് പെട്രറ്റോസിന്റെ ബുള്ളറ്റ് ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോളി മുകളിലേക്ക് ഉയര്‍ന്നുചാടി തട്ടിയകറ്റി രക്ഷപെടുത്തി.
97ാം മിനുട്ടില്‍ ജേസന്‍ കുമ്മിങ്‌സിലൂടെ മോഹന്‍ ബഗാന്‍ നാലാം ഗോളും നേടി വിജയം ഉറപ്പിച്ചു. 99ാം മിനുട്ടില്‍ ഡയമന്റാക്കോസിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം ഗോള്‍ നേടിയെങ്കിലും ഒരു ഗോള്‍ വ്യത്യാസത്തില്‍ തലകുനിക്കേണ്ടി വന്നു.അവസാന സമയങ്ങളില്‍ കടന്നാക്രമിച്ച മോഹന്‍ ബഗാന്റെ പല ശ്രമങ്ങളും ഗോളാവാതെ പോയത് നിര്‍ഭാഗ്യം കൊണ്ടാണ്. അല്ലായിരുന്നെങ്കില്‍ വലിയ നാണക്കേട് ബ്ലാസ്‌റ്റേഴ്‌സിന് നേരിടേണ്ടി വരുമായിരുന്നു.