കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സ്- നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി മത്സരം ഗോള്‍രഹിത സമനിലയില്‍. ഇരു ടീമും വാശിയോടെ പൊരുതിയെങ്കിലും ലക്ഷ്യം കണ്ടെത്താന്‍ ആര്‍ക്കുമായില്ല. 30ാം മിനുട്ടില്‍ 10 പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്‌സ് സമനില പിടിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ഗോളി സച്ചിന്‍ സുരേഷിന്റെ മികവാണ് ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചത്. 21 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്തും 25 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്തുമാണ്.
4-2-3-1 ഫോര്‍മേഷനിലാണ് ഇരു ടീമും കളത്തിലിറങ്ങിയത്. തുടക്കത്തിലേ തന്നെ കരുത്തുകാട്ടാന്‍ ബ്ലാസ്‌റ്റേഴ്‌സിനായി. അഞ്ചാം മിനുട്ടില്‍ ഗുര്‍മീത് സിങ് ബെമാമറിന് നല്‍കിയ പാസ് പിടിച്ചെടുത്ത് അഡ്രിയാന്‍ ലൂണ വലക്കുള്ളിലേക്ക് പന്തെത്തിച്ചു. എന്നാല്‍ പന്ത് പിടിച്ചെടുക്കാന്‍ ലൂണ ഫൗള്‍ ചെയ്തതിനാല്‍ റഫറി ഫൗണ്‍ വിളിച്ചു. ഇതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു. ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച മുന്നേറ്റങ്ങളാണ് ആദ്യ സമയങ്ങളില്‍ കാണാനായത്. 15ാം മിനുട്ടില്‍ ലൂണക്ക് വീണ്ടും അവസരം ലഭിച്ചു.
ഹാഫ് വോളിയിലൂടെ ഗോള്‍ നേടാന്‍ ലൂണക്ക് അവസരം. എന്നാല്‍ ലക്ഷ്യം കണ്ടെത്താനായില്ല. 19ാം മിനുട്ടില്‍ ഇടത് വശത്തുകൂടി മിന്നല്‍ മുന്നേറ്റം. എന്നാല്‍ പന്ത് പിടിച്ചെടുക്കാനുള്ള തിടുക്കത്തില്‍ ലൂണ ഓഫ് സൈഡായി. 23ാം മിനുട്ടില്‍ അഡ്രിയാന്‍ ലൂണയെ ഫൗള്‍ ചെയ്തതിന് നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റ് മിഡ്ഫീല്‍ഡര്‍ മക്കാര്‍ട്ടന് മഞ്ഞക്കാര്‍ഡ് നല്‍കി. പല സമയത്തും പോരാട്ടം ഫൗളുകള്‍ നിറഞ്ഞതോടെ കൈയാങ്കളിയിലേക്കും മത്സരം നീണ്ടു.
30ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി പ്രതിരോധ താരം ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങി. ബ്ലാസ്‌റ്റേഴ്‌സ് താരം ഐബാന്‍ബ ഡോഹ്ലിങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. കേരള ബ്ലാസ്റ്റേഴ്‌സ് ബോക്‌സില്‍ വെച്ച് നോര്‍ത്ത് ഈസ്റ്റ് താരം അജറായിയുടെ മുഖത്ത് തലകൊണ്ട് ഇടിച്ച ഐബാന്‍ബയെ ചുവപ്പുകാര്‍ഡ് നല്‍കി പുറത്താക്കുകയായിരുന്നു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് 10 പേരായി ചുരുങ്ങി. നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ ആക്രമണോത്സക ശൈലിയില്‍ കളിച്ചപ്പോള്‍ ഫൗളുകളും നിറഞ്ഞു.
37ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് താരം നോഹ സദൗവിക്ക് സുവര്‍ണ്ണാവസരം. എന്നാല്‍ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി. അഡ്രിയാന്‍ ലൂണയുടെ കോര്‍ണറില്‍ നിന്ന് ലഭിച്ച അവസരവും ബ്ലാസ്‌റ്റേഴ്‌സിന് മുതലാക്കാനായില്ല. ബ്ലാസ്‌റ്റേഴ്‌സ് ഗോളിയുടെ മികവ് നോര്‍ത്ത് ഈസ്റ്റിന് മുന്നില്‍ വലിയ വെല്ലുവിളി തീര്‍ത്തു. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിരയും മികവ് കാട്ടി. എന്നാല്‍ 10 പേരായി ചുരുങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തി.

47ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് മുന്നില്‍ അവസരം. ക്രോസില്‍ നിന്ന് മാര്‍ക്ക് ചെയ്യാതെ നിന്ന അജറായിലേക്ക് പന്ത്. താരത്തിന്റെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോളി സച്ചിന്‍ സുരേഷ് മനോഹരമായി തടുത്തു. 48ാം മിനുട്ടില്‍ നോഹയെ ഫൗള്‍ ചെയ്തതിന് പെനല്‍റ്റി ബോക്‌സിന് തൊട്ടുപുറത്ത് വെച്ച് ബ്ലാസ്റ്റേഴ്‌സിന് ഫ്രീ കിക്ക് ലഭിച്ചു. നായകന്‍ അഡ്രിയാന്‍ ലൂണയെടുത്ത കിക്ക് നേരെ ഗോളിയുടെ കൈയിലേക്ക്. റീബൗണ്ട് ചെയ്‌തെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് ഇത് മുതലാക്കാനായില്ല. ആദ്യ പകുതിയില്‍ ഇരു ടീമും ഗോള്‍ രഹിതമായാണ് പിരിഞ്ഞത്.
രണ്ടാം പകുതിയിലും പോസിറ്റീവായാണ് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്. 50ാം മിനുട്ടില്‍ നോഹയുടെ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോളി തടുത്തു. തൊട്ടടുത്ത മിനുട്ടിലെ നോര്‍ത്ത് ഈസ്റ്റിന്റെ ആക്രമണം. നെസ്‌റ്റോര്‍ അല്‍ബിയാച്ചിന്റെ ഷോട്ട് പോസ്റ്റിലടിച്ച് മടങ്ങിയത് ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗ്യമായി. 53ാം മിനുട്ടിലെ നോഹയുടെ മുന്നേറ്റത്തിനൊടുവിലെ ഷോട്ട് ഗംഭീരമായാണ് നോര്‍ത്ത് ഈസ്റ്റ് ഗോളി തടുത്തത്. 54ാം മിനുട്ടില്‍ മാര്‍ക്ക് ചെയ്‌പ്പെടാതെ നിന്ന സമതെയുടെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റിന് പുറത്തേക്ക് പോയി.
59ാം മിനുട്ടിലും സച്ചിന്റെ സേവ് ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചു. 73ാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്കിനെ ലൂണ നേരിട്ട് പോസ്റ്റിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യത്തില്‍ നിന്ന് അകന്ന് പോയി. 82ാം മിനുട്ടില്‍ ഗോളെന്നുറപ്പിച്ച നോര്‍ത്ത് ഈസ്റ്റിന്റെ ശ്രമം മനോഹര സേവിലൂടെ ഗോളി സച്ചിന്‍ സുരേഷ് രക്ഷപെടുത്തി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇരു ടീമും ഗോള്‍രഹിത സമനിലയോടെ കളം വിട്ടു.