Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ലക്ഷ്യബോധമില്ലാതെ ബ്ലാസ്‌റ്റേഴ്‌സ്, ഹാട്രിക് തോല്‍വി- ചെന്നൈയിനോടും നാണംകെട്ടു

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹാട്രിക് തോല്‍വി നേരിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്. എവേ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയോട് ഏക പക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തലകുനിച്ചത്. ആക്രമണത്തിലും പ്രതിരോധത്തിലും മികവ് കാട്ടിയെങ്കിലും ഗോളടിക്കാന്‍ താരങ്ങള്‍ മറക്കുകയായിരുന്നു. ഇതോടെ ഹാട്രിക് തോല്‍വി ടീമിന് നേരിടേണ്ടി വന്നു. ഇതോടെ പോയിന്റ് പട്ടികയിലും പിന്നോട്ടിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ നാലാം സ്ഥാനത്താണ്. 60ാം മിനുട്ടില്‍ ആകാശ് സാങ്‌വാനാണ് ചെന്നൈയിന്റെ വിജയഗോള്‍ നേടിയത്.

4-4-2 ഫോര്‍മേഷനിലിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ 4-2-3-1 ഫോര്‍മേഷനിലാണ് ചെന്നൈയിന്‍ നേരിട്ടത്. തട്ടകത്തില്‍ തോറ്റ ക്ഷീണത്തിലെത്തുന്ന ബ്ലാസ്‌റ്റേഴ്‌സിനെ തുടക്കം മുതലേ വിറപ്പിക്കാന്‍ ചെന്നൈയിനായി. എന്നാല്‍ പതിയെ താളം കണ്ടെത്തിയ ബ്ലാസ്‌റ്റേഴ്‌സ്‌ പ്രത്യാക്രമണം നടത്തി. എട്ടാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലെത്താനുള്ള സുവര്‍ണ്ണാവസരം ഫെഡോര്‍ സെര്‍നിച്ച് നഷ്ടമാക്കി. താരത്തിന്റെ ദുര്‍ബലമായ ഷോട്ട് ചെന്നൈയിന്‍ ഗോളി ദെബ്ജിത് മജുംദാര്‍ തടുത്തു.

10ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഡാനിഷ് ഫറൂഖിയുടെ മികച്ച ഷോട്ടും തടുക്കപ്പെട്ടു. 18ാം മിനുട്ടില്‍ ചെന്നൈയിന്റെ ആകാശ് സാങ് വാന്റെ ഷോട്ട് അപകടം സൃഷ്ടിക്കുമെന്ന് തോന്നിയെങ്കിലും പോസ്റ്റിന് തൊട്ടടുത്തുകൂടി പോയി. 24ാം മിനുട്ടില്‍ ചെന്നൈയിന്റെ മികച്ച മുന്നേറ്റം കണ്ടു. റിയാന്‍ എഡ്വാര്‍ഡ്‌സ് പന്തുമായി കുതിച്ചെങ്കിലും ഓഫ്‌സൈഡായി. 27ാം മിനുട്ടില്‍ ഫെഡോര്‍ സെര്‍നിച്ചിന്റെ ഷോട്ട് ചെന്നൈയിന്‍ ഗോളി തടുത്തു. കേരളത്തിന്റെ ഗോള്‍ വലക്ക് മുന്നില്‍ സച്ചിന്‍ സുരേഷ് മിന്നല്‍ സേവുകളുമായി കസറി.

തുടക്കത്തിലേ ചെന്നൈയിന്റെ മുന്നേറ്റം ഗോളാകാതെ തടുത്തത് സച്ചിന്റെ ആത്മധൈര്യമാണ്. എന്നാല്‍ 36ാം മിനുട്ടില്‍ ചെന്നൈയിന്റെ മുന്നേറ്റം തടുക്കാനുള്ള ശ്രമത്തിനിടെ സച്ചിന് പരിക്കേറ്റു. ഗോളാവാതെ തടുക്കാന്‍ സച്ചിനായെങ്കിലും പരിക്കേറ്റതോടെ താരത്തിന് കളം വിടേണ്ടി വന്നു. ഇതോടെ പകരക്കാരനായി കരന്‍ജിത് സിങ് ബ്ലാസ്റ്റേഴ്‌സ് ഗോള്‍വലക്ക് മുന്നിലേക്കെത്തി. ഇരു ടീമുകളും അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളിലേക്കെത്താനായില്ല.

kerala blasters

ഇതോടെ ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ ഇരു ടീമും ഗോള്‍രഹിത സമനിലയോടെ പിരിഞ്ഞു. ആദ്യ പകുതിയില്‍ 60 ശതമാനം ചെന്നൈയിന്‍ പന്തടക്കത്തില്‍ മുന്നിട്ട് നിന്നപ്പോള്‍ മൂന്നിനെതിരേ നാല് ഗോള്‍ശ്രമവുമായി ബ്ലാസ്‌റ്റേഴ്‌സ് ആക്രമണത്തില്‍ ഭേദപ്പെട്ട് നിന്നു. രണ്ടാം പകുതിയുടെ തുടക്കം മുതലേ ചെന്നൈയിന്റെ ആക്രമണമാണ് കണ്ടത്. 50ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്ത് ചെന്നൈ അപകടം സൃഷ്ടിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ ഗോളി കരന്‍ജിത്തിന്റെ മികച്ച സേവ് ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചു.

ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ നിര മികവ് കാട്ടിയതാണ് ചെന്നൈയിന്റെ പല നീക്കങ്ങളേയും തകര്‍ത്തത്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തിക്കാന്‍ ചെന്നൈയിനായി. 57ാം മിനുട്ടില്‍ ചെന്നൈയിന്റെ മികച്ച മുന്നേറ്റം ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം തകര്‍ത്തു. എന്നാല്‍ 60ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ പൂട്ട് പൊട്ടിച്ച് ചെന്നൈയിന്‍ ലീഡെടുത്തു. ത്രോ പിടിച്ചെടുത്ത് ഫറൂഖ് ചൗധരി മറിച്ച് നല്‍കിയ പന്തില്‍ നിന്ന് ആകാശ് സാങ്‌വാനാണ് ചെന്നൈയിനായി വലകുലുക്കിയത്.

ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തേയും ഗോളിയേയും മറികടന്ന് ആകാശ് നടത്തിയ കുതിപ്പാണ് ഗോളിലേക്കെത്തിയത്. ആകാശിന്റെ സീസണിലെ ആദ്യ ഗോളാണിത്. 64ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് മാറ്റങ്ങള്‍ വരുത്തി. രാഹുല്‍ കെ പിയെ കളത്തിലിറക്കിയെന്നതാണ് എടുത്തു പറയേണ്ടത്. 67ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി മാത്രം മുന്നില്‍ നില്‍ക്കവെ റഹീം അലിക്ക് സുവര്‍ണ്ണാവസരം ലഭിച്ചു. എന്നാല്‍ കരന്‍ജിത്തിന്റെ മികച്ച സേവ് ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചു.

69ാം മിനുട്ടില്‍ ചെന്നൈയിന്റെ കോര്‍ണറും കരന്‍ജിത്ത് തട്ടിയകറ്റി. ലീഡെടുത്തിട്ടും ആക്രമണ ഫുട്‌ബോളാണ് ചെന്നൈയിന്‍ തുടര്‍ന്നത്. 80ാം മിനുട്ടില്‍ ചെന്നൈയിന്റെ അങ്കിത് മുഖര്‍ജിക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചു. ബ്ലാസ്റ്റേഴ്‌സ് ഗോളിയെ ബോക്‌സിനുള്ളില്‍ തള്ളിയിട്ടതിന് പിന്നാലെ റഫറി താരത്തിന് ചുവപ്പുകാര്‍ഡ് വിധിക്കുകയായിരുന്നു.

Story first published: Friday, February 16, 2024, 21:31 [IST]
Other articles published on Feb 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+