Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ഒറ്റ ഗോളില്‍ കൊമ്പുകുത്തി ബ്ലാസ്റ്റേഴ്‌സ്, വിജയം കുറിച്ച് ജംഷഡ്പൂര്‍; നാലാം സ്ഥാനത്ത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടും തോല്‍വിയോടെ നാണംകെട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്. അവസാന മത്സരത്തിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും ജംഷഡ്പൂരിനോട് അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. പരിശീലകനെ പുറത്താക്കിയിട്ടും ബ്ലാസ്റ്റേഴ്‌സിന്റെ പിഴവുകള്‍ക്ക് മാറ്റമില്ലെന്ന് വ്യക്തമാകുന്ന പ്രകടനമാണ് ടീം കാഴ്ചവെച്ചത്. 60ാം മിനുട്ടില്‍ പ്രതീക് ചൗധരിയാണ് ജംഷഡ്പൂരിന്റെ വിജയ ഗോള്‍ നേടിയത്. അവസാന ആറ് മത്സരത്തിലും ജംഷഡ്പൂരിനോട് തോല്‍ക്കാതിരുന്ന ബ്ലാസ്‌റ്റേഴ്‌സിന് ഒടുവില്‍ മുട്ടുകുത്തേണ്ടി വന്നിരിക്കുകയാണ്.

ഇരു ടീമും 4-2-3-1 ഫോര്‍മേഷനിലാണ് കളിക്കാനിറങ്ങിയത്. കേരള ബ്ലാസ്‌റ്റേഴ്‌സ് കൂടുതല്‍ പന്തടക്കത്തില്‍ ശ്രദ്ധ നല്‍കിയപ്പോള്‍ ആക്രമണത്തില്‍ ജംഷഡ്പൂരാണ് ആദ്യ സമയത്ത് മുന്നിട്ട് നിന്നത്. മൂന്നാം മിനുട്ടില്‍ ജാവി ഹെര്‍ണാണ്ടസിന്റെ പാസിനെ പിടിച്ചെടുക്കാന്‍ ജോര്‍ദാന്‍ മുറെ ശ്രമിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഗോളി സച്ചിന്‍ സുരേഷിന്റെ കൃത്യമായ ഇടപെടല്‍ രക്ഷിച്ചു. അഞ്ചാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് അവസരം. ബോക്‌സിനുള്ളില്‍ ലഭിച്ച പന്തിനെ ലക്ഷ്യത്തിലെത്തിക്കാന്‍ നോഹ സദൗയിക്ക് സാധിക്കാതെ പോയി. ജംഷഡ്പൂര്‍ തുടര്‍ച്ചയായി അവസരം സൃഷ്ടിച്ച് ബ്ലാസ്‌റ്റേഴ്‌സിനെ സമ്മര്‍ദ്ദത്തിലാക്കി.

26ാം മിനുട്ടില്‍ ജംഷഡ്പൂരിന്റെ മുന്നേറ്റം സച്ചിന്‍ സുരേഷ് കൃത്യമായി സേവ് ചെയ്തു. 34ാം മിനുട്ടിലും സച്ചിന്‍ സുരേഷിന്റെ സേവ് ബ്ലാസ്‌റ്റേഴ്‌സിലെ രക്ഷിച്ചു. ഇമ്രാന്‍ ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്തിനെ മുന്നോട്ട് കയറി സച്ചിന്‍ സേവ് ചെയ്തു. ക്രോസുകളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റിലേക്ക് പന്തെത്തിക്കാന്‍ ജംഷഡ്പൂര്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. 40ാം മിനുട്ടില്‍ ഇമ്രാന്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ ക്രോസിനെ റീ തച്ചിക്കാവ ഹെഡ് ചെയ്‌തെങ്കിലും ഗോള്‍പോസ്റ്റിന് മുകളിലൂടെ പോയി.

ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിരക്ക് പണി കൂട്ടുന്ന മുന്നേറ്റങ്ങളാണ് ജംഷഡ്പൂര്‍ കാഴ്ചവെച്ചത്. 43ാം മിനുട്ടില്‍ നോഹയുടെ മുന്നേറ്റം ഫൗള്‍ ചെയ്ത് തടുത്ത ജംഷഡ്പൂരിന്റെ സ്റ്റീഫന്‍ ഇസിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ക്രോസുകള്‍ക്ക് കൃത്യതയില്ലാത്തത് ടീമിന്റെ മുന്നേറ്റത്തെ പിന്നോട്ടടിച്ചു. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ ഇരു ടീമും ഗോള്‍രഹിത സമനിലയിലായിരുന്നു. ആദ്യ പകുതിയില്‍ 57% പന്തടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിട്ട് നിന്നപ്പോള്‍ മൂന്നിനെതിരേ അഞ്ച് ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ ജംഷഡ്പൂര്‍ മുന്നിട്ട് നിന്നു.

isl kerala blasters

49ാം മിനുട്ടില്‍ ലൂണക്ക് മുന്നില്‍ സുവര്‍ണ്ണാവസരം. ജംഷഡ്പൂരിന്റെ പ്രതിരോധത്തെ മറികടന്ന് ലൂണയുടെ കാലിലേക്ക് പന്തെത്തിയെങ്കിലും ലൂണക്ക് ലക്ഷ്യം കണ്ടെത്താനായില്ല. 50ാം മിനുട്ടില്‍ നോച്ചയുടെ ഡയറക്ട് ഷോട്ട് ജംഷഡ്പൂര്‍ ഗോളി ഗോമസ് തട്ടിയകറ്റി. 55ാം മിനുട്ടില്‍ ലഭിച്ച കോര്‍ണറിനേയും ലക്ഷ്യത്തിലേക്കെത്തിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്കായില്ല. ഫിനിഷിങ്ങിലെ പോരായ്മ ബ്ലാസ്‌റ്റേഴ്‌സിനെ പിന്നോട്ടടിച്ചു. നോഹ അവസരങ്ങള്‍ സൃഷ്ടിക്കുമ്പോഴും ലക്ഷ്യം അകന്ന് നിന്നു.

60ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം പൊളിച്ച് ജംഷഡ്പൂര്‍ വലകുലുക്കി. കോര്‍ണറില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റിലേക്കുയര്‍ന്ന പന്തിനെ ഗോളി സച്ചിന്‍ തട്ടിയകറ്റി. റീബൗണ്ട് പന്തിനെ പ്രതിരോധിക്കുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്ക് പിഴച്ചപ്പോള്‍ പ്രതീക് ചൗധരിയിലൂടെ ജംഷഡ്പൂര്‍ വലകുലുക്കി. ഓഫ്‌സൈഡ് സംശയം ഉയര്‍ന്നെങ്കിലും റഫറി ജംഷഡ്പൂരിന് അനുകൂലമായി ഗോള്‍ വിധിക്കുകയായിരുന്നു. 64ാം മിനുട്ടിലും ജംഷഡ്പൂരിന്റെ മികച്ച മുന്നേറ്റം സനാന് എത്തിപ്പിടിക്കാനായില്ല.

തൊട്ടടുത്ത മിനുട്ടിലെ ജോര്‍ദാന്‍ മുറെയുടെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍പോസ്റ്റിന് പുറത്തുകൂടി കടന്ന് പോയി. ഗോളി സച്ചിന്റെ മികവ് കൂടി ഇല്ലായിരുന്നെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍പോസ്റ്റില്‍ ഗോളമഴ പെയ്‌തേനെ. 69ാം മിനുചട്ടില്‍ ബ്ലാസ്റ്റേഴ്‌സ് ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി. 72ാം മിനുട്ടില്‍ മുറെയുടെ ലോങ് ഷോട്ട് സച്ചിന്‍ സേവ് ചെയ്തു. അവസാന സമയത്തെ ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമങ്ങളും പാളിയതോടെ ഒരു ഗോളിന്റെ തോല്‍വിയോടെ നാണംകെടേണ്ടി വന്നു.

Story first published: Sunday, December 29, 2024, 21:35 [IST]
Other articles published on Dec 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+