ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം അരങ്ങേറ്റ സീസണില്‍ തന്നെ കണ്ണഞ്ചിപ്പിക്കുന്ന ഗോള്‍കീപ്പിങിലൂടെ ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് മലയാളി ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ്. കന്നി സീസണില്‍ കളിക്കുന്നതിന്റെ പരിഭ്രമമില്ലാതെ തൃശൂര്‍ സ്വദേശിയായ 22 കാരന്‍ ബാറിനു കീഴില്‍ ചടുലമായ പ്രകടനമാണ് മഞ്ഞപ്പടയ്ക്കായി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനകം തന്നെ ചില പെനല്‍റ്റികളും രക്ഷപ്പെടുത്തിയതോടെ സച്ചിന്‍ ആരാധകര്‍ക്കിയില്‍ പ്രിയങ്കരനായി മാറിക്കഴിഞ്ഞു.
സച്ചിന്റെ വളര്‍ച്ചയെക്കുറിച്ചും ഗോള്‍കീപ്പിങിലേക്കും കേരള ബ്ലാസ്റ്റേഴ്‌സിലേക്കുള്ള വരവിനെക്കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് താരത്തിന്റെ അച്ഛനും മുന്‍ ഗോള്‍കീപ്പറുമായ സുരേഷ്. ഒരു കാലത്തു തൃശൂര്‍ ജിംഖാന ക്ലബ്ബിന്റെ വിശ്വസ്തനായ കാവല്‍ ഭടന്‍ കൂടിയായിരുന്നു അദ്ദേഹം. ഫുട്‌ബോളില്‍ തനിക്കു നേടിയെടുക്കാന്‍ കളിയാതെ നേട്ടങ്ങള്‍ മകനിലൂടെ സ്വന്തമാക്കുന്നതിന്റെ ആഹ്ലാദത്തിലും അഭിമാനത്തിനുമാണ് അദ്ദേഹം. മൈഖേല്‍ മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ സുരേഷ് സംസാരിക്കുന്നു.

ബ്ലാസ്റ്റേഴ്‌സില്‍ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ടെങ്കിലും സച്ചിന്റെ പ്രകടനം ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് സുരേഷിന്റെ അഭിപ്രായം. യഥാര്‍ഥ കഴിവുകള്‍ അവന്‍ ഇനിയും പുറത്തെടുത്തിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഫുള്‍ ലെങ്ത്ത് വരുന്ന എയര്‍ ബോളുകള്‍ സച്ചിന്‍ നേരത്തേ ഡൈവ് ചെയ്ത് എടുക്കാറുണ്ടായിരുന്നു. പക്ഷെ അത്തരം ബോളുകള്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ ഇനിയും വന്നിട്ടില്ല. അത്തരത്തിലുള്ള ബോളുകള്‍ കുത്തിയകറ്റുകയല്ല. മറിച്ച് കൈകളിലൊതുക്കാന്‍ മിടുക്കനാണ് സച്ചിന്‍.
വളരെ ചെറുപ്പം മുതല്‍ തന്നെ ഈ കഴിവ് മകനുണ്ട്. 15 വയസ്സ് വരെ ഞാനായിരുന്നു അവനെ പരിശീലിപ്പിച്ചത്. അതുകൊണ്ടു തന്നെ സച്ചിന്റെ കഴിവിനെക്കുറിച്ച് എനിക്കു നല്ല ബോധ്യവുമുണ്ട്. ഇതു കൂടാതെ വണ്‍ വേഴ്സ് ബോളുകളെടുക്കാനും അവനു പ്രത്യേക കഴിവുണ്ട്. ഐഎസ്എല്ലിലെ വരാനിരിക്കുന്ന മല്‍സരങ്ങിളില്‍ ഈ മിടുക്ക് കാണാന്‍ സാധിക്കുമെന്നും സുരേഷ് പറയുന്നു.
സെപ്റ്റ് പറപ്പൂരിന്റെ ഗോള്‍കീപ്പിങ് കോച്ചുമാരില്‍ ഒരാളായിരുന്നു ഞാന്‍. ഏഴര വയസ്സ് മുതല്‍ തന്നെ സച്ചിന്‍ അവിടെ പോയിത്തുടങ്ങിയിരുന്നു. മകനെ ഗോള്‍കീപ്പറാക്കമെന്നു ഞങ്ങള്‍ വളരെ നേരത്തേ തന്നെ തീരുമാനിച്ച കാര്യമാണ്. പിന്നീട് സെപ്റ്റിലെത്തിയതോടെ ഗോള്‍കീപ്പറെന്ന നിലയില്‍ സച്ചിന്‍ കൂടുതല്‍ മെച്ചപ്പെട്ടു വരികയും ചെയ്തു. 15 വയസ്സ് വരെ അവന്‍ ഈ ക്യാംപില്‍ തന്നെയായിരുന്നു.
തുടര്‍ന്നു എട്ടാം ക്ലാസില്‍ കോഴിക്കോട് ഫറോക്കിലെ സ്‌കൂളിലേക്കു മാറി. സെപ്റ്റിന്റെ ഓള്‍ കേരള സെന്ററുകളില്‍ നിന്നം തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കായിരുന്നു ഇവിടെ പരിശീലനം നല്‍കിയിരുന്നത്. പ്ലസ്ടു വരെ ഫറോക്കില്‍ തന്നെ തുടര്‍ന്ന സച്ചിന്‍ അതിനു ശേഷമാണ് ബിരുദ പഠനത്തിനു വേണ്ടി നാട്ടിലേക്കു മടങ്ങിയെത്തിയതെന്നും സുരേഷ് വിശദമാക്കി.
ആദ്യത്തേത് മകളായിരുന്നു. രണ്ടാമത്തെയാള്‍ മകനാണെങ്കില്‍ അവനെ എന്റെ വഴിയെ ഗോള്‍കീപ്പറാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. കുഞ്ഞായിരിക്കെ അവനു ഞാന്‍ വാങ്ങിക്കൊടുത്ത കളിപ്പാട്ടങ്ങളില്‍ കൂടുതലും ബോളുകള്‍ തന്നെയായിരുന്നു. അവന്‍ വലുതായിക്കൊണ്ടിരിക്കെ ബോളിന്റെ വലിപ്പവും കൂട്ടിക്കൊണ്ടിരുന്നു. നാലു വയസ്സുളളപ്പോള്‍ തന്നെ വീടിനകത്തു വച്ച് അവന്‍ ബോള്‍ എറിഞ്ഞുകൊടുക്കമ്പോള്‍ ഡൈവ് ചെയ്തു പിടിക്കാനും തടുക്കാനുമെല്ലാം ശ്രമിച്ചിരുന്നു. ഇതോടെ അവനും ഫുട്‌ബോളിനോടു വലിയ താല്‍പ്പര്യമാവുകയും ചെയ്തതായി സുരേഷ് പറയുന്നു.
ഞാന്‍ കളിച്ചിരുന്ന കാലത്തു ഒരുപാട് എതിര്‍പ്പുകള്‍ പല ഭാഗങ്ങളില്‍ നിന്നും എനിക്കു നേരിടേണ്ടി വന്നിരുന്നു. അച്ഛന്‍ പിഡബ്ല്യുഡിയിലെ ഓവര്‍സിയറും അമ്മ അധ്യാപികയുമായിരുന്നു. പഠനത്തിനായിരുന്നു അവര്‍ക്കു പ്രാധാന്യം. ഞാന്‍ ഫുട്‌ബോളിനു പിന്നാലെ നടക്കുന്നതിനോടു അവര്‍ക്കു താല്‍പ്പര്യമിലായിരുന്നു.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീമിന്റെ ക്യാംപിലേക്കു എനിക്കു സെലക്ഷന്‍ കിട്ടിയതോടെയാണ് അച്ഛനു മനംമാറ്റം വരുന്നത്. പക്ഷെ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ കാരണം കരിയറില്‍ പ്രതീക്ഷിച്ചതു പോലെ ഉയര്‍ന്നുവരാനായില്ല. അതുകൊണ്ടു തന്നെ എനിക്കൊരു മകനുണ്ടായാല്‍ അവനെ ഫുട്‌ബോളറാക്കി മാറ്റണമെന്ന അതിയായ ആഗ്രവും ഉണ്ടായിരുന്നതായി സുരേഷ് പറഞ്ഞു.
പെനല്‍റ്റികള്‍ സേവ് ചെയ്യുകയെന്നതു വളരെ ചെറുപ്പം മുതല്‍ തന്നെ സച്ചിനു വലിയ ഹരമായിരുന്നു. ഒമ്പതാം വയസ്സില്‍ ക്യാംപിന്റെ ഭാഗമായിരുന്നപ്പോള്‍ തന്നെ പെനല്‍റ്റികള്‍ നേരിടാന്‍ അവനു വലിയ താല്‍പര്യമായിരുന്നു. ഞാനും അവനെപ്പോലെ തന്നെയായിരുന്നു. പെനല്‍റ്റികള്‍ സേവ് ചെയ്യാന്‍ എനിക്കും വലിയ ഇഷ്ടമായിരുന്നു.
ഗോള്‍കീപ്പറെന്ന നിലയില്‍ എനിക്കുള്ള പല കഴിവുകളും സച്ചിനുമുണ്ടെന്നു കുട്ടിയായിരിക്കെ അവനെ പരിശീലിപ്പിച്ചിരുന്നപ്പോള്‍ മനസ്സിവാക്കാന്‍ സാധിച്ചിരുന്നു. എനിക്കു സംഭവിച്ചിരുന്ന തെറ്റുകള്‍ സച്ചിനും ആവര്‍ത്തിക്കാറുണ്ടായിരുന്നു. തുടക്കത്തില്‍ തന്നെ അവനെ അതു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാനും തെറ്റ് തിരുത്തിയെടുക്കാനു തനിക്കു സാധിച്ചതായും സുരേഷ് വ്യക്തമാക്കി.
ഗോള്‍കീപ്പിങില്‍ എന്നേക്കാള്‍ മിടുക്കനാണ് സച്ചിന്‍. അന്നത്തെ കാലമല്ല ഇപ്പോഴത്തേത്. ഞാന്‍ അന്നു കളിച്ചിരുന്ന സമയത്തു കൂടുതലും സെവന്‍സ് ടൂര്‍ണമെന്റുകളാണുണ്ടായിരുന്നത്. ഇപ്പോഴത്തെ തലമുറയ്ക്കാണ് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത്. പെര്‍ഫോം ചെയ്യാന്‍ മാത്രമല്ല ഇപ്പോള്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. ഇവയെല്ലാം അവരെ കൂടുതല്‍ മെച്ചപ്പെട്ട താരങ്ങളായി മാറാന്‍ സഹായിക്കുന്നതായും സുരേഷ് പറഞ്ഞു.

കേരള വര്‍മ കോളേജില്‍ പഠിച്ചിരുന്ന സമയത്ത് എഫ്‌സി കേരള ടീമിനു വേണ്ടിയാണ് സച്ചിന്‍ കളിച്ചിരുന്നത്. പുരുഷോത്തമനായിരുന്നു ടീമിനെ അന്നു പരിശീലിപ്പിച്ചിരുന്നത്. ഈ സമയത്താണ് കേരള ബ്ലാസ്റ്റേഴ്സിന്റെ റിസര്‍വ് ടീമിലേക്കു മകനു ക്ഷണം ലഭിക്കുന്നത്. ആ സമയത്തു അവരുടെ കോച്ച് മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ യൂസുഫ് അന്‍സാരിയായിരുന്നു. അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ജൂനിയര്‍ കോച്ചായിരിക്കെ കീഴില്‍ സച്ചിന്‍ കളിക്കുകയും ചെയ്തിരുന്നു.
ഗോള്‍കീപ്പര്‍മാരോടു അദ്ദേഹത്തിനു അന്നു മുതല്‍ പ്രത്യേക താല്‍പ്പര്യവുമായിരുന്നു. സച്ചിന്റെ കഴിവിലും അന്‍സാരിക്കു നല്ല മതിപ്പായിരുന്നു. എഫ്‌സി കേരളയും കേരള ബ്ലാസ്റ്റേഴ്സിന്റെ റിസര്‍വ് ടീമും തമ്മില്‍ ഒരു മല്‍സരം നടന്നിരുന്നു. ഈ സമയത്താണ് സച്ചിനെ ബ്ലാസ്റ്റേഴ്‌സിലേക്കു അദ്ദേഹം വിളിക്കുന്നത്. എഫ്‌സി കേരളയുമായുള്ള കരാറിനു ശേഷം സച്ചിന്‍ ബ്ലാസ്റ്റേഴ്സിലേക്കു മാറുകയും ചെയ്തു. രണ്ടു വര്‍ഷം ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ് ടീമില്‍ കളിച്ച ശേഷമാണ് ഇത്തവണ സീനിയര്‍ ടീമിലേക്കു അവസരം കിട്ടിയതെന്നും സുരേഷ് വ്യക്തമാക്കി.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വിലസിയിരുന്ന സമയത്താണ് മകന്‍ ജനിക്കുന്നത്. മകനുണ്ടായാല്‍ അവനു സച്ചിനെന്നു പേരിടുമെന്നും അവനെ ഗോളിയാക്കുമെന്നും ഞാന്‍ അപ്പോള്‍ വീട്ടില്‍ പറയാറുണ്ടായിരുന്നു. ക്രിക്കറ്റില്‍ ഒരു സച്ചിനുള്ളതു പോലെ ഫുട്‌ബോളിലും നമുക്കു ഒരു സച്ചിന്‍ ഉയര്‍ന്നു വരണമെന്നു തമാശയായി അന്നു താന്‍ പറഞ്ഞിരുന്നുവെന്നും സുരേഷ് വെളിപ്പെടുത്തി. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ഭാര്യ ലീന എയ്ഡഡ് സ്‌കൂളില്‍ പ്രിന്‍സിപ്പളാണ്. മകള്‍ ശ്രുതി എംടെക്ക് പഠനത്തിനു ശേഷം ജോലിക്കു പോവുകയും ചെയ്യുന്നു.