കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനോട് തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ബംഗാളിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 2-1നാണ് ബ്ലാസ്‌റ്റേഴ്‌സ് നാണംകെട്ടത്. ലഭിച്ച അവസരങ്ങളെല്ലാം ബ്ലാസ്‌റ്റേഴ്‌സ് പാഴാക്കിയപ്പോള്‍ നാണംകെട്ട് തലകുനിക്കേണ്ടി വരികയായിരുന്നു.
4-4-2 ഫോര്‍മേഷനിലിറങ്ങിയ ആതിഥേയരായ ഈസ്റ്റ് ബംഗാളിനെ 4-2-3-1 ഫോര്‍മേഷനിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് നേരിട്ടത്. അവസാന മൂന്ന് മത്സരത്തില്‍ രണ്ട് ജയവും ഒരു സമനിലയും നേരിട്ട ആത്മവിശ്വാസത്തിലാണ് ഈസ്റ്റ് ബംഗാളിനെതിരേ ബ്ലാസ്റ്റേഴ്‌സ് ബൂട്ടണിഞ്ഞത്. പോയിന്റ് പട്ടികയില്‍ 11ാം സ്ഥാനത്തുണ്ടായിരുന്ന ഈസ്റ്റ് ബംഗാളിനെതിരേ അനായാസമായി ആധിപത്യം കാട്ടാനിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പിഴച്ചു. തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സിനെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമാണ് ഈസ്റ്റ് ബംഗാള്‍ കാഴ്ചവെച്ചത്.
11ാം മിനുട്ടില്‍ ഫ്രഡ്ഡിയുടെ പിഴവില്‍ നിന്ന് ലഭിച്ച പന്തിനെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് എത്തിക്കാന്‍ ഈസ്റ്റ് ബംഗാളിനായി. എന്നാല്‍ ഡിമാന്റാക്കോസിന്റെ മുന്നേറ്റം കൃത്യമായി ക്ലിയര്‍ ചെയ്തു. 15ാം മിനുട്ടില്‍ ഈസ്റ്റ് ബംഗാളിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തിച്ച ഈസ്റ്റ് ബംഗാള്‍ 21ാം മിനുട്ടില്‍ ലക്ഷ്യം കണ്ടു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ വീഴ്ച മുതലാക്കിയാണ് ബംഗാള്‍ വലകുലുക്കിയത്.
വലത് വിങ്ങില്‍ നിന്ന് പന്ത് തട്ടിയെടുത്ത് മലയാളി താരം വിഷ്ണു നടത്തിയ മുന്നേറ്റം ബ്ലാസ്‌റ്റേഴ്‌സ് ഗോളി സച്ചിന്‍ സുരേഷിനേയും മറികടന്ന് ബോക്‌സിലെത്തി. പോസ്റ്റിന് മുന്നില്‍ നിന്ന് കൊറൗവിന് പന്ത് ക്ലിയര്‍ ചെയ്യാന്‍ അവസരമുണ്ടായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അത് സാധിക്കാതെ പോയതോടെ ഈസ്റ്റ് ബംഗാള്‍ ലീഡ് നേടുകയായിരുന്നു. പിന്നീടും ഈസ്റ്റ് ബംഗാളിന് സുവര്‍ണ്ണാവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ബ്ലാസ്റ്റേഴ്‌സ് ഗോളി സച്ചിന്റെ മിന്നും സേവ് ഒരു ഗോള്‍ തടുത്തു.

photo credit : https://x.com/KeralaBlasters/status/1882802046988095759/photo/1
പ്രതിരോധത്തിലും ആക്രമണത്തിലും ബ്ലാസ്‌റ്റേഴ്‌സ് ദുരന്തമായതോടെ ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് നേടാന്‍ ഈസ്റ്റ് ബംഗാളിനായി. രണ്ടാം പകുതിയിലും ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ആക്രമണത്തിന് മൂര്‍ച്ചയില്ലാത്ത പ്രകടനമാണ് ടീം കാഴ്ചവെച്ചത്. ഈസ്റ്റ് ബംഗാള്‍ താരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റിലേക്ക് നിരന്തരം പന്തെത്തിച്ചു. 64ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നോഹക്ക് കിട്ടിയ അവസരം ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു.
ഇതിനിടെ ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണയെ സെലിസ് തള്ളി വീഴ്ത്തി. ഇതിന് പിന്നാലെ സന്ദീപ് സെലിസിനെ തള്ളി. രണ്ട് പേര്‍ക്കും റഫറി മഞ്ഞക്കാര്‍ഡും നല്‍കി. ബ്ലാസ്റ്റേഴ്‌സിന്റെ പ്രത്യാക്രമണങ്ങളുടെ ചിറകരിഞ്ഞ് 72ാം മിനുട്ടില്‍ ഈസ്റ്റ് ബംഗാള്‍ രണ്ടാം ഗോള്‍ നേടി. കോര്‍ണറില്‍ നിന്ന് ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന പന്തില്‍ ഹിജാസി ഹെഡറിലൂടെ വലയിലെത്തിച്ചു. 80ാം മിനുട്ടിലെ പെപ്രാഹിന്റെ ദുര്‍ബലമായ ഷോട്ട് ഈസ്റ്റ് ബംഗാള്‍ ഗോളി തടുത്തു. തൊട്ടടുത്ത മിനുട്ടില്‍ ജിമിനസിന് സുവര്‍ണ്ണാവസരം.
എന്നാല്‍ ഷോട്ട് ഈസ്റ്റ് ബംഗാള്‍ പോസ്റ്റിന് മുകളിലൂടെ പോയി. പരുക്കന്‍ കളിയോടെ ഈസ്റ്റ് ബംഗാള്‍ അവസാന മിനുട്ടുകളിലും കളം നിറഞ്ഞു. 84ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോള്‍ മടക്കി. ലൂണയുടെ ഫ്രീ കിക്കിലൂടെയെത്തിയ പന്ത് ഈസ്റ്റ് ബംഗാള്‍ പ്രതിരോധം തട്ടിയകറ്റി. എന്നാല്‍ ഹെഡ് ചെയ്ത് പെപ്രാഹ് നല്‍കിയ പാസിനെ ഹാഫ് വോളിയിലൂടെ ഡാനിഷ് ഫറൂഖ് വലയിലെത്തിച്ചു. 79ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയാണ് ഡാനിഷിന്റെ മനോഹരമായ ഗോള്‍. 89ാം മിനുട്ടിലെ പെപ്രാഹിന്റെ ലോങ് ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 2-1ന് ജയം ഈസ്റ്റ് ബംഗാളിനൊപ്പം.