ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആദ്യപാദ സെമിയില്‍ ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഡല്‍ഹി ഡൈനാമോസ് ഫൈനലിലേക്ക് ഒരുപടികൂടി അടുത്തു. രണ്ടാം പാദം ഡിസംബര്‍ 15ന് ഗോവയില്‍ നടക്കും. അതില്‍ സമനില നേടിയാലും റോബര്‍ട്ടോ കാര്‍ലോസിന്റെ ഡല്‍ഹിക്ക് ഫൈനലില്‍ കടക്കാം.
42-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം റോബിന്‍ സിങ് നേടിയ ഗോളാണ് ഡല്‍ഹിക്ക് വിജയം നേടിക്കൊടുത്തത്. ചീക്കോയുടെ അളന്നുമുറിച്ച ക്രോസ്, ബോക്‌സില്‍ ഉയര്‍ന്നുചാടിയ റോബിന്‍ സിങ് വലയിലാക്കുകയായിരുന്നു. അതോടെ ടൂര്‍ണമെന്റില്‍ റോബിന്‍ സിങ് നേടുന്ന നാലാം ഗോള്‍ അയി അത് മാറി.

ഇരുപകുതികളിലുമായി അനവധി അവസരങ്ങള്‍ ഇരുടീമുകള്‍ക്കും ലഭിച്ചു എങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. 87-ാം മിനിറ്റില്‍ സമനില ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ഗോവ കളഞ്ഞുകുളിച്ചു. അതോടെ അനിവാര്യമായ തോല്‍വി അവര്‍ വഴങ്ങി. കാണികളുടെ പിന്തുണകൂടി ഉണ്ടായിരുന്ന ഡല്‍ഹി മികച്ച ഒത്തിണക്കം കാഴ്ച വച്ചു. ഇരുടീമുകളും ആക്രമിച്ചു കളിച്ചപ്പോള്‍ കളി പലപ്പോഴും പരുക്കനായി മാറി. ഡല്‍ഹിയുടെ ചീക്കോയും ലാല്‍താമുവാനയ്ക്കും മഞ്ഞക്കാര്‍ഡ് കിട്ടി.
ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായാണ് എഫ്‌സി ഗോവയെ ഡല്‍ഹി ഡൈനാമോസ് തോല്‍പ്പിക്കുന്നത്. ഇനി ഗോവയില്‍ നടക്കുന്ന രണ്ടാം പാദ സെമിയാകും ഇരുവരുടേയും ഫൈനല്‍ സാധ്യത നിര്‍ണയിക്കുക.