Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2023-24: ആശാന്‍ വന്നു, വിജയസമ്മാനവുമായി സ്വീകരിച്ച് മഞ്ഞപ്പട! ത്രില്ലിങ് വിജയം

കൊച്ചി: 10 മല്‍സരങ്ങളിലെ വിലക്ക് കഴിഞ്ഞ് ഐഎസ്എല്ലിലേക്കു തിരിച്ചെത്തിയ കോച്ച് ഇവാന്‍ വുക്കമനോവിച്ചിന്റെ മടങ്ങിവരവ് ത്രസിപ്പിക്കുന്ന വിജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആഘോഷിച്ചു. കൊച്ചിയിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ശക്തരായ ഒഡീഷ എഫ്‌സിയെയാണ് മഞ്ഞപ്പട ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടന്നത്. ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമായിരുന്നു രണ്ടാംപകുതിയില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് മഞ്ഞപ്പടയുടെ നാടകീയ വിജയം.

15ാം മിനിറ്റില്‍ ഡീഗോ മൗറീഷ്യോയുടെ ഗോളിലാണ് ഒഡീഷ ലീഡ് കൈക്കലാക്കിയത്. രണ്ടാം പകുതിയില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ മഞ്ഞപ്പട 66ാം മിനിറ്റില്‍ ദിമിത്രി ഡയാമെന്റക്കോസിന്റെ ഗോളില്‍ ഒപ്പമെത്തി. നിശ്ചിത സമയം തീരാന്‍ നാലു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ വണ്ടര്‍ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് അവിസ്മരണീയ വിജയം സ്വന്തമാക്കുകയും ചെയ്തു.

BLASTERS

ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയായിരുന്നു മല്‍സരത്തിന്റെ തുടക്കം. കളി തുടങ്ങി മൂന്നാമത്തെ മിനിറ്റില്‍ തന്നെ അവര്‍ ഒഡീഷ ഗോള്‍കീപ്പറെ ആദ്യ സേവിനു പ്രേരിപ്പിക്കുകയും ചെയ്തു. ക്വാമ പെപ്ര നല്‍കിയ പാസില്‍ ബോക്‌സിനു പുറത്തു നിന്നുള്ള മലയാളി താരം കെപി രാഹുലിന്റെ ഷോട്ട് ഗോളി രക്ഷപ്പെടുത്തുകയായിരുന്നു. മൂന്നു മിനിറ്റിനകം ഒഡീഷയുടെ കൗണ്ടര്‍ അറ്റാക്ക്. ബോക്‌സിനു പുറത്തു നിന്നും ഐസക്ക് വന്‍ലാല്‍റുത്ത്‌വേലയുടെ ലോങ്‌റേഞ്ച് ഗോളി സച്ചിന്‍ സുരേഷിനു ഭീഷണിയുയര്‍ത്താതെ ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്.

തുടര്‍ന്നും ഇരുടീമുകളും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തവെയാണ് 15ാം മിനിറ്റില്‍ തികച്ചും അപ്രതീക്ഷിതമായി ഒഡീഷ അക്കൗണ്ട് തുറക്കുന്നത്. കളിയില്‍ അവര്‍ക്കു ലഭിച്ച ആദ്യത്തെ ഗോളവസരം കൂടിയായിരുന്നു ഇത്. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഡീഗോ മൗറീഷ്യോയണ് കലൂര്‍ സ്‌റ്റേഡിയത്തെ നിബ്ദമാക്കി ഒഡീഷയെ മുന്നിലെത്തിച്ചത്.

ഗൊഡ്ഡാര്‍ഡ് വലതു വിങില്‍ നിന്നും നല്‍കിയ മനോഹരമായ ത്രൂ ബോളുമായി രണ്ടു ബ്ലാസ്‌റ്റേഴ്‌സ്ത താരങ്ങള്‍ക്കിടയിലൂടെ ബോക്‌സിലേക്കു ഓടിക്കയറിയ മൗറീഷ്യോ ഗോളിയെ നിസ്സഹായനാക്കി വല കുലുക്കുകയായിരുന്നു. ലീഡ് വഴങ്ങിയതോടെ ഉണര്‍ന്നു കളിച്ച ബ്ലാസ്റ്റേഴ്‌സ് നിരന്തരം ആക്രമണങ്ങളഴിച്ചുവിട്ടു.

ഇതോടെ ഒഡീഷ ബാക്ക്ഫൂട്ടിലാവുകയും ചെയ്തു. പലപ്പോഴും സമയം പാഴാക്കി ബ്ലാസ്റ്റേഴ്‌സിന്റെ താളം തെറ്റിക്കുകയെന്ന തന്ത്രമായിരുന്നു ഒഡീഷ പരീക്ഷിച്ചത്. 22ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് റഫറി ഒഡീഷയ്ക്കു അനുകൂലമായി പെനല്‍റ്റി വിധിച്ചു.

BLASTERS

പക്ഷെ മൗറീഷ്യോയുടെ പെനല്‍റ്റി കിക്ക് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് ബ്ലോക്ക് ചെയ്യുകയായിരുന്നു. റീബൗണ്ടില്‍ നിന്നും മറ്റൊരു ഒഡീഷ താരവും വലയിലേക്കു ഷോട്ട് തൊടുത്തെങ്കിലും അതും ഗോളി പിടിയിലൊതുക്കി. 1-0ന്റെ ലീഡുമായാണ് ഒഡീഷ ആദ്യ പകുതി അവസാനിപ്പിച്ചത്.

രണ്ടാംപകുതിയില്‍ ആക്രമണത്തിനു മൂര്‍ച്ച കൂട്ടിയ ബ്ലാസ്റ്റേഴ്‌സ് ഏതു നിമിഷവും ഗോള്‍ മടക്കുമെന്ന പ്രതീതിയുണ്ടാക്കി. 66ാം മിനിറ്റില്‍ ഡയാമെന്റക്കോസിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചുവാങ്ങി. ഫൗളിനൊടുവില്‍ വളരെ പെട്ടെന്ന് എടുത്ത ഫ്രീകിക്കിനൊടുവില്‍ ഇടതു വിങില്‍ നിന്നും ഡെയ്‌സുക്കെ സക്കായ് നല്‍കിയ പാസ് ഡയാമെന്റക്കോസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലേക്കു പ്ലേസ് ചെയ്യുകയായിരുന്നു. ഇതോടെ കളിയുടെ പിരിമുറുക്കം കൂടുകയും ചെയ്തു.

ഒടുവില്‍ 86ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് വിജയ ഗോളും കണ്ടെത്തി. വലതു വിങിലൂടെയുള്ള അതിവേഗ മുന്നേറ്റത്തിനൊടുവില്‍ ഒഡീഷ താരം ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ബോള്‍ നേരെ ലൂണയുടെ കാലില്‍. അതു പിടിച്ചെടുത്ത ലൂണ ബോക്‌സിലേക്കു കയറിയ ശേഷം സെക്കന്റ് പോസ്റ്റ് ലക്ഷ്യമാക്കി ബോള്‍ ചിപ്പ് ചെയ്തിട്ടു. ഗോളിയെ കാഴ്ചക്കാരനാക്കി അതു വലയില്‍ തുളഞ്ഞുകയറിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആവേശവും അണ പൊട്ടി.

Story first published: Friday, October 27, 2023, 22:39 [IST]
Other articles published on Oct 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+