Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2023-24: ആദ്യം സെല്‍ഫ് ഗോള്‍, പിന്നെ ലൂണ! കണക്കുതീര്‍ത്ത് മഞ്ഞപ്പട; ചേത്രി കാണുന്നില്ലേ?

കൊച്ചി: കഴിഞ്ഞ ഐഎസ്എല്‍ സീസണിന്റെ സെമി ഫൈനലിലേറ്റ മുറിവുണക്കി മഞ്ഞപ്പട. ചതിയിലൂടെ നേടിയ ഗോളില്‍ തങ്ങളെ ടൂര്‍ണമെന്റില്‍ പുറത്താക്കിയ ബെംഗളൂരു എഫ്‌സിയെ കലൂരിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പിച്ചിച്ചീന്തി! ഐഎസ്എല്ലിന്റെ പത്താം സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ മധുരപ്രതികാരം. മഞ്ഞപ്പടയുടെ രണ്ടു ഗോളുകളും രണ്ടാംപകുതിയിലായിരുന്നു.

കെസിയ വീന്‍ഡോര്‍പ്പിന്റെ സെല്‍ഫ് ഗോളില്‍ അക്കൗണ്ട് തുറന്ന ബ്ലാസ്റ്റേഴ്‌സ് 69ാം മിനിറ്റില്‍ വിജയമുറപ്പിച്ച രണ്ടാമത്തെ ഗോളും കണ്ടെത്തി. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയായിരുന്നു സ്കോറര്‍. അവസാന മിനിറ്റില്‍ കേര്‍ട്ടിസ് മെയ്‌നിലൂടെയാണ് ബെംഗളൂരു ഗോള്‍ മടക്കിയത്. കഴിഞ്ഞ സീസണിലെ സെമിയില്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരേ വിവാദ ഫ്രീകിക്ക് ഗോള്‍ നേടിയ ഇതിഹാസ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിയില്ലാതെ ഇറങ്ങിയ ബെംഗളൂരുവിനെതിരേ ആധിപത്യം പുലര്‍ത്തിയാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ മഞ്ഞപ്പട വിജയക്കൊടി നാട്ടിയത്.

BLASTERS VS BENGALURU

തിമിര്‍ത്തുപെയ്ത മഴയില്‍ കിക്കോഫ് തുടങ്ങിയ കളിയില്‍ മഞ്ഞപ്പടയുടെ കടന്നാക്രമണത്തിനാണ് കലൂര്‍ സ്റ്റേഡിയം സാക്ഷിയായത്. ആദ്യ വിസില്‍ മുതല്‍ അറ്റാക്കിങ് ഗെയിം കാഴ്ചവച്ച മഞ്ഞപ്പട ബെംഗളൂരുവിനെ ബാക്ക്ഫൂട്ടിലാക്കി. ആദ്യ 10 മിനിറ്റോളം ബോള്‍ ബെഗളൂരുവിന്റെ ഹാഫില്‍ തന്നെയായിരുന്നു. ഇടതു വിങിലൂടെ മഞ്ഞപ്പട നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.

തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കടന്നാക്രമണത്തിനു മുന്നില്‍ പതറിപ്പോയ ബെംഗളൂരു മഴ മാറിയതോടെ പതിയെ കളിയിലേക്കു തിരികെ വന്നു. ഇതോടെ കളിയുടെ ചൂടും കൂടി. പക്ഷെ ആദ്യത്തെ 25 മിനിറ്റില്‍ ഇരുടീമിലെയും ഗോള്‍കീപ്പര്‍മാര്‍ പരീക്ഷിക്കപ്പെട്ടില്ല. കാരണം രണ്ടു ടീമുകളുടെയും മുന്നേറ്റങ്ങള്‍ പലപ്പോഴും പ്രതിരോധത്തില്‍ തട്ടിത്തകരുകയായിരുന്നു.

26ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനു അക്കൗണ്ട് തുറക്കാനുള്ള സുവര്‍ണാവസരം. വലതു വിങിലൂടെ ഡ്രിബിള്‍ ചെയ്ത് ബോക്‌സിലേക്ക കുതിച്ചെത്തിയ ബ്ലാസ്റ്റേഴ്‌സിന്റെ ജപ്പാനീസ് താരം ഡെയ്‌സുക്കെ സക്കായിയെ ബെംഗളൂരുവിന്റെ ജെസ്സല്‍ കാര്‍ണെയ്‌റോ പിറകില്‍ നിന്നും വലിച്ചിടുകയായിരുന്നു.

ബോക്‌സിനു തൊട്ടരികില്‍ വച്ചായിരുന്നു ഫൗള്‍. പ്രബീര്‍ ദാസുള്‍പ്പെടെയുള്ള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പെനല്‍റ്റിക്കു വേണ്ടി റഫറിയോടു നിരന്തരം വാദിച്ചെങ്കലും ഫ്രീകിക്ക് മാത്രമേ അനുവദിക്കപ്പെട്ടുള്ളൂ. സക്കായിയായിരുന്നു ബോക്‌സിലേക്കു കിക്കെടുത്തത്. പക്ഷെ ബ്ലാസ്റ്റേഴ്‌സ് താരം മിലോസ് ഡ്രിന്‍സിച്ചിന്റെ ഹെഡ്ഡര്‍ ഭീഷണിയുയര്‍ത്താതെ പുറത്തേക്ക്.

അതിനു ശേഷം ബെംഗളൂരുവും കൂടുതല്‍ അഗ്രസീവായ, അറ്റാക്കിങ് ശൈലിയിലേക്കു മാറിയതോടെ ബ്ലാസ്‌റ്റേഴ്‌സിനു കളിയിലെ നിയന്ത്രണം പതിയെ നഷ്ടമായി. പിന്നീട് കളി ഇഞ്ചോടിഞ്ചായിരുന്നു. 32ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യത്തെ ഓണ്‍ ദി ടാര്‍ഗറ്റ് ഗോള്‍ ശ്രമം കണ്ടു.

ബെംഗളുരു ബോക്‌സിനു തൊട്ടരികില്‍ നിന്നം ടീമംഗം ക്വാമെ പെപ്ര മറിച്ചു നല്‍കിയ പാസില്‍ സക്കായിയുടെ ദുര്‍ബലമായ ഷോട്ട് ബെംഗളൂരു ഗോളി സന്ധു അനായാസം കൈപ്പിടിയിലൊതുക്കി. ഷോട്ട് വേണ്ടതു പോലെ കണക്ട് ചെയ്യാന്‍ ബ്ലാസ്‌റ്റേഴ്‌സ് താരത്തിനു കഴിയാതെ പോയതാണ് തിരിച്ചടിയായത്.

37ാം മിനിറ്റില്‍ ബെംഗളൂരു ആദ്യമായി ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി ഗോളി സച്ചിന്‍ സുരേഷിനെ പരീക്ഷിച്ചു. കിടിലനൊരു ഗോള്‍ ശ്രമമായിരുന്നു അത്. ആദ്യപകുതിയിലെ ഏറ്റവും മികച്ച ഗോളവസരവും ഇതു തന്നെയായിരുന്നു. ബോക്‌സിനു പുറത്തു നിന്നും സുരേഷ് വാങ്യാം ഒരു ലോങ് റേഞ്ചറായിരുന്നു തൊടുത്തത്.

ISL

ഗോളിലേക്കു താഴ്ന്നിറങ്ങിയ താരത്തിന്റെ ഷോട്ട് അവസാന നിമിഷം ഗോളി സച്ചിന്‍ ചാടിയുയര്‍ന്ന് ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ കുത്തിയകറ്റി. 40ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് താരം പെപ്ര ഒരു ലോങ്‌റേഞ്ചര്‍ തൊടുത്തെങ്കിലും ഗോള്‍കീപ്പര്‍ക്കു വെല്ലുവിളിയുയര്‍ത്താതെ കടന്നുപോയി. ഇതോടെ ആദ്യപകുതിയില്‍ കളി ഗോള്‍രഹിതമായി തന്നെ പിരിയുകയും ചെയ്തു.

ഒന്നാംപകുതിയേക്കാള്‍ ചടുലവും ആവേശകരവുമായിരുന്നു രണ്ടാംപകുതി. ഗോളിനായി ഇരുടീമുകളും തുടക്കം മുതല്‍ ആക്രമണമഴിച്ചുവിട്ടു. 51ാം മിനിറ്റില്‍ പെപ്രയിലൂടെ ബ്ലാസ്റ്റേഴ്‌സ് നല്ലൊരു ഗോള്‍ നീക്കം നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. തൊട്ടടുത്ത മിനിറ്റില്‍ കലൂര്‍ സ്‌റ്റേഡിയത്തിലെ മഞ്ഞക്കടലിനെ ഇളക്കി മറിച്ച് ബ്ലാസ്റ്റേഴ്‌സ് അക്കൗണ്ട് തുറന്നു.

വലതുമൂലയില്‍ നിന്നുള്ള ബ്ലാസ്റ്റേഴ്‌സിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നും ജീക്‌സണ്‍ ചാടിയുയര്‍ന്ന് ഹെഡ്ഡ് ചെയ്തു. ഇതു ബോക്‌സിനകത്ത് പ്രതിരോധിക്കാന്‍ തയ്യാറായി നിന്ന കെസിയ വീന്‍ഡോര്‍പ്പിന്റെ ദേഹത്തു തട്ടി സ്വന്തം വലയില്‍ കയറുകയായിരുന്നു.

69ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ലൂണയിലൂടെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാമത്തെ ഗോള്‍ കണ്ടെത്തി. ഇത്തവണ ഗോളി സന്ധുവിനു സംഭവിച്ച വലിയൊരു പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. ടീമംഗം നല്‍കിയ ഒരു ബാക്ക് പാസ് സ്വീകരിച്ച സന്ധു അതു അല്‍പ്പം മുന്നോട്ടു തള്ളി ഗോള്‍ കിക്കിനു ശ്രമിക്കുകയായിരുന്നു. എന്നാല്‍ കുതിച്ചെത്തിയ ലൂണ അതു സന്ധുവിന്റെ കാലില്‍ നിന്നും തട്ടിയെടുത്ത് ബെംഗളുരു വലയിലേക്കു വഴി തിരിച്ചുവിടുകയും ചെയ്തു.

Story first published: Thursday, September 21, 2023, 22:09 [IST]
Other articles published on Sep 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+