
മുംബൈ: ഐഎസ്എല്ലില്‍ മുന്‍ ചാംപ്യന്‍മാര്‍ തമ്മിലുള്ള ത്രില്ലറില്‍ പോയിന്റ് പങ്കുവച്ച് മുംബൈ സിറ്റി എഫ്‌സിയും എടിക്കെ മോഹന്‍ ബഗാനും. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന ആവേശകരമായ കളിയില്‍ രണ്ടു ടീമുകളും രണ്ടു ഗോളുകള്‍ വീതമടിച്ച് ഒപ്പത്തിനൊപ്പം നില്‍ക്കുകയായിരുന്നു. ഓരോ തവണയും പിന്നില്‍ നിന്ന ശേഷമാണ് ഗോളുകള്‍ മടക്കി എടിക്കെ മുംബൈയെ കുരുക്കിയത്. ലാലിയന്‍സുവാല ചാങ്‌ത്തെ (നാലാം മിനിറ്റ്), റോസ്റ്റിന്‍ ഗ്രിഫിത്ത്‌സ് (72) എന്നിവരാണ് മുംബൈയുടെ സ്‌കോറര്‍മാര്‍. എടിക്കെയുടെ ആദ്യ ഗോള്‍ 47ാം മിനിറ്റില്‍ മുംബൈ താരം മെഹ്താബ് ഹുസൈന്റെ സംഭാവന ആയിരുന്നെങ്കില്‍ രണ്ടാം ഗോള്‍ 89ാം മിനറ്റില്‍ കാള്‍ മക്ഹ്യുവാണ് നേടിയത്.
75ാം മിനിറ്റില്‍ എടിക്കെയുടെ ലെന്നി റോഡ്രിഗസിനെ റഫറി നേരിട്ടു ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കിയിരുന്നു. മുംബൈയുടെ ഗ്രെഗ് സ്റ്റുവര്‍ട്ടിനെ മനപ്പൂര്‍വ്വം ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു റഫറിയുടെ നിര്‍ണായക തീരുമാനം. ഈ മല്‍സരത്തിലെ സമനില മുംബൈ, എടിക്കെ ടീമുകള്‍ക്കു പോയിന്റ് പട്ടികയില്‍ ഗുണം ചെയ്തിട്ടുണ്ട്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ മുംബൈ മൂന്നാംസ്ഥാനത്തേക്കു കയറിയപ്പോള്‍ ഒരു സ്ഥാനംതന്നെ മുന്നോട്ടു കയറി എടിക്കെ അഞ്ചാമതുമെത്തി.

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ സ്വന്തം കാണികള്‍ക്കു മുന്നില്‍ മുംബൈ എടിക്കെയുടെ വല ചലിപ്പിച്ചിരുന്നു. കിടിലനൊരു ഷോട്ടിലൂടെയാണ് ചാങ്‌തെ വലകുലുക്കിയത്. ബോക്‌സിനു പുറത്തു നിന്നും താരം തൊടുത്ത വെടിയുണ്ട കണക്കെയുള്ള ലോങ്‌റേഞ്ചര്‍ ഗോളിയെ നിസ്സഹായനാക്കി ക്രോസ് ബാറില്‍ ഇടിച്ച ശേഷം വലയ്ക്കുള്ളിലും കുത്തിയുയര്‍ന്ന് പുറത്തേക്കു തെറിക്കുകയായിരുന്നു. പന്ത് ഗോള്‍വര കടന്നതായി വ്യക്തമായതോടെ റഫറി ഗോള്‍ അനുവദിക്കുകയും ചെയ്തു. ഗോള്‍ മടക്കാന്‍ ആദ്യ പകുതിയില്‍ ഒരുപാട് അവസരങ്ങള്‍ എടിക്കെയ്ക്കു ലഭിച്ചു. പക്ഷെ നിര്‍ഭാഗ്യവശാല്‍ അവര്‍ക്കു ഒന്നു പോലും മുതലാക്കാനായില്ല. ആദ്യ പകുതി 1-0ന്റെ ലീഡുമായി കളി അവസാനിപ്പിക്കാന്‍ മുംബൈയ്ക്കു സാധിച്ചു.
രണ്ടാംപകുതി തുടങ്ങി രണ്ടു മിനിറ്റിനകം മെഹ്താബിന്റെ സെല്‍ഫ് ഗോളില്‍ എടിക്കെ അര്‍ഹിച്ച സമനില സ്വന്തമാക്കി. ബോക്‌സിനികത്തു നിന്നും എടിക്കെ താരം ജോണി കോക്കോ തൊടുത്ത ക്ലോസ് റേഞ്ച് ഷോട്ട് ഷോട്ട് മെഹ്താബിന്റെ കാലില്‍ തട്ടി ദിശമാറി വലയില്‍ കയറിയപ്പോള്‍ ഗോള്‍കീപ്പര്‍ നിസ്സഹായനായിരുന്നു. സ്‌കോര്‍ 1-1നു തുല്യമായതോടെ ഇരുടീമുകളും ലീഡിനായി ഇരമ്പിക്കളിച്ചു. രണ്ടു ടീമുകള്‍ക്കും ഗോളവരങ്ങള്‍ ലഭിക്കും ചെയ്തു. 72ാം മിനിറ്റില്‍ ഗ്രിഫിത്തിലൂടെ മുംബൈ കൡയില്‍ ഒരിക്കല്‍ക്കൂടി മുന്നിലെത്തി. ഗ്രിഫിത്തിന്റെ ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ച ശേഷമാണ് നിലത്തു കുത്തിയുയര്‍ന്ന് വലയിലേക്കു വീണത്. ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്തിന്റെ മോശം ക്ലിയറന്‍സ് മുംബൈയെ സഹായിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ലെന്നി ചുവപ്പ് കാര്‍ഡ് വഴങ്ങിയതോടെ എടിക്കെ 10 പേരായി ചുരുങ്ങിയത്.

പക്ഷെ അവര്‍ സമനില പ്രതീക്ഷ കൈവിട്ടില്ല. ഇടതു ഭാഗത്തു നിന്നും എടിക്കെയ്ക്കു അനുകൂലമായി ഫ്രീകിക്ക് വരുന്നു. ദിമിത്രി പെട്രറ്റോസിന്റെ മനോഹരമായ ഫ്രീകിക്ക് ബോക്‌സിലേക്കു താഴ്ന്നിറങ്ങിയപ്പോള്‍ ഉയര്‍ന്നുചാടിയ ഹ്യൂ അത് മികച്ചൊരു ഹെഡ്ഡറിലൂടെ വലയിലേക്കു വഴി കാണിക്കുകയും ചെയ്തു.