
ഫറ്റോര്‍ഡ: ഐഎസ്എല്ലിന്റെ ഈ സീസണിലെ മറ്റൊരു ആവേശപ്പോരാട്ടത്തില്‍ ഗോള്‍മഴയ്‌ക്കൊടുവില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈി സിറ്റി എഫ്‌സിക്കു നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ് മൂക്കുകയറിട്ടു. ഫറ്റോര്‍ഡയില്‍ നടന്ന തീപാറിയ കളിയില്‍ ലീഗില്‍ തലപ്പത്തുള്ള മുംബൈയെ എട്ടാംസ്ഥാനക്കാരായ നോര്‍ത്ത്ഈസ്റ്റ് 3-3ന് തളയ്ക്കുയായിരുന്നു. ഡെഷ്‌ഹോണ്‍ ബ്രൗണിന്റെ തകര്‍പ്പന്‍ ഹാട്രിക്കാണ് മുംബൈയ്ക്കു കടിഞ്ഞാണിടാന്‍ നോര്‍ത്ത്ഈസ്റ്റിനെ സഹായിച്ചത്. 29, 56, 80 മിനിറ്റുകളിലായിരുന്നു ബ്രൗണിന്റെ ഹാട്രിക്ക് നേട്ടം. മുംബൈയ്ക്കായി ഐഗര്‍ ആംഗ്യുലോ ഇരട്ടഗോളുകള്‍ നേടി. 33, 52 മിനിറ്റുകളിലായിരുന്നു ഇത്. മറ്റൊരു ഗോള്‍ 40ാം മിനിറ്റില്‍ ബിപിന്‍ സിങിന്റെ വകയായിരുന്നു.
ലീഗില്‍ തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലാണ് മുംബൈയ്ക്കു വിജയിക്കാനാവാതെ പോയത്. മാത്രമല്ല ലീഗിലെ ഒന്നാസ്ഥാനം ഭദ്രമാക്കാനുള്ള അവസരം കൂടിയാണ് അവര്‍ സമനിലയോടെ നഷ്ടപ്പെടുത്തിയത്. കഴിഞ്ഞ കളിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോടു ഏകപക്ഷീയമായ മൂന്നു ഗോളുകളുടെ ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയ മുംബൈ നോര്‍ത്ത്ഈസ്റ്റിനെതിരേ വിജയവഴിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷെ അവരുടെ പോരാട്ടവീര്യത്തിനു മുന്നില്‍ മുംബൈയ്ക്കു സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

മുംബൈയുടെ മുന്നേറ്റത്തോടെയായിരുന്നു കളിയാരംഭിച്ചത്. രണ്ടാംമിനിറ്റില്‍ തന്നെ അവര്‍ ലീഡ് നേടേണ്ടതായിരുന്നു. പക്ഷെ അഹമ്മദ് ജാഹുവിന്റെ തകര്‍പ്പന്‍ ഫ്രീകിക്കില്‍ നിന്നും വൈഗോര്‍ കറ്റാറ്റുവിന്റെ ഗോളെന്നുറപ്പായിരുന്ന ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ ഗോളി മിര്‍ഷാദ് മിച്ചു അവിശ്വസനീയമാം വിധം ചാടിയുയര്‍ന്ന് ക്രോസ് ബാറിനു മുകളിലൂടെ തട്ടിയകറ്റുകയായിരുന്നു. 29ാം മിനിറ്റില്‍ മുംബൈയെ സ്തബ്ധരാക്കി ബ്രൗണിലൂടെ നോര്‍ത്ത്ഈസ്റ്റ് മുന്നില്‍ കയറി. ഏകദേശം മൈതാനമധ്യത്തു നിന്നും ഇടതു വിങിലൂടെ ഓടിക്കയറിയ ശേഷം ഇമ്രാന്‍ ഖാന്‍ സെന്ററിലേക്കു നല്‍കിയ മനോഹരമായ ക്രോസ് മുംബൈ താരങ്ങള്‍ക്കിടയിലൂടെ മുന്നോട്ട് കയറി ബ്രൗണ്‍ പിടിച്ചെടുത്തു. ഒറ്റയ്ക്കു ബോളുമായി അകത്തേക്കു കയറി ബ്രൗണ്‍ ഗോള്‍കീപ്പറെ വെട്ടിച്ച് വലയിലേക്കു ബോള്‍ പ്ലേസ് ചെയ്യുകയായിരുന്നു.
പക്ഷെ നോര്‍ത്ത്ഈസ്റ്റിന്റെ ലീഡിന് അധികം ആയുസ്സിലായിരുന്നു. നാലു മിനിറ്റിനുള്ളില്‍ ആംഗ്യുലോയിലൂടെ അവര്‍ ഗോള്‍ മടക്കി. ടീംഗം നല്‍കിയ മനോഹരമായ ത്രൂബോളുമായി ഇടചു വിങിലൂടെ ബോക്‌സിലേക്കു കയറിയ ബിപിന്‍ അതു ബോക്‌സിനു കുറുകെ പാസ് ചെയ്യുകയായിരുന്നു. തക്കം പാര്‍ത്തുനിന്ന ആംഗ്യുലോയ്ക്ക് അതു വലയിലേക്കു തടിയിടേണ്ട റോള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. 40ാം മിനിറ്റില്‍ ബിപിനിലൂടെ മുംബൈ ലീഡ് കരസ്ഥമാക്കി. ആംഗ്യുലോയായിരുന്നു ഗോളിനു ചരടുവലിച്ചത്. ഇത്തവണയും ത്രൂബോളില്‍ നിന്നായിരുന്നു തുടക്കം. ബോക്‌സിനു തൊട്ടരികില്‍ വച്ച് ത്രൂബോള്‍ പിടിച്ചെടുത്ത ആംഗ്യുലോ അത് വലതു വിങിലൂടെ ബോക്‌സിലേക്കു കയറിയ ബിപിനു പാസ് ചെയ്തു. ബിപിന്റെ ഇടംകാല്‍ ഷോട്ട് ഗോളിയെ കബളിപ്പിച്ച് വലയില്‍ കയറുകയും ചെയ്തു. ഗോളിക്കു തടുക്കമായിരുന്ന ശ്രമം കൂടിയായിരുന്നു അത്.

ആദ്യപകുതിയില്‍ 2-1ന്റെ ലീഡുമായാണ് മുംബൈ മല്‍സരം അവസാനിപ്പിച്ചത്. രണ്ടാംപകുതിയാരംഭിച്ച് ഏഴു മിനിറ്റിനകം ആംഗ്യുലോയിലൂടെ മുംബൈ മൂന്നാം ഗോളും നേടി. സ്വന്തം ഹാഫില്‍ നിന്നും അമെയ് രണവാഡെ നല്‍കിയ മനോഹരമായ ലോങ്‌ബോളുമായി വലതു വിങിലൂടെ കുതിച്ചെത്തിയ കറ്റാറ്റു ബോക്‌സിനകത്തു വച്ച് കുറുകെ ക്രോസ് ചെയ്യുകയായിരുന്നു. ക്ലോസ്‌റേഞ്ച് ഷോട്ടിലൂടെ ആംഗ്യുലോ അതു ഗോളാക്കുകയും ചെയ്തു.
ഇതോടെ നോര്‍ത്ത്ഈസ്റ്റിനു ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ അവര്‍ക്കു തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു. നാലു മിനിറ്റിനകം ബ്രൗണിലൂടെ അവര്‍ രണ്ടാമത്തെ ഗോള്‍ മടക്കി. സഹതാരം ബോക്‌സിനകത്തേക്കു നീട്ടി നല്‍കിയ ലോങ് ബോള്‍ പിടിച്ചെടുത്താണ് ബ്രൗണ്‍ നിറയൊഴിച്ചത്. 80ാം മിനിറ്റില്‍ ബ്രൗണിലൂടെ തന്നെ സമനിലയും പിടിച്ചുവാങ്ങുകയായിരുന്നു.