Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടൊരു സമനില, ഗോവയോടു തോറ്റ് ബെംഗളൂരു പ്ലേഓഫ് കാണാതെ പുറത്ത്

ബാംബൊലിം/ ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ പ്ലേഓഫ് പ്രതീക്ഷ അസ്തമിച്ചിട്ടും കേരള ബ്ലാസ്റ്റേഴ്‌സിനു രക്ഷയില്ല. സീസണിലെ മറ്റൊരു മല്‍സരത്തില്‍ കൂടി മഞ്ഞപ്പട സമനിലയുമായി തൃപ്തിപ്പെട്ടു. ബാംബൊലിമിലെ ജിഎംസി സ്‌റ്റേഡിയത്തില്‍ നടന്ന ആവേകരമായ കളിയില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്‌സ് 1-1ന്റെ സമനില സമ്മതിച്ചത്.

1

സീസണില്‍ ഇതുവരെ കളിച്ച 19 മല്‍സരങ്ങളില്‍ നിന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ എട്ടാം സമനിലയാണിത്. അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്‌സി (11) കഴിഞ്ഞാല്‍ ഈ സീസണില്‍ ഏറ്റവുമധികം സമനിലകള്‍ വഴങ്ങിയ രണ്ടാമത്തെ ടീമും ബ്ലാസ്റ്റേഴ്‌സാണ്. അതേസമയം, ഇന്നു വൈകീട്ട് ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ കളിയില്‍ എഫ്‌സി ഗോവ 2-1ന് ബെംഗളൂരു എഫ്‌സിയെ തോല്‍പ്പിച്ചു. ഈ പരാജയത്തോടെ ബെംഗളൂരുവിന്റെ പ്ലേഓഫ് സാധ്യതകള്‍ അവസാനിക്കുകയും ചെയ്തു.

ചെന്നൈയ്‌ക്കെതിരായ കളിയില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മടക്കി സമനില നേടിയത്. 10ാം മിനിറ്റില്‍ ഫത്കുലോ ഫത്കുലോവിന്റെ ഗോളിലാണ് ചെന്നൈ മുന്നിലെത്തുന്നത്. 29ാം മിനിറ്റില്‍ ഗാരി ഹൂപ്പറുടെ പെനല്‍റ്റി ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചുവാങ്ങുകയും ചെയ്തു. ഇരുടീമുകളും വിജയലക്ഷ്യമിട്ട് വീറോടെ തന്നെ കളിയില്‍ പൊരുതി. ആദ്യ പകുതിയില്‍ ചെന്നൈയുടെ ആധിപത്യമായിരുന്നു കണ്ടത്. ഗോള്‍ നേടാന്‍ അവര്‍ക്കു ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും പലതും സേവ് ചെയ്യപ്പെടുകയും ബ്ലോക്ക് ചെയ്യപ്പെടുകയും ചെയ്യുകയായിരുന്നു.

2

രണ്ടാംപകുതിയിലാവട്ടെ ബ്ലാസ്‌റ്റേഴ്‌സായിരുന്നു കളം വാണത്. വിജയഗോളിനായി അവര്‍ കൈയ്‌മെയ് മറന്നു പൊരുതിയതോടെ ചെന്നൈ പ്രതിരോധത്തിലാവുകയും കടുത്ത നടപടികളിലേക്കു പോവുകയും ചെയ്തു. ഇതിന്റെ ഫലമായി ചെന്നൈ 10 പേരായി ചുരുങ്ങുന്നതും കണ്ടു. 80ാം മിനിറ്റില്‍ ചെന്നൈ താരം എനെസ് സിപോവിച്ചാണ് രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് കളംവിട്ടത്. ഈ സീസണില്‍ ചെന്നൈയുടെ അവസാനത്തെ മല്‍സരം കൂടിയായിരുന്നു ഇത്. 20 പോയിന്റുമായി ലീഗില്‍ എട്ടാംസ്ഥാനത്താണ് ചെന്നൈ. ബ്ലാസ്‌റ്റേഴ്‌സിനാവട്ടെ ഇനിയൊരു കളിയാണ് ബാക്കിയുള്ളത്. 11 ടീമുകളുള്‍പ്പെട്ട ലീഗില്‍ 10ാമതാണ് മഞ്ഞപ്പട.

അതേസമയം, പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ഗോവയെ തോല്‍പ്പിച്ചേ തീരൂവെന്ന അഗ്നിപരീക്ഷയുമായിട്ടാണ് ബെംഗളൂരു ഇറങ്ങിയത്. പക്ഷെ മൂന്നു മിനിറ്റിടെ ഗോവ നേടിയ രണ്ടു ഗോളുകള്‍ ബെംഗളൂരുവിന്റെ വിധിയെഴുതി. 20ാം മിനിറ്റില്‍ ഐഗര്‍ ആംഗ്യുലോയും 23ാം മിനിറ്റില്‍ റിഡീം ലാങും നേടിയ ഗോളുകള്‍ ഗോവയ്ക്കു വിജയം സമ്മാനിച്ചു. 33ാം മിനിറ്റില്‍ സുരേഷ് വാങ്യാമിലൂടെ ബെംഗളൂരു ആദ്യ ഗോള്‍ മടക്കിയെങ്കിലും പിന്നീടൊരിക്കലും ഗോവന്‍ വല കുലുക്കാന്‍ അവര്‍ക്കായില്ല. 22 പോയിന്റോടെ ബെംഗളൂരു ലീഗില്‍ ഏഴാംസ്ഥാനത്താണ്. ഒരു മല്‍സരമാണ് ഇനിയവര്‍ക്കു ശേഷിക്കുന്നത്.

3

ഗോവയാവട്ടെ ഈ വിജയത്തോടെ 30 പോയിന്റോടെ മൂന്നാംസ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നതിനൊപ്പം പ്ലേഓഫിന് അരികിലെത്തുകയും ചെയ്തു. ഗോവയ്ക്കു ഇനിയൊരു കളി ബാക്കിയുണ്ട്. ഹൈദരാബാദ് എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്‌സി തുടങ്ങിയ രണ്ടു ടീമുകള്‍ കൂടിയാണ് ഗോവയ്‌ക്കൊപ്പം പ്ലേഓഫിനായി പോരടിക്കുന്നത്. രണ്ടു റൗണ്ടുകള്‍ ബാക്കിനില്‍ക്കെ രണ്ടു ടീമുകള്‍ക്കും 27 പോയിന്റ് വീതമുണ്ട്. അതുകൊണ്ടു തന്നെ അടുത്ത മല്‍സരഫലം ഇരുവര്‍ക്കും ഒരുപോലെ നിര്‍ണായകമാണ്.

Story first published: Sunday, February 21, 2021, 22:59 [IST]
Other articles published on Feb 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+