
ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ജയം നേടാനാവാതെ വലഞ്ഞ നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റി എഫ്‌സി ഒടുവില്‍ വിജയവഴിയില്‍ മടങ്ങിയെത്തി. സീസണിലെ 83ാമത്തം മല്‍സരത്തില്‍ മുന്‍ ജേതാക്കളായ ചെന്നൈയ്ന്‍ എഫ്‌സിയെയാണ് മുംബൈ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചത്. നിശ്ചിതസമയം തീരാന്‍ അഞ്ചു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ വിക്രം സിങ് നേടിയ ഗോളാണ് മുംബൈയ്ക്കു ജയവും വിലപ്പെട്ട മൂന്നു പോയിന്റും നേടിക്കൊടുത്തത്.
ലീഗില്‍ തുടര്‍ച്ചയായ ഏഴു മല്‍സരങ്ങളില്‍ വിജയമില്ലാതെ പതറിയ മുംബൈ ഈ ജയത്തോടെ പ്ലേഓഫ് സാധ്യതകളും നിലനിര്‍ത്തിയിരിക്കുകയാണ്. ഡിസംബര്‍ 15ന് ചെന്നൈ്‌ക്കെതിരേയായിരുന്നു ലീഗില്‍ മുംബൈയുടെ അവസാന വിജയം. അന്നും 1-0നാണ് അവര്‍ ജയിച്ചുകയറിയത്. ഇത്തവണ ചെന്നൈയെ തന്നെ അതേ മാര്‍ജിനില്‍ തോല്‍പ്പിച്ച് മുംബൈ കാത്തിരുന്ന ജയം കൈക്കലാക്കിയിരിക്കുകയാണ്. ഈ വിജയത്തോടെ ലീഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ മുംബൈ പോയിന്റ് പട്ടികയില്‍ അഞ്ചാമതെത്തി.

ചെന്നൈയ്‌ക്കെതിരേ അര്‍ഹിച്ച വിജയം കൂടിയാണ് മുംബൈ കൈക്കലാക്കിയത്. കളിയിലുടനീളം അവര്‍ തന്നെയായിരുന്നു മികച്ച ടീം. ഒരുപാട് ഗോളവരങ്ങള്‍ അവര്‍ക്കു ലഭിച്ചെങ്കിലും എല്ലാം നഷ്ടപ്പെടുത്തുകയായിരുന്നു. ലഭിച്ച അവസങ്ങള്‍ ഗോളാക്കിയിരുന്നെങ്കില്‍ ചുരുങ്ങിയത് നാലു ഗോള്‍ മാര്‍ജിനിലെങ്കിലും മുംബൈ ജയിക്കുമായിരുന്നു. മറുഭാഗത്തു ദയനീയായിരുന്നു ചെന്നൈയുടെ പ്രകടനം. ഗോളിലേക്കു ഒരു ഷോട്ട് പോലും തൊടുക്കാനാവാതെയാണ് അവര്‍ പരാജയം സമ്മതിച്ചത്.
മുംബൈ- ചെന്നൈ പോരാട്ടം പ്രതീക്ഷിച്ചതു പോലെ ആവേശകരമായിരുന്നില്ല. രണ്ടു ടീമുകളും ഒഴുക്കോടെയുള്ള അറ്റാക്കിങ് ഫുട്‌ബോള്‍ കാഴ്ചവയ്ക്കുന്നതില്‍ പരാജയപ്പെട്ടു. ആദ്യപകുതിയില്‍ മുംബൈയുടെ ഭാഗത്തു നിന്നും ഒരുപാട് മുന്നേറ്റങ്ങള്‍ കണ്ടു. ഗോള്‍ നേടാന്‍ ഒരുപാട് സെറ്റ് പീസുകളും അവര്‍ക്കു ലഭിച്ചു. പക്ഷെ ഒന്നു പോലും ഗോളാക്കി മാറ്റാന്‍ മുംബൈയ്ക്കായില്ല. അവരുടെ ഗോള്‍ ശ്രമങ്ങളെല്ലാം ചെന്നൈ പ്രതിരോധത്തില്‍ തട്ടിത്തകരുകയായിരുന്നു. ചിലതാവട്ടെ ചെന്നൈ ഗോളി ദേബ്ജിത്ത് മജുദാര്‍ വിഫലമാക്കുകയും ചെയ്തു.

രണ്ടാംപകുതിയില്‍ ചെന്നൈ കളിയിലേക്കു ശക്തമായി തിരിച്ചുവരുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല. ഒന്നാംപകുതിയിലെ ആധിപത്യം മുംബൈ രണ്ടാംപകുതിയിലും തുടര്‍ന്നു. ഗോളവസരങ്ങള്‍ അവര്‍ക്കു ലഭിച്ചു കൊണ്ടേയിരുന്നു. പക്ഷെ അവയെല്ലാം മുംബൈ മല്‍സരിച്ച് നഷ്ടപ്പെടുത്തുകയും ചെയ്തു. 61ാം മിനിറ്റില്‍ ഒരു സുവര്‍ണാവസരം മുംബൈ താരം ആംഗ്യുലോ പാഴാക്കി. വലതു വിങിലുടെ പന്തുമായി കുതിച്ചെത്തിയ ചാങ്‌തെ ബോക്‌സിനു കുറുകെ ക്രോസ് ചെയ്തു. പന്ത് ആംഗ്യുലോയുടെ കാലില്‍. പന്ത് വലയിലേക്കു ഒന്നു തട്ടിടുക മാത്രമേ അദ്ദേഹം ചെയ്യേണ്ടിയിരുന്നുള്ളൂ. പക്ഷെ പന്ത് കണക്ട് ചെയ്യാന്‍ ആംഗ്യുലോയ്ക്കായില്ല. രണ്ടു മിനിറ്റിനകം മുംബൈ താരം ബിപിന്‍ സിങിന്റെ ബോക്‌സിനുള്ളില്‍ നിന്നുള്ള ഗോളെന്നുറപ്പായിരുന്ന ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്കു പോയി.
മല്‍സരം ഗോള്‍രഹിതമായി തന്നെ അവസാനിക്കുമെന്നുറപ്പച്ചിരിക്കെയായിരുന്നു 85ാം മിനിറ്റില്‍ മുംബൈയുടെ വിജയഗോള്‍. സ്വന്തം ഹാഫില്‍ വച്ച് ചെന്നൈയ്ക്കു സംഭവിച്ച പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. പന്തുമായി വലതു വിങിലൂടെ പറന്നെത്തിയ ബ്രാഡെന്‍ ഇന്‍മാന്‍ ബോക്‌സിനു കുറുകെ ക്രോസ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ചെന്നൈ ഡിഫന്‍ഡര്‍ ബ്ലോക്ക് ചെയ്തു. പക്ഷെ പന്ത് വീണ്ടും ഇന്‍മാന്. അദ്ദേഹം അത് ഇടതുകാല്‍ കൊണ്ട് ബോക്‌സിനു കുറുകെ ക്രോസ് ചെയ്തു. സെക്കന്റ് പോസ്റ്റിനരികില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന വിക്രമിനാണ് ഇതു ലഭിച്ചത്. പന്ത് തടുത്തിട്ട വിക്രം ഇടംകാല്‍ ഷോട്ടിലൂടെ വലയിലേക്കു തൊടുക്കുകയായിരുന്നു.