Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ഈസ്റ്റ് ബംഗാള്‍ തരിപ്പണം, ഹൈദരാബാദ് വീണ്ടും വിജയവഴിയില്‍- ലീഗില്‍ തലപ്പത്ത്

1

വാസ്‌കോ: ഐഎസ്എല്ലില്‍ തകര്‍പ്പന്‍ വിജയത്തോടെ ഹൈദരാബാദ് എഫ്‌സി വീണ്ടും വിജയവഴിയില്‍. വാസ്‌കോയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന സീസണിലെ 70ാത്തെ മാച്ചില്‍ എസ്‌സി ഈസ്റ്റ് ബംഗാളിനെയാണ് ഹൈദരാബാദ് കശാപ്പ് ചെയ്തത്. ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് ഹൈദരാബാദിന്റെ വിജയം. ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെയുടെ ഹാട്രിക്കാണ് ഹൈദരാബാദിനു ഉജ്ജ്വല വിജയം സമ്മാനിച്ചത്. 21, 44, 74 മിനിറ്റുകളിലായിരുന്നു ഒഗ്‌ബെച്ചെയുടെ ഹാട്രിക്ക് നേട്ടം. 45ാം മിനിറ്റില്‍ അനികേത് ജാദവിന്റെ വകയായിരുന്നു നാലാമത്തെ ഗോള്‍.

ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഹൈദരാബാദ് തലപ്പത്തേക്കു കയറി. കേരള ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളിയാണ് ഹൈദരാബാദ് ഒന്നാമതെത്തിയത്. നേരത്തേ നാലാമതായിരുന്ന ഹൈദരാബാദ് ഒറ്റയടിക്കാണ് തലപ്പത്തെത്തിയത്. ഹൈദരാബാദിനും ബ്ലാസ്‌റ്റേഴ്‌സിനും 20 പോയിന്റ് വീതമാണുള്ളത്. മികച്ച ഗോള്‍ശരാശരി ഹൈദരാബാദിനെ ഒന്നാംസ്ഥാനക്കാരാക്കുകയായിരുന്നു. അവസാനത്തെ മൂന്നു മല്‍സരങ്ങളിലും വിജയിക്കാനാവാതെ പോയ ഹൈദരാബാദ് ശക്തമായ തിരിച്ചുവരവാണ് ഈസ്റ്റ് ബംഗാളിനെതിരേ നടത്തിയത്.

2

ഈസ്റ്റ് ബംഗാളാവട്ടെ വന്‍ പരാജയത്തോടെ ലീഗില്‍ വീണ്ടും അവസാന സ്ഥാനത്തേക്കു വീണിരിക്കുകയാണ്. തൊട്ടുമുമ്പത്തെ കളിയിലായിരുന്നു ഈസ്റ്റ് ബംഗാള്‍ സീസണിലെ ആദ്യ വിജയത്തിനായുള്ള കാത്തിരിപ്പ് അവസാനിച്ചത്. എന്നാല്‍ ഹൈദരാബാദിനെതിരേ അവര്‍ വീണ്ടും തോല്‍വിയുടെ ട്രാക്കിലേക്കു തിരിച്ചുപോവുകയും ചെയ്തു.

ഈസ്റ്റ് ബംഗാളിനെതിരേ കളിയിലുടനീളം മികച്ചുനിന്ന ഹൈദരാബാദ് അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. ഒരുപാട് ഗോളവസരങ്ങള്‍ കളിയില്‍ അവര്‍ക്കു ലഭിച്ചിരുന്നു. പക്ഷെ നാലെണ്ണം മാത്രമേ ഗോളാക്കി മാറ്റാനായുള്ളൂ. മറുഭാഗത്ത് ഈസ്റ്റ് ബംഗാളിന് ആദ്യത്തെ അരമണിക്കൂറില്‍ നല്ല ഗോളസരങ്ങള്‍ കിട്ടിയെങ്കിലും അവ മുതലാക്കാന്‍ സാധിച്ചില്ല. ഒമ്പതാം മിനിറ്റിലാണ് ബംഗാള്‍ ഗോള്‍കീപ്പര്‍ ആദ്യമായി പരീക്ഷിക്കപ്പെടുന്നത്. ഫ്രീകിക്കില്‍ നിന്നായിരുന്നു ഇത്. ബോക്‌സിനു പുറത്തു വച്ച് സെന്റര്‍ ഭാഗത്തു നിന്നും ജാവോ വിക്ടര്‍ തൊടുത്ത ഫ്രീകിക്ക് പ്രതിരോധ മതിലിനു മുകളിലൂടെ വലയിലേക്കു താഴ്ന്നിറങ്ങിയെങ്കിലും ഗോളി അരിന്ദം ബ്ലോക്ക് ചെയ്തു. റീബൗണ്ട് പക്ഷെ ഈസ്റ്റ് ബംഗാള്‍ താരം ക്ലിയര്‍ ചെയ്തു.

19ം മിനിറ്റില്‍ വീണ്ടും ഹൈദരാബാദിന്റെ ഗോള്‍ ശ്രമം. വലതു വിങില്‍ നിന്നും സഹതാരം നീട്ടി നല്‍കിയ ക്രോസ് സെക്കന്റ് പോസ്റ്റിന് തൊട്ടരികില്‍ നിന്ന് അനികേത് ജാദവ് ഹെഡ്ഡറിലൂടെ ഗോളാക്കാന്‍ ശ്രമിച്ചെങ്കിലും നേരെ ഗോളിയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. 21ാം മിനിറ്റില്‍ ഹൈദരാബാദ് അര്‍ഹിച്ച ലീഡ് സ്വന്തമാക്കി. സെറ്റ് പീസില്‍ നിന്നായിരുന്നു ഈ ഗോള്‍. വലതു മൂലയില്‍ നിന്നും സൗവിക് ചക്രവര്‍ത്തി നല്‍കിയ കോര്‍ണര്‍ കിക്ക് ഒഗ്‌ബെച്ചെ ഉയര്‍ന്നു ചാടി ഹെഡ്ഡ് ചെയ്തു. ഈസ്റ്റ് ബംഗാള്‍ താരത്തിന്റെ ദേഹത്ത് ഇതു കൊണ്ടെങ്കിലും നേരെ അരിന്ദത്തിന്റെ കൈകളിലേക്കാണ് വന്നത്. പക്ഷെ പന്ത് അദ്ദേഹത്തിന്റെ കൈകളിലൊതുങ്ങിയില്ല. വഴുതി മാറി അതു വലയിലേക്കു തെറിക്കുകയായിരുന്നു.

3

44ം മിനിറ്റില്‍ ഒഗ്‌ബെച്ചെയിലൂടെ ഹൈദരാബാദ് ലീഡുയര്‍ത്തി. ഈസ്റ്റ് ബംഗാളിന്റെ ഭാഗത്തു നിന്നുണ്ടായ വലിയ പിഴവില്‍ നിന്നായിരുന്നു ഇത്. മൈതാനമധ്യത്തില്‍ നിന്നും ബോള്‍ ക്ലിയര്‍ ചെയ്യാനുള്ള ആദില്‍ ഖാന്റെ ശ്രമം പിഴച്ചു. ഇതു ഹൈദരാബാദ് താരം മുന്നോട്ടു ഹെഡ്ഡ് ചെയ്തു കൊടുത്തപ്പോള്‍ ഒഗ്‌ബെച്ചെ അതുമായി ഓടിക്കയറി. രണ്ടു ഈസ്റ്റ് ബംഗാള്‍ താരങ്ങള്‍ക്കിടയിലൂടെ അദ്ദേഹം ബോക്‌സിനകത്തെത്തി. മുന്നില്‍ ഗോളി മാത്രം. ഷോട്ടുതിര്‍ക്കാതെ ഗോളിക്കടുത്തേക്ക് നീങ്ങിയ തൊട്ടു മുന്നില്‍ വച്ച് വെട്ടിയൊഴിഞ്ഞ ശേഷം ഒഴിഞ്ഞ വലയിലേക്കു പന്ത് തട്ടിയിടുകയായിരുന്നു.

ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ അനികേത് ജാദവ് ഹൈദരാബാദിന്റെ മൂന്നാം ഗോളും കണ്ടെത്തി. ഹിതേഷ് ശര്‍മ സെന്റില്‍ നിന്നും ഇടതു വിങിലൂടെ മാര്‍ക്കിങില്ലാതെ ഓടിക്കയറിയ ജാദവിന് ബോള്‍ പാസ് ചെയ്തു. അതുമായി ബോക്‌സികത്തേക്കു കയറിയ അദ്ദേഹം ഗ്രൗണ്ട് ഷോട്ടാണ് പരീക്ഷിച്ചത്. രണ്ട് ഈസ്റ്റ് ബംഗാള്‍ താരങ്ങളുടെ കാലുകള്‍ക്കിടയിലൂടെ പന്ത് ഫസ്റ്റ് പോസ്റ്റിനരികെ നിന്ന ഗോളിയെ നോക്കുകുത്തിയാക്കി വലതുമൂലയില്‍ തുളഞ്ഞുകയറി. 74ാം മിനിറ്റില്‍ ഒഗ്‌ബെച്ചെ തന്റെ ഹാട്രിക്കും ടീമിന്റെ ഗോള്‍പട്ടികയും പൂര്‍ത്തിയാക്കി. ബോക്‌സിനകത്തു വച്ച് ജാവയിയര്‍ സിവേറയുടെ ക്ലോസ് റേഞ്ച് ഷോട്ട് രണ്ടു ഈസ്റ്റ് ബംഗാള്‍ താരങ്ങള്‍ ചേര്‍ന്നു ബ്ലോക്ക് ചെയ്തു. റീബൗണ്ട് വന്നത് ബോക്‌സിനു തൊട്ടു പുറത്തു നിന്ന ഒഗ്‌ബെച്ചിയൂടെ കാലില്‍. കുതിച്ചെത്തിയ ഒഗ്‌ബെച്ചെ തകര്‍പ്പനൊരു വലംകാല്‍ ഷോട്ടാണ് തൊടുത്തത്. ആര്‍ക്കും പ്രതികരിക്കാന്‍ പോലുമായില്ല. അപ്പോഴേക്കും പന്ത് വലയില്‍ കയറിയിരുന്നു.

Story first published: Monday, January 24, 2022, 22:21 [IST]
Other articles published on Jan 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+