Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ഗോവയെ വീഴ്ത്തി എടിക്കെ മോഹന്‍ബഗാന്‍, പോയിന്റ് പട്ടികയില്‍ മൂന്നാമത്

1

ഫറ്റോര്‍ഡ: ഐഎസ്എല്ലിലെ 44ാമത് മല്‍സരത്തില്‍ എഫ്‌സി ഗേവയ്‌ക്കെതിരേ എടിക്കെ മോഹന്‍ ബഗാനു ആവേശോജ്വല വിജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഗോവയെ മറികടന്നത്. ഇരുപകുതികളിലുമായി ലിസ്റ്റണ്‍ കൊളാക്കോയും റോയ് കൃഷ്ണയും നേടിയ ഗോളുകളാണ് എടിക്കെയ്ക്കു വിജയമൊരുക്കിയത്. 23ാം മിനിറ്റിലായിരുന്നു ലിസ്റ്റണിന്റെ ഗോളെങ്കില്‍ 56ാം മിനിറ്റിലാണ് കൃഷ്ണ വലകുലുക്കിയത്. ഗോവയുടെ ഗോള്‍ 81ാം മിനിറ്റില്‍ ജോര്‍ജെ ഒറിറ്റ്‌സിന്റെ വകയായിരുന്നു.

ഈ വിജയത്തോടെ എടിക്കെ ലീഗില്‍ ടോപ്പ് ഫോറിലേക്കും കയറിയിരിക്കുകയാണ്. 14 പോയിന്റുമായി അവര്‍ മൂന്നാംസ്ഥാനത്തെത്തി. എട്ടു മല്‍സരങ്ങളില്‍ നിന്നും നാലു ജയവും രണ്ടു വീതം സമനിലയും തോല്‍വിയുമടക്കം 14 പോയിന്റാണ് എടിക്കെയ്ക്കുള്ളത്. മുംബൈ സിറ്റി എഫ്‌സി (16 പോയിന്റ്), ഹൈദരാബാദ് എഫ്‌സി (15) എന്നിവരാണ് ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍. ലീഗില്‍ തുടര്‍ച്ചയായ നാലാമത്തെ മല്‍സരമാണ് എടിക്കെ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയത്. മാത്രമല്ല സീസണില്‍ അവരുടെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയം കൂടിയാണിത്.

2

കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ത്തന്നെ ഗോവ അക്കൗണ്ട് തുറക്കേണ്ടതായിരുന്നു. പക്ഷെ ടീമിനെ മുന്നിലെത്തിക്കാനുള്ള സുവര്‍ണാവസരം മുഹമ്മദ് നെമില്‍ പാഴാക്കി. ഫ്രീകിക്കിനൊടുവില്‍ ബോക്‌സിനകത്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നെമിലിന്റെ കാലിലേക്കാണ് പന്ത് വന്നത്. പന്ത് പിടിച്ചെടുത്ത് നെമില്‍ തകര്‍പ്പനൊരു ഇടംകാല്‍ ഷോട്ട് പരീക്ഷിച്ചെങ്കിലും സെക്കന്റ് പോസ്റ്റിന് തൊട്ടിരികില്‍ക്കൂടി കടന്നുപോവുകയായിരുന്നു. ഉറപ്പായും ഗോവ 1-0ന് മുന്നിലെത്തേണ്ട സന്ദര്‍ഭമായിരുന്നു അത്.

എട്ടാം മിനിറ്റില്‍ ഗോവയ്ക്കു മറ്റൊരു ഗോളവസരം. വലതു വിങിലൂടെ ദേവേന്ദ്ര മുര്‍ഗോന്‍ക്കര്‍ പന്തുമായി അകത്തേക്കു കയറി. എടിക്കെ താരത്തിന്റെ കാലുകള്‍ക്കിടയിലൂടെയാണ് മുന്നോട്ട് പന്ത് നീട്ടിയിട്ട ശേഷം അതു പിടിച്ചെടുത്ത് ദേവേന്ദ്ര അകത്തേക്കു കയറിയത്. ദുഷ്കരമായ ആംഗിളില്‍ നിന്നും അദ്ദേഹം ഷോട്ട് പരീക്ഷിച്ചെങ്കിലും നേരെ ഗോളിയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു.
തുടര്‍ന്നും ഗോവ തന്നെയായിരുന്നു കളിയില്‍ മികച്ചുനിന്നത്.

പക്ഷെ 23ാം മിനിറ്റില്‍ ലഭിച്ച ആദ്യ ഗോളവസരം തന്നെ ഗോളാക്കി മാറ്റിയ കൊളാസോ ഗോവയെ സ്തബ്ധരാക്കി. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി ഇതു മാറുമെന്നുറപ്പാണ്. ഗോവ ക്ലിയര്‍ ചെയ്ത ബോള്‍ പിടിച്ചെടുത്ത ദീപക് തംഗ്രി അതു കൊളാസോയ്ക്കു മറിച്ചു നല്‍കി. ഇടതു വിങിലൂടെ ഒറ്റയ്ക്കു പന്തുമായി കയറിയ ശേഷം ബോക്‌സിനു പുറത്തു നിന്നും കൊളാസോ തൊടുത്ത വെടിച്ചില്ല് കണക്കെയുള്ള ഷോട്ട് വലയില്‍ തുളഞ്ഞു കയറുമ്പോള്‍ ഡൈവ് ചെയ്ത ഗോളി നിസ്സഹായനായിരുന്നു. 30ാം മിനിറ്റില്‍ ഗോവയ്ക്കു സമനില ഗോളിനുള്ള അവസരം ലഭിച്ചെങ്കിലും ഗോളി അമരീന്ദര്‍ സിങിനെ കീഴടക്കാനായില്ല. ഇടതു വിങില്‍ നിന്നും ജോര്‍ജ് ഒറിറ്റ്‌സ് തൊടുത്ത കിടിലന്‍ ഫ്രീകിക്ക് വലതു വശത്തേക്ക് ഡൈവ് ചെയ്ത് ഗോളി കുത്തിയകറ്റുകയായിരുന്നു.

3

ആദ്യപകുതിയില്‍ 1-0ന്റെ ലീഡുമായാണ് എടിക്കെ ഗ്രൗണ്ട് വിട്ടത്. രണ്ടാംപകുതിയുടെ തുടക്കത്തില്‍ എടിക്കെയായിരുന്നു മികച്ചുനിന്നത്. 56ാം മിനിറ്റില്‍ അവര്‍ അതു ഗോളാക്കി മാറ്റിയെടുക്കുകയും ചെയ്തു. വലതു മൂലയില്‍ നിന്നുള്ള ഹ്യൂഗോ ബൗമസിന്റെ കോര്‍ണര്‍ കിക്കിനായി ഇരുടീമുകളിലെയും താരങ്ങള്‍ ഉയര്‍ന്നു ചാടിയെങ്കിലും ആര്‍ക്കും കണക്ട് ചെയ്യാനായില്ല. പന്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കൃഷ്ണയുടെ കാലിലേക്കാണ് വന്നത്. വെടിയുണ്ട കണക്കെയുള്ള ഒരു ഷോട്ടാണ് പിന്നാലെ കൃഷ്ണയില്‍ നിന്നു കണ്ടത്. ആര്‍ക്കും തൊടാന്‍ പോലുമാവാതെ അതു വലയില്‍ കയറുകയും ചെയ്തു.

81ാം മിനിറ്റില്‍ തോല്‍വിഭാരം കുറച്ച് ഒറിറ്റ്‌സിലൂടെ ഗോവ ഗോള്‍ മടക്കി. ഗോള്‍കീപ്പര്‍ അമരീന്ദറുടെ ഭാഗത്തു നിന്നുണ്ടായ വലിയ പിഴവാണ് ഗോളില്‍ കലാശിച്ചത്. വലതു വിങിലൂടെ പന്തുമായി കയറിയ ശേഷം ടീമംഗം നല്‍കിയ മൈനസ് പാസ് പിടിച്ചെടുത്ത ഒറിറ്റ്‌സ് ഇടംകാല്‍ കൊണ്ട് പന്ത് ചിപ്പ് ചെയ്തിടാനാണ് ശ്രമിച്ചത്. ഇതു അമരീന്ദറിന് അനായാസം പിടികൂടാവുന്നതായരുന്നു. പക്ഷെ കൈകളില്‍ തട്ടിത്തെറിച്ച ബോള്‍ സ്വന്തം വലയിലേക്കു വീഴുകയായിരുന്നു.

Story first published: Wednesday, December 29, 2021, 23:49 [IST]
Other articles published on Dec 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+