Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ഈസ്റ്റ് ബംഗാളിന് ഹാട്രിക്ക് തോല്‍വി, നോര്‍ത്ത് ഈസ്റ്റിന്റെ ജയം 2-0ന്

വാസ്‌കോ: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാള്‍ ഹാട്രിക്ക് തോല്‍വിയിലേക്കു വീണു. തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോട് ഏകപക്ഷീയ രണ്ടു ഗോളുകള്‍ക്കു മുന്‍ ഐ ലീഗ് വമ്പന്മാര്‍
കൊമ്പുകുത്തുകയായിരുന്നു. സെല്‍ഫ് ഗോളാണ് ബംഗാളിന്റെ കഥ കഴിച്ചത്. 33ാം മിനിറ്റില്‍ സുര്‍ചന്ദ്ര സിങിനു സംഭവിച്ച പിഴവില്‍ നിന്നായിരുന്നു ആദ്യഗോള്‍. ഇഞ്ചുറിടൈമില്‍ കൗണ്ടര്‍ അറ്റാക്കില്‍ നിന്നും റോക്കെര്‍സെല രണ്ടാം ഗോളും നേടിയതോടെ ബംഗാളിന്റെ പതനം പൂര്‍ത്തിയായി.

1

കളിയിലുടനീളം ബംഗാള്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ മാത്രം അവര്‍ക്കു നേടാനായില്ല. മറുഭാഗത്ത് കൗണ്ടര്‍ അറ്റാക്കുകളിലൂടെ നോര്‍ത്ത് ഈസ്റ്റ് ഗോള് നേടി കളി വരുതിയിലാക്കുകയും ചെയ്തു. ഈ സീസണില്‍ കളിച്ച എല്ലാ മല്‍സരത്തിലും തോറ്റ ഏക ടീമായ ബംഗാള്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു തുടരുകയാണ്. അതേസമയം, വിജയത്തോടെ എട്ടു പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് ലീഗില്‍ രണ്ടാംസ്ഥാനത്തേക്കു കയറി.

ആദ്യത്തെ രണ്ടു മല്‍സരങ്ങളും തോറ്റ ഈസ്റ്റ് ബംഗാള്‍ കൃത്യമായ ഗെയിം പ്ലാനോടെയാണ് ഇറങ്ങിയത്. ആദ്യ വിസില്‍ മുതല്‍ വിജയതൃഷ്ണയോടെ അവര്‍ ആക്രമിച്ചു കളിച്ചു. തുടക്കം മുതല്‍ പന്ത് കൂടുതല്‍ സമയവും നോര്‍ത്ത് ഈസ്റ്റിന്റെ ഹാഫില്‍ തന്നെയായിരുന്നു. ഇരുവിങുകളിലൂടെയും അവര്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍മുഖത്ത് റെയ്ഡ് നടത്തിക്കൊണ്ടിരുന്നു. പ്രതിരോധക്കോട്ട കെട്ടിയാണ് നോര്‍ത്ത് ഈസ്റ്റ് ഈസ്റ്റ് ബംഗാളിന്റെ ആക്രമണങ്ങളെ തടുത്തു നിര്‍ത്തിയത്.

20ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ താരങ്ങള്‍ പെനല്‍റ്റിക്കു വേണ്ടി വാദിച്ചെങ്കിലും റഫറി അംഗീകരിച്ചില്ല. അശുതോഷുമായി കൂട്ടിയിടിച്ച് മഗോമ ബോക്‌സിനകത്തു വീണതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ അത് പെനല്‍റ്റി തന്നെ അര്‍ഹിച്ചിരുന്നതായി പിന്നീട് റീപ്ലേകള്‍ തെളിയിച്ചു. ഇടയ്ക്കു പന്ത് ലഭിച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് ചില കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തിയെങ്കിലും ഗോളായില്ല.

2

33ാം മിനിറ്റില്‍ കളിയുടെ ഗതിക്ക് വിപരീതമായി നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. സെല്‍ഫ് ഗോളാണ് ഈസ്റ്റ് ബംഗാളിനു വിനയായത്. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ലോങ് ബോള്‍ സ്വീകരിച്ച് വലതു വിങിലൂടെ പറന്നെത്തിയ നോര്‍ത്ത് ഈസ്റ്റ് താരം ഇദ്രിസ്സ സൈല ബോക്‌സികത്തേക്കു ക്രോസ് നല്‍കി. ഇത് സുര്‍ചേന്ദ്ര സിങിന്റെ കാല്‍മുട്ടില്‍ തട്ടിത്തെറിച്ച് വലതു പോസ്റ്റിലൂടെ വലയിലേക്കു ഉരുണ്ടുകയറിയപ്പോള്‍ ഗോളി നിസ്സഹായനായിരുന്നു.

മൂന്നു മിനിറ്റിനകം ഈസ്റ്റ് ബംഗാള്‍ സമനില ഗോള്‍ നേടേണ്ടതായിരുന്നു. മഗോമ ബോക്‌സിനുള്ളിലേക്കു അളന്നു മുറിച്ച് നല്‍കിയ ക്രോസ് ബല്‍വന്ത് സിങിന് ലക്ഷ്യത്തിലെത്തിക്കാന്‍ സുവര്‍ണാവസരം ലഭിച്ചു. എന്നാല്‍ ഒഴിഞ്ഞ ഗോള്‍ വലയ്ക്ക മുന്നില്‍ ക്രോസ് കണക്ട് ചെയ്യുന്നതില്‍ ബല്‍വന്ത് പരാജയപ്പെട്ടു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബല്‍വന്തിനെ പിന്‍വലിച്ച് ഈസ്റ്റ് ബംഗാള്‍ പകരം മലയാളി താരം സികെ വിനീതിനെ ഇറക്കി. ആദ്യ പകുതിയില്‍ നിര്‍ത്തിയ ഇടത്തു തന്നെയാണ് രണ്ടാം പകുതിയില്‍ കളിയാരംഭിച്ചത്. ഈസ്റ്റ് ബംഗാള്‍ ഗോള്‍ നേടാന്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നപ്പോള്‍ പ്രതിരോധിച്ചു നിന്ന് കൗണ്ടര്‍ അറ്റാക്കിലൂടെ തിരിച്ചടിക്കുകയെന്ന തന്ത്രം നോര്‍ത്ത് ഈസ്റ്റ് ആവര്‍ത്തിച്ചു.

ബംഗാള്‍ സമനില ഗോളിനായി കൈമെയ് മറന്നു പൊരുതവെയാണ് ഇഞ്ചുറിടൈമിന്റെ ആദ്യ മിനിറ്റില്‍ റോക്കര്‍സെലയിലൂടെ നോര്‍ത്ത് ഈസ്റ്റ് രണ്ടാം ഗോളും നേടി വിജയമുറപ്പാക്കിയത്. പകരക്കാരനായി ഇറങ്ങിയ മലയാളി താരം വിപി സുഹൈറാണ് ഗോളിനു വഴിയൊരുക്കിയത്. കൗണ്ടര്‍ അറ്റാക്കില്‍ നിന്നും വലതുവിങിലൂടെ കുതിച്ചെത്തി സുഹൈര്‍ ബോക്‌സിനു കുറുകെ ചെത്തിയിട്ട ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ബംഗാളിനു പിഴച്ചപ്പോള്‍ ഇടതു പോസ്റ്റിലൂടെ ഓടിക്കയറിയ റോക്കര്‍സേല ക്ലോസ് റേഞ്ച് ഷോട്ടിലൂടെ പന്ത് വലയിലേക്കു അടിച്ചുകയറ്റി.

Story first published: Saturday, December 5, 2020, 21:38 [IST]
Other articles published on Dec 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+