ISL 2020-21: ജംഷഡ്പൂര്‍ X ഒഡീഷ- വിജയ വഴിയില്‍ തിരിച്ചെത്താന്‍ ഇരു ടീമും നേര്‍ക്കുനേര്‍
ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സി ഒഡീഷ എഫ്‌സിക്കെതിരേ. ആദ്യ മത്സരത്തില്‍ തോറ്റ ഇരു ടീമിനും ഇന്നത്തെ മത്സരത്തില്‍ വിജയിക്കേണ്ടത് നിര്‍ണ്ണായകമാണ്. ഒഡീഷ എഫ്‌സി ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റപ്പോള്‍ കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയോട് 2-1നാണ് ജംഷഡ്പൂര്‍ തോറ്റത്. ഇന്ത്യന്‍ സമയം വൈകീട്ട് 5 മണിക്കാണ് മത്സരം. തിലക് മൈതാന്‍ സ്‌റ്റേഡിയമാണ് വേദി. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2,ഹോട്ട്‌സ്റ്റാര്‍,ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ തത്സമയം കാണാം.
ശക്തരായ നിരയില്‍ ഒത്തൊരുമ വേണം
മികച്ച താരനിരയുണ്ടെങ്കിലും ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ ജംഷഡ്പൂരിന് ഇനിയും സമയം വേണം. ഇത്തവണ ഓവന്‍ കോയ്‌ലിന്റെ തന്ത്രങ്ങള്‍ക്ക് കീഴിലാണ് ജംഷഡ്പൂര്‍ ഇറങ്ങുന്നത്. അവസാന സീസണില്‍ ചെന്നൈയിന്‍ എഫ്‌സിയെ ഫൈനലിലെത്തിച്ച കോയ്‌ലിനെ ഇത്തവണ ജംഷഡ്പൂര്‍ ടീമിലെത്തിക്കുകയായിരുന്നു. ഇത്തവണ പിഴവുകളടച്ച് മികച്ച വിദേശ താരങ്ങളെയടക്കം ടീമിലെത്തിക്കാന്‍ സാധിച്ചെങ്കിലും ആദ്യ മത്സരത്തില്‍ ചെന്നൈയിനോട് മുട്ടുമടക്കേണ്ടി വന്നു.

അവസാന സീസണില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയ നെരിജസ് വാല്‍സ്‌കസ് ഇത്തവണ ജംഷഡ്പൂരിനൊപ്പമുണ്ട്. പ്രതിരോധനിര താരം പീറ്റര്‍ ഹാര്‍ട്ട്‌ലിയാണ് നായകന്‍. നിക്കോളാസ് ഫിറ്റ്‌സ്‌ജെറാള്‍ഡ്,അലക്‌സ് ലിമ,സ്റ്റീഫന്‍ എസെ എന്നിവരാണ് ടീമിലെ മറ്റ് പ്രമുഖ വിദേശ താരങ്ങള്‍. വിങ്ങില്‍ ജാക്കിചന്ദ് സിങ്ങും ഗോള്‍ വലകാക്കാന്‍ ടിപി രഹനേഷും ടീമിലുണ്ട്. ഇത്തവണയെങ്കിലും പ്ലേ ഓഫില്‍ കടക്കാമെന്ന പ്രതീക്ഷയോടെയാണ് ജംഷഡ്പൂര്‍ ഇറങ്ങുന്നത്. അതിനാല്‍ത്തന്നെ ഇന്ന് ഒഡീഷയെ വീഴ്‌ത്തേണ്ടത് ജംഷഡ്പൂരിന് നിര്‍ണ്ണായകമാണ്.
ഒഡീഷ മോശക്കാരല്ല
അവസാന സീസണിലെ ഏഴാം സ്ഥാനക്കാരായ ഒഡീഷ ഇത്തവണ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷയിലാണ്. മികച്ച ടീമിനെ വാര്‍ത്തെടുക്കാന്‍ ഒഡീഷയ്ക്ക് സാധിച്ചിട്ടുണ്ട്. ഹൈദരാബാദിനോട് തോറ്റതിന്റെ ക്ഷീണം ഇന്ന് ജയത്തോടെ തീര്‍ക്കേണ്ടതുണ്ട്. ഐഎസ്എല്ലിലെ പരിചയസമ്പന്നനായ സ്‌ട്രൈക്കര്‍ ബ്രസീലിന്റെ മാര്‍സെലീഞ്ഞോ കളിക്കുന്നുവെന്നതാണ് ഒഡീഷയുടെ വലിയ പ്ലസ് പോയിന്റ്. സ്പാനിഷ് താരം മാനുവല്‍ ഒന്‍വു,ബ്രസീലിന്റെ ഡിയേഗോ മൗറീഷ്യോ തുടങ്ങിയവരും ഒഡീഷയ്ക്ക് കരുത്ത് പകരും.
മികച്ച യുവ ഇന്ത്യന്‍ താരനിരയും അവര്‍ക്കൊപ്പമുണ്ട്. മികച്ച യുവതാരനിരയുടെ പിന്തുണയും ഇത്തവണ ഒഡീഷയ്ക്കുണ്ട്. എന്നാല്‍ ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിലെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതല്ല. ആക്രമണത്തിലും പന്തടക്കത്തിലും പാസിങ്ങിലെ കൃത്യതയിലുമെല്ലാം ഇനിയും മെച്ചപ്പേടേണ്ടതുണ്ട്. കോട്‌ലന്‍ഡുകാരന്‍ സ്റ്റുവര്‍ട്ട് ബാക്സ്റ്റററിന്റെ പരിചയസമ്പത്തും ഒഡീഷയുടെ കരുത്താണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications