Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: നോര്‍ത്ത് ഈസ്റ്റും ചെന്നൈയും ഒപ്പത്തിനൊപ്പം, ഗോളില്ലാ സമനില

വാസ്‌കോ: ഐഎസ്എല്ലിലെ 26ാമത്തെ മല്‍സരത്തില്‍ മുന്‍ ജേതാക്കളും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളുമായ ചെന്നൈയ്ന്‍ എഫ്‌സി സമനില കൊണ്ടു തൃപ്തിപ്പെട്ടു. വാസ്‌കോയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ടോപ്പ് ഫോറിലുള്ള നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായാണ് ചെന്നൈ ഗോള്‍രഹിത സമനില വഴങ്ങിയത്. ലീഗില്‍ തുടര്‍ച്ചയായ നാലാമത്തെ മല്‍സരത്തിലാണ് ചെന്നൈയ്ക്കു ജയിക്കാനാവാതെ പോയത്. മറുഭാഗത്ത് ഈ സീസണിലെ അപരാജിത റെക്കോര്‍ഡ് നോര്‍ത്ത് ഈസ്റ്റ് കാത്തുസൂക്ഷിക്കുകയും ചെയ്തു.

1

ഈ സമനിലയോടെ എടിക്കെ മോഹന്‍ ബഗാനെ മറികടന്ന് നോര്‍ത്ത് ഈസ്റ്റ് ലീഗില്‍ രണ്ടാംസ്ഥാനത്തേക്കു കയറി. ഇരുടീമുകള്‍ക്കും 10 പോയിന്റ് വീതമാണുള്ളതെങ്കിലും മികച്ച ഗോള്‍ശരാശരിയില്‍ നോര്‍ത്ത് ഈസ്റ്റ് മുന്നിലേക്കു കയറുകയായിരുന്നു. എന്നാല്‍ അഞ്ചു പോയിന്റ് മാത്രമുള്ള ചെന്നൈ അഞ്ചാംസ്ഥാനത്തു തന്നെ തുടരുകയാണ്.

ചെന്നൈയുടെ മുന്നേറ്റത്തോടെയായിരുന്നു മല്‍സരം തുടങ്ങിയത്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ അവര്‍ എതിര്‍ ഗോള്‍മുഖത്ത് റെയ്ഡ് നടത്തി. ഇടതു വിങിലൂടെ പറന്നെത്തിയ ചാങ്‌തെ പന്ത് ബോക്‌സിനകത്തേക്കു ക്രോസ് ചെയ്‌തെങ്കിലും നോര്‍ത്ത് ഈസ്റ്റ് ഗോളി ഗുര്‍മീത് അപകടമൊഴിവാക്കി. പിന്നീട് ഇരുടീമുകളും ഗോള്‍ നേടാന്‍ നീക്കങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിയില്ല. പലതും ബോക്‌സിനകത്ത് വച്ച് ക്ലിയര്‍ ചെയ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് നിരവധി കോര്‍ണറുകളും ഒന്നാംപകുതിയില്‍ രണ്ടു ടീമുകള്‍ക്കും ലഭിച്ചു. പക്ഷെ ഒന്നു പോലും മുതലെടുക്കാന്‍ ചെന്നൈയ്‌ക്കോ നോര്‍ത്ത് ഈസ്റ്റിനോ സാധിച്ചില്ല.

രണ്ടാം പകുതി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റിന് മുന്നിലെത്താന്‍ നല്ലൊരു അവസരം. രണ്ടു ചെന്നൈ ഡിഫന്‍ഡര്‍മാരെ വെട്ടിയൊഴിഞ്ഞ് ലൂയിസ് മക്കാഡോ നല്‍കിയ പാസ് മലയാളി താരം വിപി സുഹൈര്‍ മറിച്ചു നല്‍കിയത് ഇദ്രിസ്സ സിലയ്ക്കാണ്. ബോക്‌സിനു പുറത്തു നിന്നും സില പരീക്ഷിച്ച ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു.

55ാം മിനിറ്റിലായിരുന്നു കളിയിലെ ഏറ്റവും മികച്ച ഗോളവസരം പിറന്നത്. ഇതു ലഭിച്ചതാവട്ടെ നോര്‍ത്ത് ഈസ്റ്റിനായിരുന്നു. വിപി സുഹൈര്‍ നല്‍കിയ ക്രോസില്‍ നിന്നും ഇദ്രിസ്സ സിലയുടെ ഷോട്ട് ചെന്നൈ ഗോളി വിശാല്‍ കെയ്ത്ത് ഡൈവ് ചെയ്ത് കുത്തിയകറ്റുകയായിരുന്നു.

നാലു മിനിറ്റിനുള്ളില്‍ നോര്‍ത്ത് ഈസ്റ്റിനു വീണ്ടുമൊരു അവസരം ലഭിച്ചു. കോര്‍ണറില്‍ നിന്നായിരുന്നു ഇത്. കോര്‍ണര്‍ കിക്ക് ഗോളി വിശാല്‍ കെയ്ത്ത് കുത്തിയകറ്റിയപ്പോള്‍ പന്ത് ലഭിച്ചത് ഡൈലാന്‍ ഫോക്‌സിനാണ്. അപ്രതീക്ഷിതമായി ലഭിച്ച ഈ പന്തിന് ഫോക്‌സ് തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ ഹെഡ്ഡര്‍ ലക്ഷ്യം കാണാതെ പുറത്തുപോയി.

60ാം മിനിറ്റില്‍ ഓപ്പണ്‍ ചാന്‍സ് ചെന്നൈ താരം ലാലിയന്‍സുവാല ചാങ്‌തെ നഷ്്ടപ്പെടുത്തി. ഫക്ക്യുലോവ് ബോക്‌സിനകത്തേക്കു നല്‍കിയ പാസ് പിടിച്ചെടുത്ത് യാക്കുബ് സില്‍വെസ്റ്റര്‍ തൊടുത്ത ഗോളെന്നുറപ്പിച്ച ഷോട്ട് ഗുര്‍മീത് മുഴുനീളെ ഡൈവ് ചെയ്ത് ബ്ലോക്ക് ചെയ്തു. പന്ത് വന്നു വീണത് ചാങ്‌തെയുടെ മുന്നില്‍. അപ്പോള്‍ താരത്തിനു മുന്നിലുള്ളത് ഒഴിഞ്ഞ ഗോള്‍വല മാത്രം. എന്നാല്‍ അദ്ദേഹം ക്രോസ് ബാറിനു മുകളിലൂടെ പന്ത് പുറത്തേക്കടിച്ചു നഷ്ടപ്പെടുത്തി.

Story first published: Sunday, December 13, 2020, 19:30 [IST]
Other articles published on Dec 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+