ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം പ്രകടനം തുടരുകയാണ്. സീസണിലെ അഞ്ചാം റൗണ്ട് കഴിഞ്ഞിട്ടും ആദ്യ വിജയത്തിനു വേണ്ടിയുള്ള മഞ്ഞപ്പടയുടെ കാത്തിരിപ്പ് തുടരുകയാണ്. ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സിക്കു മുന്നില്‍ ബ്ലാസ്റ്റേഴ്‌സ് തകര്‍ന്നടിഞ്ഞു. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ബെംഗളൂരുവിന്റെ വിജയം.

ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷമാണ് രണ്ടാം പകുതിയില്‍ തുടരെ ഗോളുകള്‍ വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ് വന്‍ തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. കെയ്റ്റണ്‍ സില്‍വ (29ാം മിനിറ്റ്), എറിക്ക് പാര്‍ത്താലു (51), ഡിമാസ് ഡെല്‍ഗാഡോ (53), സുനില്‍ ഛേത്രി (65) എന്നിവരാണ് ബെംഗളൂരുവിന്റെ ഗോള്‍വലകുലുക്കിയത്. മലയാളി താരം കെപി രാഹുല്‍ (17), ജോര്‍ഡന്‍ മുറേ (61) എന്നിവരുടെ വകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍. ഈ സീസണില്‍ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ മഞ്ഞപ്പടയ്ക്കു നേരിട്ട മൂന്നാമത്തെ തോല്‍വിയാണിത്. രണ്ടു മല്‍സരങ്ങളില്‍ സമനില വഴങ്ങുകയായിരുന്നു. രണ്ടു പോയിന്റ് മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് 11 ടീമുകളുടെ ലീഗില്‍ ഒമ്പതാം സ്ഥാനത്തു തന്നെ തുടരുകയാണ്. അതേസമയം, ഈ വിജയത്തോടെ നേരത്തേ അഞ്ചാമതായിരുന്ന ബെംഗളൂരു ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാംസ്ഥാനത്തേക്കു കയറി.

ബെംഗളൂരുവിനെതിരേ മികച്ച രീതിയിലാണ് ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. അഞ്ചാം മിനിറ്റില്‍ തന്നെ അവര്‍ ബെംഗളൂരുവിനെ സമ്മര്‍ദ്ദത്തിലാക്കി. പ്രശാന്തിനെ ഛേത്രി ഫൗള്‍ ചെയ്തതിനെ തുടര്‍ന്നു ബ്ലാസ്റ്റേഴ്‌സിന് ഫ്രീകിക്ക്. ഫക്യുന്‍ഡോ പെരേരയുടെ കിക്കില്‍ നിന്നും വിസെന്റെ ഗോമസിന്റെ ഹെഡ്ഡര്‍ ബെംഗളൂരു പ്രതിരോധം ക്ലിയര്‍ ചെയ്തു. 14ാം മിനിറ്റില്‍ ബെംഗളൂരു ഗോളി ഗുര്‍പ്രീത് സിങ് സന്ധു ആദ്യ സേവ് നടത്തി. പെരേരയുടെ പാസിനൊടുവില്‍ മുറേ തൊടുത്ത ഷോട്ട് സന്ധു ബ്ലോക്ക് ചെയ്യുകയായിരുന്നു. 17ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ഇത്. ഗാരി ഹൂപ്പറായിരുന്നു മുന്നേറ്റത്തിന് തുടക്കമിട്ടത്. ഒറ്റയ്ക്കു പന്തുമായി സ്വന്തം ഹാഫില്‍ നിന്നു കുതിച്ച ഹൂപ്പര്‍ വലതു വിങിലൂടെ ഓടിക്കിയറിയ രാഹുലിന് പാസ് ചെയ്യുകയായിരുന്നു. ബോക്‌സിനകത്തു വച്ച് തകര്‍പ്പനൊരു ഷോട്ടിലൂടെ രാഹുല്‍ വലകുലുക്കി.
29ാം മിനിറ്റില്‍ ഗോള്‍ മടക്കി ബെംഗളൂരു കളിയിലേക്കു തിരിച്ചുവന്നു. ഗോളി സന്ധുവിന്റെ ലോങ് ബോളില്‍ നിന്നായിരുന്നു ഗോള്‍. ബോക്‌സിനകത്ത് വച്ച് ഭീഷണിയുയര്‍ത്തിയ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ലാല്‍റുവാത്താരയ്ക്കു പിഴച്ചു. ബോള്‍ ലഭിച്ചത് സില്‍വയ്ക്കായിരുന്നു. ഗോളി ആല്‍ബിന്‍ ഗോമസിന് ഒരു പഴുതും നല്‍കാതെ സില്‍വ പന്ത് ലക്ഷ്യത്തിലെത്തിച്ചു. ആദ്യ പകുതിയില്‍ ഇരുടീമുകളും 1-1നു പിരിയുകയായിരുന്നു.

രണ്ടാംപകുതി തുടങ്ങി രണ്ടു മിനിറ്റിനുള്ളില്‍ തന്നെ ബെംഗളൂരുവിന് പെനല്‍റ്റി ലഭിച്ചു. എന്നാല്‍ സുനില്‍ ഛേത്രിയുടെ ദുര്‍ബലമായ പെനല്‍റ്റി ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ഗോമസ് വിഫലമാക്കി. എന്നാല്‍ നാലു മിനിറ്റിനകം ബെംഗളൂരു മുന്നിലെത്തി. ഇടതു വിങില്‍ നിന്നും ബോക്‌സിനു കുറുകെ ആഷിഖ് കുരുണിയന്‍ നല്‍കിയ താഴ്ന്ന ക്രോസ് ക്ലോസില്‍ ക്രിസ്റ്റ്യന്‍ ഒസ്‌പെത്തിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ടീമംഗം പാര്‍ത്താലുവിന്റെ ദേഹത്ത് തട്ടി വലയില്‍ കയറി.
53ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ വന്ന പിഴവ് മുതലെടുത്ത് ബെംഗളൂരു സ്‌കോര്‍ 3-1 ആക്കി. ഗോളി ഗോമസ് ബോക്‌സിനകത്ത് നിന്ന ലാല്‍റുവാത്താരയ്ക്കു പാസ് ചെയ്ത പന്ത് കുതിച്ചെത്തിയ തട്ടിയെടുത്ത സില്‍വ ടീമംഗം ഒസ്‌പെത്തിന് പാസ് ചെയ്തു. ഒസ്‌പെത്ത് നല്‍കിയ ക്രോസ് ഓടിക്കയറിയ ഡെല്‍ഗാഡോ വലയ്ക്കുള്ളിലേക്കു പായിക്കുകയായിരുന്നു.

61ാം മിനിറ്റില്‍ ടീമിന്റെ സമനില പ്രതീക്ഷകള്‍ സജീവമാക്കി മുറേയിലൂടെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോള്‍ മടക്കി. സെറ്റ് പീസില്‍ നിന്നായിരുന്നു ഈ ഗോള്‍. പെരേരയുടെ കോര്‍ണര്‍ കിക്കില്‍ ടീമംഗം ഗോമസിന്റെ ഹെഡ്ഡര്‍ മുന്നിലേക്ക് ഓടിക്കയറിയ മുറേ ബൂട്ടിന്റെ അരിക് കൊണ്ട് വലയിലേക്കു പ്ലേസ് ചെയ്തു. എന്നാല്‍ നാലു മിനിറ്റ് കൊണ്ട് ബെംഗളൂരു നാലാം ഗോളും നേടി. നേരത്തേ പെനല്‍റ്റി നഷ്ടപ്പെടുത്തിയതിന് ഛേത്രി ഇത്തവണ പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. വലതു വിങില്‍ നിന്നും ഹര്‍മന്‍ജോത് ഖാബ്ര അളന്നു മുറിച്ചു നല്‍കിയ ക്രോസ് ബോക്‌സിനകത്ത് വച്ച് ഉയര്‍ന്നു ചാടിയ ഛേത്രി കരുത്തുറ്റ ഹെഡ്ഡറിലൂടെ വലയിലെത്തിച്ചപ്പോള്‍ ഗോളിക്കു ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.