
ഇസ്താംബുള്‍ (തുര്‍ക്കി): ഇന്ത്യന്‍ ഫുട്‌ബോളിന് ഇതു സുവര്‍ണ കാലമാണ്. ഉറങ്ങുന്ന ഭീമന്‍മാരെന്നു ഫിഫ വിശേഷിപ്പിച്ച ഇന്ത്യ ലോക ഫുട്‌ബോളിലെ വമ്പന്‍മാരെ വീഴ്ത്തി മുന്നേറുന്നു. നേരത്തേ ഇന്ത്യയുടെ ജൂനിയര്‍ ടീമുകള്‍ ലാറ്റിന്‍ രാജാക്കന്‍മാരായ അര്‍ജന്റീന, ഏഷ്യന്‍ പവര്‍ഹൗസുകളായ ഇറാഖ് എന്നിവരെ അട്ടിമറിച്ച് വിസ്മയം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു അവിസ്മരണീയ വിജയം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഇത്തവണ ആഫ്രിക്കന്‍ പവര്‍ഹൗസുകളായ കാമറൂണിനെയാണ് ഇന്ത്യ കൊമ്പുകുതിച്ചത്.
തുര്‍ക്കിയിലെ ഇസ്താബുളില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ ഇന്ത്യയുടെ അണ്ടര്‍ 16 ടീം കാമറൂണിന്റെ കൗമാര ടീമിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് വീഴ്ത്തിയത്. കളി തുടങ്ങി അര മണിക്കൂര്‍ ആവുമ്പോഴേക്കും രണ്ടു തവണ കാമറൂണിന്റെ വലയില്‍ പന്തെത്തിച്ച് ഇന്ത്യ വിജയമുറപ്പാക്കിയിരുന്നു. ഒന്നാം മിനിറ്റില്‍ തന്നെ ഇന്ത്യ അക്കൗണ്ട് തുറന്നു. റിഡ്‌ഗെ മെല്‍വിനായിരുന്നു സ്‌കോറര്‍.
20ാം മിനിറ്റില്‍ രോഹിത് ദാനു സ്‌കോര്‍ 2-0 ആക്കി ഉയര്‍ത്തി. 2-0ന്റെ ലീഡുമായാണ് ഒന്നാംപകുതിയില്‍ ഇന്ത്യ കളംവിട്ടത്. രണ്ടാംപകുതിയില്‍ കാമറൂണ്‍ ഒരു ഗോള്‍ മടക്കി. 63ാം മിനിറ്റിലായിരുന്നു ഗോള്‍. എങ്കിലും ഇന്ത്യ പതറിയില്ല. 2-1ന്റെ ലീഡ് കാത്തുസൂക്ഷിച്ച് ഇന്ത്യ ജയം വരുതിയിലാക്കുകയായിരുന്നു. കളിയിലുടനീളം ആക്രമണാത്മക ഫുട്‌ബോള്‍ കാഴ്ചവച്ച ഇന്ത്യ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്.