ഷാര്‍ജ: ഏറെ പ്രതീക്ഷകളുമായെത്തിയ ഇന്ത്യ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യറൗണ്ടില്‍ പുറത്തായതിനു പിന്നാലെ പരിശീലകസ്ഥാനത്തു നിന്നു സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് രാജിവച്ചു. തിങ്കളാഴ്ച രാത്രി നടന്ന നിര്‍ണായകമായ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ബഹ്റൈന്‍ ഇന്ത്യയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തുകായയിരുന്നു. സമനിലയോ, ജയമോ പോലും നോക്കൗട്ട്റൗണ്ടിലെത്തിക്കുമെന്ന നിലയിലാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. എന്നാല്‍ അമിത പ്രതിരോധത്തിലൂന്നി കളിച്ചത് ഇന്ത്യക്കു വിനയാവുകയായിരുന്നു. 90ാം മിനിറ്റില്‍ വഴങ്ങിയ പെനല്‍റ്റി ഗോള്‍ ഇന്ത്യയെ അപ്രതീക്ഷിത തോല്‍വിയിലേക്കു തള്ളിയിടുകയായിരുന്നു. ഇതോടെ ഇന്ത്യ ഗ്രൂപ്പില്‍ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു.
ബഹ്റൈനെതിരേ ഇന്ത്യ തോല്‍വിയേറ്റുവാങ്ങി മിനിറ്റുകള്‍ക്കകമാണ് ഇംഗ്ലീഷുകാരനായ കോണ്സ്റ്റന് രാജി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി ഇന്ത്യന്‍ ടീമിനൊപ്പമുണ്ടെന്നും ഏഷ്യന്‍ കപ്പിനു യോഗ്യത നേടുകയായിരുന്നു പ്രധാന ലക്ഷ്യമെന്നും അതിനു കഴിഞ്ഞതായും വിരമിക്കല്‍ പ്രഖ്യാപിക്കവെ കോണ്സ്റ്റന്റൈന് വ്യക്തമാക്കി. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തില്‍ അഭിമാനമുണ്ട്. തനിക്ക് എല്ലാ വിധ പിന്തുണയും നല്കിയ എഐഎഫ്എഫിന്റെ കുശാല്‍ ദാസ്, പ്രഫുല്‍ പട്ടേല്‍, അഭിഷേക് യാദവ് എന്നിവര്‍ക്കു നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2015ലാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി രണ്ടാം തവണയും കോണ്സ്റ്റന്റൈന് നിയമിക്കപ്പെടുന്നത്. നേരത്തേ 2005 മുതല്‍ 08 വരെ ഇന്ത്യയുടെ കോച്ചായിരുന്നു അദ്ദേഹം. കോണ്‍സ്റ്റന്റൈനിന്റെ വരവിന് ശേഷം ഇന്ത്യന്‍ ഫുട്ബോള്‍ ഉയരങ്ങളിലേക്കു കുതിക്കുന്നതാണ് കണ്ടത്. അദ്ദേഹം സ്ഥാനമേല്ക്കുമ്പോള് ഫിഫ റാങ്കിങില്‍ 173ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ കഴിഞ്ഞ വര്‍ഷം 100 റാങ്കിനുള്ളില്‍ ടീമിനെയെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.