കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ നായകനും ഇതിഹാസ താരവുമായ ചുനി ഗോസ്വാമി ഓര്‍മയായി. 82 വയസ്സസായിരുന്നു. കൊല്‍ക്കത്തയില്‍ വച്ചാണ് ഗോസ്വാമി അന്ത്യശ്വാസം വലിച്ചത്. ഭാര്യ ബസന്തി ഗോസ്വാമിയും ഒരു മകനുമുള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ കുടുബം. കഴിഞ്ഞ കുറച്ചു മാസങ്ങളായി അസുഖബാധിതനായിരുന്നു ഗോസ്വാമി. ഇന്നു രാവിലെയോടെയാണ് അദ്ദേഹത്തെ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളായാണ് ഗോസ്വാമി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കരിയറിലുടനീളം ഒരൊറ്റ ക്ലബ്ബിനു വേണ്ടി മാത്രമേ കളിച്ചിട്ടുള്ളൂവെന്നത് അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. 1946ല്‍ എട്ടാം വയസ്സില്‍ മോഹന്‍ ബഗാന്റെ യൂത്ത് ടീമിനൊപ്പം ചേര്‍ന്ന ഗോസ്വാമി പിന്നീടൊരിക്കലും ടീം വിട്ട് പുറത്തുപോയിട്ടില്ല. 1954ല്‍ ക്ലബ്ബിനു വേണ്ടി പ്രൊഫഷണല്‍ അരങ്ങേറ്റം നടത്തിയ അദ്ദേഹം 68 വരെ ബഗാനു വേണ്ടി പന്ത് തട്ടുകയും ചെയ്തു.
1958ലായിരുന്നു ഗോസ്വാമി ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങറിയത്. 64 വരെ ദേശീയ ടീമിനു വേണ്ടി അദ്ദേഹം കളിക്കുകയും ചെയ്തു. 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീം സ്വര്‍ണം കൊയ്ത് ചരിത്രം കുറിച്ചപ്പോള്‍ ടീമിനെ നയിച്ചത് ഗോസ്വാമിയായിരുന്നു. മുന്‍ ടീമംഗവും മറ്റൊരു ഇതിഹാസതാരവുമായ പികെ ബാനര്‍ജി കഴിഞ്ഞ മാസം 20ന് വിടവാങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഗോസ്വാമിയും വിസ്മൃതിയിലേക്കു മറയുന്നത്.