സഗ്രെബ്: ക്രൊയേഷ്യയില്‍ നടന്ന ചതുര്‍രാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ലോക ചാംപ്യന്‍മാരായ ഫ്രാസിന്റെ യുവനിരയോടാണ് ഇന്ത്യ കീഴടങ്ങിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ ജയം. എന്നാല്‍ വന്‍ പരാജയമേറ്റുവാങ്ങി നാണംകെട്ടില്ല എന്നതില്‍ ഇന്ത്യക്കു ആശ്വസിക്കാം. ഇരുപകുതികളിലായാണ് ഇന്ത്യക്കെതിരേ ഫ്രാന്‍സ് നിറയൊഴിച്ചത്.

കളിയുടെ തുടക്കം മുതല്‍ വ്യക്തമായ മുന്‍തൂക്കം നേടാന്‍ ഫ്രാന്‍സിനു കഴിഞ്ഞു. കൂടുതല്‍ സമയവും പന്ത് ഫ്രാന്‍സിന്റെ പക്കലായിരുന്നു. ഇതിനേക്കാള്‍ വലിയ മാര്‍ജിനില്‍ ഫ്രാന്‍സ് ജയിക്കേണ്ടതായിരുന്നു. എന്നാല്‍ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്ലിന്റെ ചില മിന്നുന്ന സേവുകളും പ്രതിരോധനിരയുടെ പ്രകടനവും ഇന്ത്യക്കു തുണയാവുകയായിരുന്നു.
ആതിഥേയരായ ക്രൊയേഷ്യക്കെതിരേയായിരുന്നു ഇന്ത്യയുടെ ആദ്യ മല്‍സരം. ഈ കളിയില്‍ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ കനത്ത പരാജയമാണ് ടീം ഏറ്റുവാങ്ങിയത്. സ്ലൊവേനിയക്കെതിരായ രണ്ടാമത്തെ കളിയില്‍ കുറേക്കൂടി മികച്ചതായിരുന്നു ഇന്ത്യയുടെ പ്രകടനം. കളിയില്‍ സ്ലൊവേനിയയെ ഗോള്‍രഹിത സമനിലയില്‍ ഇന്ത്യ കുരുക്കുമെന്നിരിക്കെയാണ് ഇഞ്ചുറിടൈമില്‍ ഗോള്‍ വഴങ്ങി തോല്‍വിയിലേക്കു വീണത്.