ഇന്ത്യക്കും ഉണ്ട് ലോകകപ്പ് ബന്ധങ്ങള്‍, കേരളത്തിനും
ലോകം, ബ്രസൂക്ക എന്ന പേരിട്ട ഫുട്‌ബോളിലേക്ക് ചുരുങ്ങിയപ്പോള്‍ നൂറ് കോടിയിലേറെ ജനങ്ങളുള്ള ഒരു രാഷ്ട്രം വെറും കാഴ്ചക്കാരായി ടിവിക്ക് മുന്നില്‍ അടയിരിക്കുകയാണ്. നൂറ് കോടിയില്‍ നിന്ന് വെറും 11 ഫുട്‌ബോള്‍ കളിക്കാരെ കണ്ടെത്താന്‍ കഴിയാത്ത രാജ്യം എന്ന് ലോകം ഇന്ത്യയെ ഇപ്പോഴും പഴി പറയുന്നു.
എന്നാല്‍ നമുക്കുമുണ്ട് ചില ലോകകപ്പ് ബന്ധങ്ങള്‍. ആ ബന്ധം ഒരു വേള കേരളം വരെ എത്തിയിട്ടുമുണ്ട്.
1950 ല്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമായിരുന്നു ഇന്ത്യയുടേത്. എന്നാല്‍ ബൂട്ടിട്ട് കളിക്കണം എന്ന നിബന്ധന അംഗീകരിക്കാന്‍ ഇന്ത്യന്‍ ടീം തയ്യാറായില്ല. നഗ്നപാദങ്ങള്‍ കൊണ്ട് കാല്‍പ്പന്ത് കളിച്ചുശീലിച്ചവര്‍ക്ക് ബൂട്ടിട്ടിറങ്ങാന്‍ പറ്റുമോ... എന്തായാലും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് പിന്നീട് ആ യോഗ്യത നേടാന്‍ ആയില്ല....

യോഗ്യത നേടി, കളിക്കാതെ പോയി
1950 ലെ ലോകകപ്പ് മാരക്കാനയിലെ ദുരന്തത്തിന്റെ പേരിലാണ് പലപ്പോഴും ഓര്‍മിക്കപ്പെടാറ്. എന്നാല്‍ ഒരു ഇന്ത്യന്‍ ദുരന്തം കൂടി അന്ന് സംഭവിച്ചു. ആദ്യമായും അവസാനമായും ഇന്ത്യ ലോകകപ്പിന് യോഗ്യത നേടിയത് അന്നായിരുന്നു. പക്ഷേ ബൂട്ട് ധരിച്ച് കളിക്കണം എന്ന നിയമം അംഗീകരിക്കാതെ ഇന്ത്യ പിന്‍മാറി.

ഇന്ത്യന്‍ വംശജന്‍, ഫ്രാന്‍സിന് വേണ്ടി
ഇന്ത്യക്കാര്‍ ആരും പിന്നെ ലോകകപ്പ് കളിച്ചില്ലെങ്കിലും ഒരു ഇന്ത്യന്‍ വംശജന്‍ കളിച്ചിട്ടുണ്ട്. 2006 ലോകകപ്പില്‍ ഫ്രാന്‍സിന് വേണ്ടി ബൂട്ടണിഞ്ഞ വികാസ് ദൊരാസുവായിരുന്നു അത്. അന്ന് ഫ്രാന്‍സ് റണ്ണര്‍ അപ്പ് ആയി. രണ്ട് കളികളില്‍ വികാസ് ഗ്രൗണ്ടിലിറങ്ങി.

ഇന്ത്യന്‍ റഫറി
കളിക്കാനിറങ്ങിയില്ലെങ്കിലും കളി നിയന്ത്രിക്കാന്‍ ഇന്ത്യക്കാരന്‍ ഇറങ്ങിയിട്ടുണ്ട്. 2002 ലെ ലോകകപ്പിലായിരുന്നു അത്. കോമളേശ്വരന്‍ ശങ്കര്‍ എന്ന ഇന്ത്യന്‍ റഫറി അന്ന് മൂന്ന് ഗ്രൂപ്പ് മത്സരങ്ങളില്‍ അസിസ്റ്റന്റ് റഫറിയായി.

മാച്ച് കമ്മീഷണര്‍
പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയെ അറിയില്ലേ... നമ്മുടെ മുന്‍ കേന്ദ്രമന്ത്രി. മുന്‍ഷിക്കും ഉണ്ട് ലോകകപ്പ് ബന്ധം. 2006 ലെ ലോകകപ്പില്‍ രണ്ട് മത്സരങ്ങളുടെ മാച്ച് കമ്മീഷണര്‍ അദ്ദേഹമായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‌റെ പ്രസിഡന്റ് എന്ന നിലക്കായിരുന്നു ഇത്.

സത്യം... മഹീന്ദ്ര സത്യം
കഴിഞ്ഞതവണ ലോകകപ്പ് ആഫ്രിക്കയിലെത്തിയപ്പോള്‍ സാങ്കേതിക രംഗത്തായിരുന്നു ഇന്ത്യന്‍ സാന്നിധ്യം. മഹീന്ദം സത്യം കമ്പ്യൂട്ടേഴ്‌സ് ആയിരുന്നു ലോകകപ്പിന്റെ ഔദ്യോഗിക ഐടി സേവന ദാതാക്കള്‍.

കുപ്പായ മഹിമ
ആഫ്രിക്കയില്‍ നടന്ന ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ പോലും ഇന്ത്യന്‍ സാന്നിധ്യം ഉണ്ടായിരുന്നു. ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഗാനമാലപിച്ച ഫെര്‍ജിയുടെ കുപ്പായം ഡിസൈന്‍ ചെയ്തത് രണ്ട് ഇന്ത്യക്കാരായിരുന്നു. ഷെയ്‌നും ഫാല്‍ഗുനി പീക്കോക്കും.

പാട്ടിലുമുണ്ട് ബന്ധം.
ആഫ്രിക്കയില്‍ നടന്ന ലോകകപ്പിലായിരുന്നു ഇന്ത്യുടെ സാന്നിധ്യം ഏറെയുണ്ടായിരുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ ഗാനമാലപിച്ചവരുടെ കൂട്ടത്തില്‍ രണ്ട് ഇന്ത്യക്കാരും ഉണ്ടായിരുന്നു. സലീമും സുലൈമാന്‍ മര്‍ച്ചന്റും.

ജബുലാനി
കഴിഞ്ഞ ലോകകപ്പിലെ പന്തായിരുന്ന ദബുലാനി. ആ പന്തും ഇന്ത്യയും തമ്മിലെന്ത് ബന്ധം? ജബുലാനിയുടെ ലാറ്റക്‌സ് ബ്ലാഡര്‍ നിര്‍മിച്ചത് ദില്ലിയില്‍ നിന്നുള്ള എന്‍കെ ഇന്ത്യ റബ്ബര്‍ കമ്പനിയായിരുന്നു.

ജബുലാനിയിലെ കേരളം
ജബുലാനിക്ക് കേരളവുമായും ബന്ധമുണ്ട്. ലാറ്റക്‌സ് ബ്ലാഡര്‍ നിര്‍മിക്കാനാവശ്യമായ റബ്ബര്‍ ലാറ്റക്‌സ് കേരളത്തില്‍ നിന്നായിരുന്നു കൊണ്ടുപോയത്.

ഇന്ത്യയില്‍ കളിച്ച്, ലോകകപ്പിലേക്ക്
ഇന്ത്യയില്‍ കളിച്ചതിന് ശേഷം ലോകകപ്പ് കളിച്ച താരങ്ങളും ഉണ്ട്. നൈജീരിയന്‍ താരം എമേക എസ്യൂഗോ ആണത്. ഈസ്റ്റ് ബംഗാളിനും മുഹമ്മദന്‍സിനും വേണ്ടി കളിച്ചിരുന്ന ആളായിരുന്നു എസ്യൂഗോ. 1994 ലോകകപ്പിലാണ് എസ്യൂഗോ നൈജീരിയക്ക് വേണ്ടി ബൂട്ടണിഞ്ഞത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications