ദില്ലി: സാഫ് ഫുട്ബോളില്‍ ഏറ്റ പരാജയത്തിന് പിറകെ ഇന്ത്യന്‍ ഫുട്ബോളിന് മറ്റൊരു തിരിച്ചടികൂടി. ഫിഫ അന്താരാഷ്ട്ര റാങ്കിങില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും കൂപ്പുകുത്തി.
കഴിഞ്ഞ തവണ ഫിഫ റാങ്കിങ് പ്രസിദ്ധീകരിച്ചപ്പോള്‍ ഇന്ത്യയുടെ സ്ഥാനം 145 ആയിരുന്നു. ഇത്തവണ അത് 155 ആയി താഴ്ന്നു.
സാഫ് ഫുട്ബോളില്‍ ഹാട്രിക് കിരീടം എന്ന സ്വപ്നവുമായി ഇറങ്ങിയ ഇന്ത്യയെ 2-0 നാണ് അഫ്ഗാനിസ്താന് തറപറ്റിച്ചത്. ഇതോടെ അഫ്ഗാനിസ്താന്റെ റേറ്റിങ് ഉയരുകയും ചെയ്തു. 139-ാം സ്ഥാനത്ത് നിന്നിരുന്ന അഫ്ഗാനിസ്താന് പുതിയ റാങ്കിങില്‍ 132-ാം സ്ഥാനത്താണ്.
നിലവിലെ ലോക ചാമ്പ്യന്മാരായ സ്പെയിന് ആണ് റാങ്കിങില്‍ ഇത്തവണയും ഒന്നാം സ്ഥാനത്തുള്ളത്. അര്‍ജന്റീന തങ്ങളുടെ നില മെച്ചപ്പെടുത്തി റാങ്കിങില്‍ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. ജര്‍മനിയാണ് മൂന്നാം സ്ഥാനത്ത്. റാങ്കിങ് പട്ടികയില്‍ ഇറ്റലിയാണ് നാലാം സ്ഥാനത്തുള്ളത്. കൊളംബിയയാണ് അഞ്ചാം സ്ഥാനത്ത്.
ലോക ഫുട്ബോള്‍ പ്രേമികളുടെ ആവേശ ടീം ആയ ബ്രസീല്‍ ഉറുഗ്വേക്ക് താഴെ എട്ടാം സ്ഥാനത്ത് മാത്രമാണുള്ളത്. പട്ടികയിലെ ആദ്യ മുപ്പത് സ്ഥാനങ്ങളില്‍ ഏഷ്യയില്‍ നിന്ന് ഒറ്റ രാഷ്ട്രം പോലും ഇല്ല. ഓരോ മാസവും ടീമുകളുടെ പ്രകടനം നോക്കിയാണ് ഫിഫ റാങ്കിങ് പട്ടിക തയ്യാറാക്കുന്നത്.