ദുഷന്‍ബെ: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ഇഞ്ചുറിടൈം ഗോളില്‍ ഇന്ത്യ തോല്‍വിയില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു. റാങ്കിങില്‍ തങ്ങളേക്കാള്‍ പിറകിലുള്ള അഫ്ഗാനിസ്താനെതിരേയാണ് ഇന്ത്യ പരാജയത്തിന് തൊട്ടരികില്‍ നിന്ന് 1-1ന്റെ സമനില പിടിച്ചുവാങ്ങിയത്. പകരക്കാരനായി ഇറങ്ങിയ സെയ്മിന്‍ലെന്‍ ഡുംഗെലിന്റെ ഹെഡ്ഡര്‍ ഗോള്‍ ഇന്ത്യയെ നാണക്കേടില്‍ നിന്നു രക്ഷിക്കുകയായിരുന്നു. വലതു മൂലയില്‍ നിന്നുള്ള ബ്രെന്‍ഡന്റെ കോര്‍ണര്‍ കിക്ക് ഡുംഗെല്‍ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെയാണ് ഡുംഗെല്‍ വലയ്ക്കുള്ളിലാക്കിയത്. ബംഗ്ലാദേശിനെതിരേയുള്ള തൊട്ടുമുമ്പത്തെ കളിയിലും ഇന്ത്യ ഇഞ്ചുറിടൈമില്‍ സമനില ഗോള്‍ കണ്ടെത്തിയിരുന്നു. യോഗ്യതാ റൗണ്ടില്‍ നാലാമത്തെ മല്‍സരത്തിലാണ് ഇന്ത്യക്കു ജയിക്കാനാവാതെ പോയത്. മൂന്നു സമനിലകളും ഒരു തോല്‍വിയുമാണ് ഇന്ത്യയുടെ സമ്പാദ്യം.

ആദ്യപകുതി അവസാനിക്കുമ്പോള്‍ അഫ്ഗാന്‍ 1-0ന് മുന്നിലായിരുന്നു. ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ സെല്‍ഫഗര്‍ നസാറിയുടെ വകയായിരുന്നു അഫ്ഗാന്റെ ഗോള്‍. താജിക്കിസ്താനിലെ റിപ്പബ്ലിക്കന്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഇരുടീമുകളും അറ്റാക്കിങ് ഫുട്‌ബോളാണ് കെട്ടഴിച്ചത്. ഇന്ത്യക്കു ആദ്യ ഗോള്‍ ഷോട്ടിനായി 27ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. മലയാളി താരം ആഷിഖ് കുരുണിയന്റെ വകയായിരുന്നു ഷോട്ട്. ബോക്‌സിന് തൊട്ടരികില്‍ നിന്നും ആഷിഖ് തൊടുത്ത ഇടംകാല്‍ ഷോട്ട് ക്രോസ് ബാറിന് തൊട്ടുമുകളിലൂടെ പുറത്തേക്കു പറക്കുകയായിരുന്നു.
ഒന്നാം പകുതി ഗോള്‍രഹിതമായി കലാശിക്കുമെന്നിരിക്കെയായിരുന്നു അഫ്ഗാന്റെ അപ്രതീക്ഷിത ഗോള്‍. വലതു വിങിലൂടെയുള്ള മിന്നല്‍ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ഡേവിഡ് നജെം വലതു വിങിലൂടെ പറന്നെത്തി ബോക്‌സിനു കുറുകെ നല്‍കിയ ചാട്ടുളി കണക്കെയുള്ള ക്രോസ് ക്ലിയര്‍ ചെയ്യാനാവാതെ ഇന്ത്യന്‍ പ്രതിരോധനിര ശങ്കിച്ചു നിന്നപ്പോള്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നസാറി കണ്ണടച്ചു തുറക്കും വേഗത്തില്‍ വലയിലേക്ക് പന്ത് അടിച്ചു കയറ്റുകയായിരുന്നു.
രണ്ടാംപകുതി ആദ്യപകുതിയേക്കാള്‍ ആവേശകരമായിരുന്നു. സമനില ഗോളിനായി ഇന്ത്യയും ലീഡുയര്‍ത്താന്‍ അഫ്ഗാനും നിരവധി മുന്നേറ്റങ്ങളാണ് നടത്തിയത്. 66ാം മിനിറ്റില്‍ ക്രോസ് ബാര്‍ രക്ഷയ്‌ക്കെത്തിയില്ലായിരുന്നെങ്കില്‍ ഇന്ത്യ രണ്ടാം ഗോളും വഴങ്ങുമായിരുന്നു. ബോക്‌സിന് തൊട്ടരികില്‍ നിന്ന് അമീറി തൊടുത്ത ലോങ്‌റേഞ്ച് ഗോളി ഗുര്‍പ്രീതിനെ മറികടന്നെങ്കിലും ക്രോസ് ബാറില്‍ ഇടിച്ച് പുറത്തേക്കു തെറിക്കുകയായിരുന്നു.
രണ്ടു മിനിറ്റിനകം ഇന്ത്യയെ ഒപ്പമെത്തിക്കാനുള്ള സുവര്‍ണാവസരം നായകന്‍ സുനില്‍ ഛേത്രി നഷ്ടപ്പെടുത്തി. ബ്രെന്‍ഡന്റെ ഇടതു മൂലയില്‍ നിന്നുള്ള കോര്‍ണര്‍ കിക്ക് ബോക്‌സില്‍ താഴ്ന്നിറങ്ങിയത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഛേത്രിക്കു മുന്നില്‍. ഗോളി പോലുമില്ലാത്ത ഒഴിഞ്ഞ വലയിലേക്ക് പന്തെത്തിക്കാന്‍ ഛേത്രിക്കായില്ല. താരത്തിന്റെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ ക്രോസ് ബാറിന് തൊട്ടുമുകളില്‍ കൂടി പുറത്തുപോയി.

രണ്ടു മലയാളി താരങ്ങള്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹല്‍ അബ്ദുള്‍ സമദും ബെംഗളൂരു എഫ്‌സിയുടെ ആഷിഖ് കുരുണിയനുമാണ് പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചത്. മാതാവിന്റെ മരണത്തെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങേണ്ടി വന്നതിനാല്‍ മലയാളി ഡിഫന്‍ഡര്‍ അനസ് എടത്തൊടികയുടെ സേവനം ഇന്ത്യക്കു ലഭിച്ചില്ല.