Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ 'കറുത്ത മുത്ത്', ഐഎം വിജയനെന്ന പോരാളി

കൊച്ചി: കേരളത്തിന്റെ നാട്ടിന്‍പുറത്തുനിന്ന് ഇന്ത്യന്‍ ഫുട്‌ബോളിന്റെ എല്ലാം എല്ലാം ആയി മാറിയ ഐഎം വിജയനെന്ന പോരാളിയുടെ ജീവിതം ഏവര്‍ക്കും അഭിമാനം മാത്രമല്ല പ്രചോദനം കൂടിയാണ്. ഇല്ലായ്മകള്‍ക്കുള്ളില്‍ തന്റെ കഴിവിനെ തളച്ചിടാതെ പ്രതിസന്ധികളെ കാല്‍പ്പന്ത് മികവിലൂടെ മറികടന്ന് വളര്‍ന്ന വിജയന്‍ ഇന്ത്യയുടെ അഭിമാന കായിക താരമാണ്. 1969 ഏപ്രില്‍ 25ന് തൃശൂരില്‍ ജനിച്ച വിജയന്റെ ചെറുപ്പം കടുത്ത ദാരിദ്ര്യം നിറഞ്ഞതായിരുന്നു. തൃശൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ സോഡാ വില്‍ക്കുന്ന ജോലിയിലൂടെ തുടങ്ങിയ വിജയന്‍ പ്രതിസന്ധികള്‍ക്കിടയിലും ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ത്തു.

1

1987ല്‍ കേരള പോലീസിനുവേണ്ടി ബൂട്ടണിഞ്ഞതോടെ വിജയനെന്ന പ്രതിഭയെ രാജ്യം തിരിച്ചറിയുകയായിരുന്നു. 1991വരെ കേരള പോലീസിനുവേണ്ടി കളിച്ച വിജയന്‍ 33 ഗോളും അടിച്ചെടുത്തു. 1989ല്‍ ദേശീയ ടീമിലേക്ക് വിജയന് വിളിയെത്തി. ബെയ്ചൂങ് ബൂട്ടിയക്കൊപ്പം മുന്നേറ്റ നിരയില്‍ വിജയന്‍ എടുത്ത ഓരോ കിക്കുകളും ആരാധകരുടെ ഹൃദയത്തിലേക്കാണ് പതിച്ചത്. 2004വരെ ഇന്ത്യക്കുവേണ്ടി കളിച്ച വിജയന്‍ 79 മത്സരത്തില്‍ നിന്ന് 40 ഗോളും സ്വന്തമാക്കി. 2000-2004വരെ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു വിജയന്‍. ക്ലബ്ബുകളില്‍ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. 1991-92 സീസണില്‍ മോഹന്‍ ബഗാനുവേണ്ടി പന്തുതട്ടിയ വിജയന്‍ 27 ഗോളാണ് അടിച്ചെടുത്തത്.

2

തൊട്ടടുത്ത സീസണില്‍ കേരള പോലീസിനുവേണ്ടിവേണ്ടി ബൂട്ടണിഞ്ഞ അദ്ദേഹം 30 ഗോളും നേടി. 1993-94 സീസണില്‍ വീണ്ടും മോഹന്‍ ബഗാനുവേണ്ടി കളിച്ച വിജയന്‍ 55 മത്സരത്തില്‍ നിന്ന് 18 ഗോളാണ് നേടിയത്. 1997-98 സീസണില്‍ എഫ്‌സി കൊച്ചിനുവേണ്ടി കളിച്ച അദ്ദേഹം തൊട്ടടുത്ത സീസണില്‍ വീണ്ടും മോഹന്‍ ബഗാനുവേണ്ടി കളിച്ചു. 2001-2002 സീസണില്‍ ഈസ്റ്റ് ബംഗാളിനുവേണ്ടി കളിച്ച് 18 മത്സരത്തില്‍ നിന്ന് 19 ഗോള്‍ നേടി. 2002-2004വരെ ജെസിറ്റിക്കുവേണ്ടി കളിച്ച അദ്ദേഹം 2005-2006 സീസണില്‍ ഈസ്റ്റ് ബംഗാളിനുവേണ്ടി കളിച്ച് ക്ലബ്ബ് കരിയര്‍ അവസാനിപ്പിക്കുകയായിരുന്നു.

3

മുന്നേറ്റ നിരയില്‍ ഇന്ത്യയുടെ കരുത്തുറ്റ താരം തന്നെയായിരുന്നു വിജയന്‍.1999ലെ സാഫ് ഗെയിംസില്‍ ഭൂട്ടാനെതിരേ 12 സെക്കന്റുകൊണ്ട് വലകുലുക്കി വേഗമേറിയ അന്താരാഷ്ട്ര ഗോളെന്ന റെക്കോഡിനൊപ്പമെത്താന്‍ വിജയന് സാധിച്ചിരുന്നു. വിജയന്റെ മികവുകണ്ട് അദ്ദേഹത്തെ തായ്‌ലന്‍ഡ്,മലേഷ്യന്‍ ക്ലബ്ബുകള്‍ ക്ഷണിച്ചിരുന്നെങ്കിലും ഇന്ത്യയില്‍ത്തന്നെ തുടരാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. വിരമിച്ച ശേഷവും ഫുട്‌ബോള്‍ മൈതാനങ്ങളില്‍ സാന്നിധ്യംകൊണ്ട് സജീവമാണ് വിജയന്‍.

4

തൃശൂരില്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിച്ച് യുവതാരങ്ങള്‍ക്ക് വളര്‍ത്തുന്നതിനും അദ്ദേഹം അവസരം ഒരുക്കി. 1993,1997,1999 സീസണുകളില്‍ എഐഎഫ്എഫിന്റെ പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ വിജയനെ 2003ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കിയും ആദരിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ ജീവിതത്തിനിടയില്‍ സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ച വിജയന്‍ തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളില്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. 51കാരനായ വിജയന്‍ ഇനിയും ഫുട്‌ബോള്‍ കളങ്ങളില്‍ യുവതാരങ്ങള്‍ക്ക് പ്രചോദനമായി തുടരുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം.

Story first published: Saturday, August 1, 2020, 13:48 [IST]
Other articles published on Aug 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+