Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിമര്‍ശനങ്ങള്‍ക്ക് കാതുകൊടുക്കില്ല, ടീം ഒറ്റക്കെട്ട്; മനസ് തുറന്ന് നോഹ സദോയി

കൊച്ചി: കേരള ഫുട്‌ബോളിന്റെ പ്രതീക്ഷയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ്. മഞ്ഞക്കുപ്പായത്തില്‍ കേരളത്തിന്റെ ഫുട്‌ബോള്‍ മോഹങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന കൊമ്പന്മാര്‍ എന്നും ആരാധകര്‍ക്ക് വലിയ ആവേശമാണ്. തകര്‍ന്നടിയുമ്പോഴും നെഞ്ചേറ്റുന്ന വലിയ ആരാധക കൂട്ടായ്മ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വകാര്യ അഹങ്കാരമാണ്. ഇതുവരെ കപ്പിലേക്കെത്താനാവാത്ത നിരയാണെങ്കിലും ആരാധകരുടെ ഹൃദയം തൊട്ടറിയാന്‍ ബ്ലാസ്റ്റേഴ്‌സിന് എല്ലാ കാലത്തും സാധിച്ചിട്ടുണ്ട്. പല സീസണുകളിലും ആരാധകരെ വളരെയധികം സ്വാധീനിച്ച ചില താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തില്‍ എത്തിയിട്ടുണ്ട്.

ഇതില്‍ താരങ്ങളും പരിശീലകരുമുണ്ട്. ഇയാന്‍ ഹ്യൂമും കോപ്പലാശാനും അഡ്രിയാന്‍ ലൂണയുമെല്ലാം ഇത്തരത്തില്‍ മഞ്ഞക്കുപ്പായത്തില്‍ ആരാധക ഹൃദയത്തില്‍ ഇടം നേടിയവരാണ്. ഇവരോടൊപ്പം ആരാധകര്‍ നെഞ്ചേറ്റിയ താരങ്ങളിലൊരാളാണ് യുവതാരമായ നോഹ സദോയി. മൊറോക്കോയില്‍ നിന്ന് മേജര്‍ ലീഗ് സോക്കറിലേക്കും എഫ്‌സി ഗോവയില്‍ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിലേക്കുമെത്തിയ നോഹ ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പ്രതീക്ഷയായി മാറിയിരിക്കുകയാണ്.

കളത്തിനുള്ളിലെ കലിപ്പനായ താരമാണെങ്കിലും ടീമിന്റെ വിജയത്തിനായി പൂര്‍ണ്ണമായും അര്‍പ്പിക്കുന്ന കളിക്കാരനാണ് നോഹ. ഒരു സീസണ്‍കൊണ്ടുതന്നെ ആരാധകര്‍ നെഞ്ചേറ്റുന്ന താരമായി മാറാന്‍ നോഹക്കായി. ഇപ്പോഴിതാ ടീമിനൊപ്പമുള്ള പുതിയ പ്രതീക്ഷകള്‍ മൈഖേലുമായി പങ്കുവെക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സിലെ സൂപ്പര്‍ താരം.

പ്രയാസത്തിന്റെ ആദ്യ സീസണ്‍

കേരള ബ്ലാസ്റ്റേഴ്‌സ് വലിയ ആരാധക പിന്തുണയുള്ള ടീമാണ്. അതുകൊണ്ടുതന്നെ മറ്റ് ടീമുകളില്‍ കളിച്ചിരുന്നപ്പോള്‍ ഉണ്ടായ അനുഭവങ്ങളെക്കാള്‍ വ്യത്യസ്തമാണ് ബ്ലാസ്‌റ്റേഴ്‌സിലുള്ളത്. അതുകൊണ്ടുതന്നെ അരങ്ങേറ്റ സീസണ്‍ കടുപ്പമായിരുന്നുവെന്നാണ് നോഹ സദോയി തുറന്ന് പറയുന്നത്. 'എപ്പോഴും മികച്ച പ്രകടനം നടത്താനാവുമെന്ന ആത്മവിശ്വാസത്തോടെയാണ് ഞാന്‍ കളിക്കാന്‍ ഇറങ്ങാറുള്ളത്. എന്നാല്‍ സീസണിന് മുമ്പ് പരിക്കേറ്റത് തിരിച്ചടിയായി. ടീമിലേക്ക് മടങ്ങിയെത്തിയ ശേഷം താളം കണ്ടെത്താന്‍ വല്ലാതെ പ്രയാസപ്പെട്ടു. ഈ സീസണില്‍ ടീമിന്റെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു.

എന്നാല്‍ വളരെ പോസിറ്റീവായി ചിന്തിച്ച് മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്ന താരമാണ് ഞാന്‍' നോഹ പറഞ്ഞു. ഇക്കഴിഞ്ഞ കലിംഗ സൂപ്പര്‍ കപ്പില്‍ ഈസ്റ്റ് ബംഗാളിനെതിരേ നോഹ നേടിയ ഗോള്‍ എടുത്തു പറയേണ്ടതായിരുന്നു. താരത്തിന്റെ മികവ് എടുത്തുകാട്ടുന്ന ഗോളായിരുന്നു ഇതെന്ന് പറയാം. ഇതിനെക്കുറിച്ചും നോഹ പറഞ്ഞു. 'ഫുട്‌ബോള്‍ കരിയറില്‍ ഉയര്‍ച്ചയും താഴ്ച്ചയുമുണ്ടാവും. ഇത് സ്വാഭാവികം മാത്രമാണ്. ഇത് അംഗീകരിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്' നോഹ പറഞ്ഞു.

പുതിയ പരിശീലകന് കീഴില്‍ ഒത്തൊരുമയോടെ കളിക്കുന്നു

ഇത്തവണ പുതിയ പരിശീലകന് കീഴിലാണ് ബ്ലാസ്റ്റേഴ്‌സ് പടയൊരുക്കം നടത്തുന്നത്. ഡേവിഡ് കാറ്റലയെന്ന പരിശീലകനൊപ്പം ബ്ലാസ്റ്റേഴ്‌സ് പുതിയ നേട്ടങ്ങള്‍ സ്വപ്‌നം കാണുകയാണ്. ബ്ലാസ്റ്റേഴ്‌സിന് ടീമെന്ന നിലയില്‍ ഒത്തൊരുമയോടെ കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇനി അതിന് സാധിക്കുമെന്നാണ് നോഹ പറയുന്നത്. 'ടീമെന്ന നിലയില്‍ മികവ് കാട്ടാനാവാത്തതാണ് ഞങ്ങളുടെ വലിയ പ്രശ്‌നം. പുതിയ പരിശീലകന്‍ ഒത്തൊരുമയോടെ ഞങ്ങളെ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.

noah sadaoui

കലിംഗ സൂപ്പര്‍ കപ്പിലെ തോല്‍വിയെ വലിയ നിരാശയായി കാണുന്നില്ല. കാരണം അവര്‍ക്ക് രണ്ട് കിരീടങ്ങളുണ്ട്. അതിന്റെ ആത്മവിശ്വാസം അവര്‍ക്കുണ്ട്. എന്നാല്‍ ഞങ്ങളും വലിയ ക്ലബ്ബാണ്. കഴിഞ്ഞ മത്സരങ്ങളിലെ പോസിറ്റീവുകള്‍ ഉള്‍ക്കൊണ്ട് പിഴവുകള്‍ മനസിലാക്കി മുന്നോട്ട് പോകാന്‍ സാധിക്കണം. ഇത് മുന്നൊരുക്കത്തിനുള്ള സമയമായാണ് കാണുന്നത്' നോഹ പറഞ്ഞു.

ഫോര്‍വേഡായി ഒതുങ്ങാന്‍ ആഗ്രഹിക്കുന്നില്ല

പല സമയത്തും അവസാന സമയത്ത് കളത്തിലെത്തി ഇംപാക്ട് സൃഷ്ടിക്കുന്ന ഫോര്‍വേഡ് എന്ന നിലയിലാണ് നോഹയെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഫോര്‍വേഡായി മാത്രം ഒതുങ്ങാന്‍ ആഗ്രഹമില്ലെന്നാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്. 'എനിക്ക് കൂടുതല്‍ ഇഷ്ടം ഇടത് വശത്തെ റോളാണ്. എന്നാല്‍ ഈ സീസണില്‍ വലത് വശത്ത് ഞാന്‍ കളിച്ചു. സ്‌ട്രൈക്കറായും രണ്ടാം സ്‌ട്രൈക്കറായും ഫോര്‍വേഡിന് പിന്നിലായും കളിക്കുന്നു. യുവതാരങ്ങളോട് കൂടുതല്‍ സംസാരിച്ച് മികച്ച ധാരണയുണ്ടാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. പ്രതിഭ മാത്രം പോരാ കഷ്ടപ്പാടും മുന്നേറാന്‍ ആവശ്യമാണെന്ന് ഞാന്‍ അവരോട് പറയാറുണ്ട്' നോഹ പറഞ്ഞു.

ആരാധകരുടെ വികാരം മനസിലാക്കുന്നു

കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ ആരാധക പിന്തുണ ലഭിക്കുമ്പോഴും കപ്പടിച്ച് മറുപടി നല്‍കാന്‍ അവര്‍ക്കാവുന്നില്ല. അതുകൊണ്ടുതന്നെ ആരാധകരുടെ വികാരത്തെ മാനിക്കുന്നുവെന്നാണ് നോഹ പറയുന്നത്. ' ആരാധകരുടെ നിരാശ എനിക്ക് മനസിലാവും. ഞങ്ങളെ പിന്തുണക്കാന്‍ അവര്‍ ഒരുപാട് കാര്യങ്ങള്‍ ത്വജിക്കുന്നുണ്ട്. മികച്ച ഫലം ഉണ്ടാവാതെ വരുമ്പോള്‍ അവര്‍ക്ക് സ്വാഭാവികമായും നിരാശയുണ്ടാവും. എന്നാല്‍ ഒരിക്കലും തോല്‍ക്കണമെന്ന ആഗ്രഹത്തോടെയല്ല ഞങ്ങള്‍ കളിക്കുന്നത്. ഈ ടീമില്‍ വിശ്വാസമുണ്ട്. നമ്മള്‍ക്ക് കപ്പ് നേടാനാവും' നോഹ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, April 28, 2025, 17:02 [IST]
Other articles published on Apr 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+